കണ്ണീരിൽ വറ്റില്ല
അതിജീവനത്തിന്റെ രുചി

സി അനുരാജും ഭാര്യയും വാഹനത്തിൽ ബിരിയാണി വിൽക്കുന്നു
സുരേഷ് മടിക്കൈ
Published on Jun 29, 2026, 02:40 AM | 1 min read
കരിന്തളം
രോഗാവസ്ഥയുടെ കാഠിന്യത്തിലും അധ്വാനിച്ച് ജീവിക്കാൻ പോരാടുന്ന അനുരാജ് എന്ന നൽപ്പത്തിയേഴുകാരൻ റോഡരികിൽ വിൽക്കുന്ന ബിരിയാണിക്ക് അതിജീവനത്തിന്റെ ഗന്ധമുണ്ട്. ഗുരുതര വൃക്കരോഗം ബാധിച്ച് 7 വർഷമായി ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസിന് വിധേയനാകുമ്പോഴും വിധിക്ക് കീഴടങ്ങാൻ ഇദ്ദേഹം തയ്യാറല്ല. ജീവിതമാർഗത്തിനായി റോഡരികിൽ വാഹനത്തിൽ ബിരിയാണി വിറ്റാണ് ഈ കുടുംബം ജീവിക്കുന്നത്. ഗുരുതരമായ വൃക്കരോഗമാണ് ഇദ്ദേഹത്തെ വേട്ടയാടുന്നത്. ആഴ്ചയിൽ മൂന്ന് ഡയാലിസിസ് എന്നത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ തളർത്തുമ്പോഴും ജീവിതം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് ചോയ്യംങ്കോട് കൂവാറ്റിയിലെ സി അനുരാജ്. എന്നാൽ, ആ രോഗാവസ്ഥയിലും ആത്മാഭിമാനം പണയം വെക്കാൻ ഇദ്ദേഹം ഒരുക്കമല്ല. ചികിത്സാച്ചെലവുകൾക്കും കുടുംബം പുലർത്തുന്നതിനുമായി ആരോടും സഹായം ചോദിക്കാതെ സ്വന്തമായി ഉണ്ടാക്കിയ ബിരിയാണി വാഹനത്തിൽ എത്തിച്ച് റോഡരികിൽ വിൽക്കുകയാണ് ചെയ്യുന്നത്. താങ്ങും തണലുമായി ഭാര്യ ത്രേസ്യയുമുണ്ട്. ശാരീരികമായി ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അധ്വാനിച്ച് ജീവിക്കുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തി വലുതാണെന്ന് അനുരാജ് പറയുന്നു. അതീജീവനത്തിന് കൈത്താങ്ങാവാൻ നിരവധിപേർ ബിരിയാണി വാങ്ങാനെത്തുന്നുണ്ട്. ശരീരം അനുവദിക്കുന്ന കാലത്തോളം അധ്വാനിച്ച് ജീവിക്കാൻതന്നെയാണ് ഇൗ യുവാവിന്റെ തീരുമാനം. ഫർണിച്ചർ ജോലിചെയ്തിരുന്ന അനുരാജിന് 10 വർഷം മുമ്പാണ് വൃക്കരോഗം പിടിപെട്ടത്. ശേഷം ആ ജോലിക്ക് പോകാൻ കഴിഞ്ഞിട്ടില്ല. പിന്നീട് ഹോട്ടൽ ബിസിനസിലേക്ക് തിരിഞ്ഞെങ്കിലും ആഴ്ചയിലെ മൂന്ന് ഡയാലിസിസ് അതിനും തടസ്സമായി. പിന്നീട് അറിയുന്ന തൊഴിലെന്ന നിലയിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒട്ടുമിക്ക ഉത്സവ സ്ഥലങ്ങളിലും പലഹാരങ്ങളും മറ്റ് ഭക്ഷണവും വിറ്റാണ് ജീവീതം മുന്നോട്ടുകൊണ്ടുപോകുന്നത്. സീസൺ അല്ലാത്തതിനാലാണ് വാഹനത്തിൽ ബിരിയാണി വിൽക്കുക എന്ന ആശയത്തിലെത്തിയത്. വീട്ടിൽനിന്നും ഉണ്ടാക്കുന്ന ബിരിയാണി ആവശ്യക്കാരുടെ മുന്നിൽവച്ച് തന്നെയാണ് പായ്ക്കചെയ്തു കൊടുക്കുന്നത്. സ്വന്തമായി ഉണ്ടാക്കുന്നതിനാൽ 100 രൂപയ്ക്കാണ് നൽകുന്നത്. പ്ലസ്ടു പഠനം കഴിഞ്ഞ അലൻ ജീസനും, പ്ലസ്ടു വിദ്യാർഥിനി ആൻ മരിയയുമാണ് മക്കൾ. ഫോൺ: 9847794479.











0 comments