നൂറുമേനി കൊയ്ത ശോശാമ്മയുടെ ജീവിത​ഗാഥ

sosamma
avatar
ആൻസ്‌ ട്രീസ ജോസഫ്‌

Published on Feb 27, 2025, 03:31 AM | 1 min read

തിരുവനന്തപുരം: മണലാരണ്യത്തിലെ ​ദുരിതപെയ്ത്തിൽനിന്ന് മണ്ണ് രക്ഷിച്ച ജീവിതത്തിന്റെ തൈകളുമായാണ് ശോശാമ്മയെത്തിയത്. തക്കാളിയും വഴുതനയും അങ്ങനെ പലവിധ തൈകൾ 3 രൂപമുതൽ ശോശാമ്മയുടെ പക്കലുണ്ട്. അതിനൊപ്പം സ്വന്തമായി വിളയിച്ചെടുത്ത ഇഞ്ചിയും സ്പെഷ്യൽ രുചിക്കൂട്ടിൽ തയ്യാറാക്കിയ അരിയുണ്ടയും ചിപ്സും. ആർ‌ഡിആർ കൺ‌വൻ‌ഷൻ സെന്ററിൽ നടക്കുന്ന വനിത വികസന കോർപറേഷന്റെ എസ്കലേറ 2025 പ്രദർശനമേളയിലാണ് ജൈവകർഷകയായ മയ്യനാട് സ്വദേശി ഇ ശോശാമ്മയുടെ സ്റ്റാൾ.


അ​ഗ്നിബാധയിൽ ഇളയമകനുണ്ടായ പൊള്ളലിന്റെ ചികിത്സയെ തുടർന്നുണ്ടായ കടബാധ്യതയിൽ കുടുംബത്തെ രക്ഷിക്കാനാണ് 2016ൽ ശോശാമ്മ സൗ​ദിയിലേക്ക് യാത്രതിരിച്ചത്. ആശുപത്രിയിലെ തയ്യൽ തൊഴിലാളിയുടെ ഒഴിവെന്നായിരുന്നു ഏജന്റ് അറിയിച്ചത്. എന്നാൽ, അവിടെയെത്തിയപ്പോഴാണ് വീട്ടുജോലിക്കുള്ള വിസയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്.


വീട്ടുടമസ്ഥന്റെ ക്രൂരമർ‌ദനം സഹിച്ച് 7 നാൾ മാത്രമാണ് അവിടെ തുടരാനായത്. രക്ഷപ്പെട്ട് ഇന്ത്യൻ എംബസിയിലെത്തിയ ശോശാമ്മ ഒരുമാസത്തിനൊടുവിൽ നാട്ടിൽ തിരികെയെത്തി. പിന്നീട് ജീവിതത്തിന്റെ രണ്ടാംഘട്ടം കൃഷിയിലൂടെയാണ് കുടുംബം തിരികെപ്പിടിച്ചത്. പാട്ടത്തിനെടുത്ത ഭൂമിയിൽ ചീരയും കോവയ്ക്കയും കോളിഫ്ലവറും ചേമ്പും ചേനയും മ‍ഞ്ഞളും തുടങ്ങി പലവിധ കൃഷിയിലൂടെ വിജയ​ഗാഥയെഴുതി.


കൃഷിയാണിപ്പോൾ ജീവിതത്തെ നയിക്കുന്നത്, രാവിലെയെത്തി സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം പങ്കുവയ്ക്കുന്നത് ഇതിലൂടെയാണെന്ന് ശോശാമ്മ പറയുന്നു. ജൈവകൃഷിയിൽ പല പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. സ്വന്തമായി തയ്യാറാക്കിയ വളമാണ് ഉപയോ​ഗിക്കുന്നത്.

സ്ഥലമില്ലാത്തവർക്കായി ബോട്ടിലിൽ ചെയ്യാവുന്ന കൃഷിയും പരിചയപ്പെടുത്തുന്നുണ്ട്. കഴിയുന്നയത്രയും നാൾ കൃഷി ചെയ്യുമെന്ന് അവർ പറഞ്ഞു. പഠിത്തം ഇല്ലാത്തത് കൊണ്ടാകും ഇങ്ങനെയൊരു ദുരിതം സംഭവിച്ചതെന്ന് പലപ്പോഴുമുള്ള തോന്നലിൽ കഴിഞ്ഞവർഷം സാക്ഷരതാ മിഷന്റെ ക്ലാസിൽ ചേർന്ന് പഠിച്ച് പത്താം ക്ലാസ് എഴുതിയെടുത്തതിന്റെ സന്തോഷവും ശോശാമ്മ പങ്കുവച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home