ad
Deshabhimani

കലാകാരന്മാരെ തഴഞ്ഞു

ഫ്ലോട്ടുകളുടെ നിർമാണം ഫ്ലക്‌സ്‌ മാഫിയ കൈയടക്കി

ഓണം

ഓണം

വെബ് ഡെസ്ക്

Published on Aug 28, 2026, 11:50 PM | 1 min read

തിരുവനന്തപുരം

പ്ലാസ്റ്റിക്കിനെ അറസ്റ്റ്‌ ചെയ്‌ത്‌ ഹരിതയോണം ഒരുക്കുമെന്ന്‌ വിളംബരം ചെയ്‌ത സർക്കാരിന്റെ ഓണം ഘോഷയാത്രയ്ക്കൊരുങ്ങുന്ന നിശ്ചലദൃശ്യങ്ങളിൽ ഫ്ലക്‌സ്‌ മയമെന്ന്‌ ആക്ഷേപം. വിവിധ സർക്കാർ വകുപ്പുകൾ അണിയറയിലൊരുക്കുന്ന ഫ്ലോട്ടുകൾ ഹരിതചട്ടം പാലിച്ചല്ല. ഫ്ലോട്ടുകളില്‍ ഭൂരിഭാഗവും ഫ്ലക്സ് ഉപയോഗിച്ചാണ് നിര്‍മിക്കുന്നതെന്ന് ആക്ഷേപം. ആഘോഷത്തിനുശേഷം ഇവയുടെ നിർമാർജനം വെല്ലുവിളിയാകും. സര്‍ക്കാരിന്റെ പാനലിലുള്ള കലാകാരന്മാരെ ഒഴിവാക്കി ഏജന്‍സികള്‍ക്ക് ഫ്ലോട്ട് നിര്‍മാണം നല്കിയതും വിമര്‍ശത്തിന് ഇടയാക്കി. ഉദ്യോഗസ്ഥരുടെ താല്‍പ്പര്യം പരിഗണിച്ചാണ് കലാകാരന്മാരെ ഒഴിവാക്കിയത്. മാത്രമല്ല, പല വകുപ്പുകളും ടെൻഡർ പരസ്യം നൽകിയതും വൈകിയാണ്‌. വനം, ശിശുക്ഷേമം, ജിഎസ്‌ടി വകുപ്പുകൾ ഇതിലുൾപ്പെടും. മുൻകാലങ്ങളിൽ ടൂറിസംവകുപ്പ്‌ തയ്യാറാക്കുന്ന കലാകാരന്മാരുടെ പാനൽ വകുപ്പ്‌ മേധാവികൾക്കും നൽകിയിരുന്നു. ഇതിൽനിന്ന്‌ കുറഞ്ഞ ടെൻഡർ തുകയ്‌ക്ക്‌ അപേക്ഷിക്കുന്ന കലാകാരന്മാരെയാണ്‌ തെരഞ്ഞെടുത്തിരുന്നത്‌. വകുപ്പുകള്‍ ആശയം പാനലിലെ കലാകാരന്മാർക്ക്‌ കൈമാറിയാണ്‌ ഫ്ലോട്ടുകളുടെ നിർമാണം. ഒരേവിഷയത്തിലുള്ള നിശ്ചലദൃശ്യങ്ങളുടെ ആവർത്തനം ഒഴിവാക്കാനും ഇത് സഹായകമായിരുന്നു. എന്നാൽ, ഉദ്യോഗസ്ഥവൃന്ദത്തിന്റെ താല്‍പ്പര്യത്തിന് മുന്‍തൂക്കം നല്കിയതോടെ കലാകാരന്മാര്‍ പുറത്തായി. കലയുമായി ബന്ധമില്ലാത്ത കരാർ ഏജൻസികൾക്കുവരെ ഫ്ലോട്ട്‌ നിർമാണച്ചുമതല നൽകിയിട്ടുണ്ട്. സർക്കാരിന്റെ വകുപ്പുതല പരിപാടികളില്‍വരെ ഫ്ലക്‌സ്‌ മാഫിയകൾ പിടിമുറുക്കിയെന്നാണ് കലാകാരന്മാരുടെ സംഘടനകളുടെ ആരോപണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home