ad
Deshabhimani

കഞ്ചാവുമായി പിടിയിലായവരിൽ 
ആർഎസ്‌എസുകാരനായ കൊലക്കേസ് പ്രതിയും

 കഞ്ചാവു കടത്തിയതിന് പിടിയിലായ പ്രതികളുമായി കൂത്തുപറമ്പ് പൊലീസ് (വൃത്തത്തിൽ അടയാളപ്പെടുത്തിയത് സ്വരൂപ് )

കഞ്ചാവു കടത്തിയതിന് പിടിയിലായ പ്രതികളുമായി കൂത്തുപറമ്പ് പൊലീസ് (വൃത്തത്തിൽ അടയാളപ്പെടുത്തിയത് സ്വരൂപ് )

വെബ് ഡെസ്ക്

Published on Jun 29, 2026, 02:38 AM | 1 min read

കൂത്തുപറമ്പ്

കൂത്തുപറമ്പ് പൊലീസ്‌ വാഹന പരിശോധനക്കിടെ 33.28223 കിലോഗ്രാം കഞ്ചാവുമായി പിടിയിലായവരിൽ ആർഎസ്‌എസ്സുകാരനായ കൊലക്കേസ്‌ പ്രതിയും. 2008- ൽ അഴ‍ീക്കോട്‌ മീൻകുന്നിൽ സിപിഐ എം പ്രവർത്തകൻ എം ധനേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പാലക്കാട് വെള്ളിനേഴി തിരുനാരായണപുരം സ്വദേശി എം പി സ്വരൂപ് (39) ആണ്‌ പിടിയിലായത്‌. കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് ഇയാളുടെ വിചാരണ നടന്നിരുന്നില്ല. എംഡിഎംഎ കടത്തിയ കേസിൽ ജയിൽവാസം അനുഭവിച്ച സ്വരൂപ് കഴിഞ്ഞ മാസമാണ് മോചിതനായത്. കവർച്ച ഉൾപ്പെടെയുള്ള വിവിധ കേസുകളിലും ഇയാൾ പ്രതിയാണെന്നും കാപ്പ നിയമപ്രകാരം നടപടികൾ നേരിട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സ്വദേശം കണ്ണൂരാണെങ്കിലും ഇയാൾ നിലവിൽ പാലക്കാടാണ് താമസം. നീർവേലിയിൽ ശനിയാഴ്ച രാത്രിയാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി സവിത് കുമാർ (42), കണ്ണൂർ ചിറയ്ക്കൽ കിരിയാട് താഴെ വയലിലെ ടി പി ഹൗസിൽ ടി പി ഷഫീഖ് (35) എന്നിവരും പിടിയിലായി. ഒഡിഷയിൽനിന്നാണ്‌ കഞ്ചാവ്‌ കടത്തിക്കൊണ്ടുവന്നത്‌. വാടകയ്ക്ക് എടുത്ത ബൊലേറോ വാഹനത്തിൽ പ്രത്യേക അറകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. അരക്കിലോ വീതമുള്ള 65 പാക്കറ്റുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. വാഹനത്തിന്റെ ബോണറ്റിന് താഴെ എൻജിനോട് ചേർന്ന ഭാഗത്ത് ഏഴ് പാക്കറ്റുകളും ഡോർ പാഡുകൾക്കുള്ളിൽ 46 പാക്കറ്റുകളും പിൻഭാഗത്തെ ബോണറ്റിനുള്ളിൽ 12 പാക്കറ്റുകളും കണ്ടെത്തി. പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം 10 ലക്ഷം രൂപയുടെ മൂല്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിനായാണ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് ഇൻസ്പെക്ടർ ബിജു ആന്റണി പറഞ്ഞു. പൊലീസ് കമീഷണർ വിജയ് ഭാരത് റെഡ്ഡിയുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. അസി. പൊലീസ് കമീഷണർ സിബി ടോമിന്റെ നേതൃത്വത്തിൽ ഡാൻസാഫ് അംഗങ്ങളും സിഐ ബിജു ആന്റണി, എസ്ഐമാരായ ബെജിൻ കെ ബെന്നി, സനദ് എൻ പ്രദീപ്, എം മഹിമ, ഷൈജു, സോജിത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ റിൻഷ, ഷമിൽ, നിവേദ്യ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home