ഡീൽ ആരോപണം മറികടക്കാൻ തിരക്കിട്ട നീക്കം
സുഗതനെ രക്ഷിച്ച കത്ത് റദ്ദാക്കി

തിരുവനന്തപുരം
കാപ്പ കേസ് പ്രതി സുഗതന്റെ അവധി അപേക്ഷ പാസാക്കിയെടുക്കാൻ കോർപറേഷൻ ബിജെപി ഭരണസമിതിക്ക് സഹായമായ കത്ത് റദ്ദാക്കി ആഭ്യന്തരവകുപ്പ്. സംഭവം വിവാദമാകുകയും ബിജെപി–കോൺഗ്രസ് ഡീൽ ആരോപണം ശക്തമാകുകയും ചെയ്‌തതോടെയാണ് മുഖം രക്ഷിക്കാനുള്ള തിരക്കിട്ട നീക്കം. സുഗതന് അവധി ലഭിക്കാൻ സഹായമായ ആഭ്യന്തരവകുപ്പിന്റെ വിവാദ കത്തിനാധാരമായ റിപ്പോർട്ട് തദ്ദേശഭരണ വകുപ്പും റദ്ദാക്കി. തദ്ദേശഭരണവകുപ്പ് നൽകിയ റിപ്പോർട്ട് ആധാരമാക്കിയാണ് ആഭ്യന്തരവകുപ്പ് സുഗതന് അനുകൂലമായ കത്ത് നൽകിയത്. തുടർച്ചയായി മൂന്നുവട്ടം പങ്കെടുക്കാത്തതിനാൽ സുഗതൻ അയോഗ്യനാക്കപ്പെടുമായിരുന്ന ജൂലെെ 31ന് ചേർന്ന സുപ്രധാന കൗൺസിലിലാണ് അയോഗ്യത നീക്കുന്നതും ബിജെപി ഭരണസമിതിയുടെ നിലനിൽപ്പിന് സഹായകരവുമായ ആഭ്യന്തരവകുപ്പ് സർക്കുലർ മേയർ വായിച്ചത്. ഇത് യുഡിഎഫിന് നാണക്കേടായിരുന്നു. ഹൈക്കോടതി കാപ്പ ഉപദേശകസമിതിയുടെ നിർദേശപ്രകാരം സുഗതന് ആറുമാസം ജയിലിൽനിന്ന് പുറത്തിറങ്ങാൻ കഴിയില്ല. അയോഗ്യത വരാതിരിക്കാൻ ജയിൽ സൂപ്രണ്ട് മുഖേന കൗൺസിലിന് അവധി അപേക്ഷ സമർപ്പിക്കാൻ അനുവാദമുണ്ടെന്ന് ആഭ്യന്തര (രഹസ്യവിഭാഗം എ) വകുപ്പാണ് സർക്കുലർവഴി നിർദേശിച്ചത്. മുനിസിപ്പാലിറ്റി ആക്ടിനെ മറികടന്ന് ജനാധിപത്യലംഘനം നടത്തിയാണ് ആറുമാസത്തെ അവധി അനുവദിച്ചെടുത്തത്. കൗണ്‍സിലില്‍ വോട്ടിങ്ങിന് അവധിഅപേക്ഷയില്‍ യുഡിഎഫ് വിമതനടക്കം വോട്ടും ചെയ്തിരുന്നു. 1994ലെ മുനിസിപ്പാലിറ്റി ആക്‌ട്, 2007ലെ കേരള സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങൾ (തടയൽ) നിയമം എന്നിവ പ്രകാരം കാപ്പക്കേസിൽ കരുതൽ തടങ്കലിലുള്ള കൗൺസിലർക്ക് പ്രത്യേക അവധിയോ ഇളവോ അനുവദിക്കുന്ന വ്യവസ്ഥയില്ലെന്നിരിക്കേയാണ് സർക്കാർ ഒത്താശയിൽ കൗൺസിലർ സ്ഥാനം നിലനിര്‍ത്താന്‍ വഴിയൊരുക്കിയത്.










0 comments