എംവിഡിയുടെ അനാസ്ഥയിൽ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ
ഷൗക്കത്തിന്റെ ബന്ധുക്കളെ വി പി അനില്‍ സന്ദര്‍ശിച്ചു

ആത്മഹത്യചെയ്ത കിഴിശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തിന്റെ വീട്ടിലെത്തിയ ഓട്ടോ – ടാക്സി ആന്‍ഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് വി പി അനിൽ കുടുംബാംഗങ്ങളോട് സംസാരിക്കുന്നു
മലപ്പുറം
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ആത്മഹത്യചെയ്ത കിഴിശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തിന്റെ കുടുംബാംഗങ്ങളെ ഓട്ടോ – ടാക്സി ആന്‍ഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് വി പി അനിൽ സന്ദർശിച്ചു. നിയമ നടപടികളില്‍ കുടുംബത്തിന്റെ കൂടെയുണ്ടാകുമെന്ന് ഉറപ്പുനല്‍കി. സിപിഐ എം അരീക്കോട് ഏരിയാ സെക്രട്ടറി കെ ഭാസ്കരൻ, യൂണിയൻ ജില്ലാ ട്രഷറർ കെ പി ഫൈസൽ, ഏരിയാ പ്രസിഡന്റ് കിഴിശേരി പ്രഭാകരൻ, ഏരിയാ സെക്രട്ടറി സി കെ അഷറഫ് എന്നിവർ ഒപ്പമുണ്ടായി.
പ്രതിഷേധ മാര്‍ച്ച് ഇന്ന്
ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത് മുണ്ടംപറമ്പിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഓട്ടോ – ടാക്സി ആന്‍ഡ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാ കമ്മിറ്റി ശനിയാഴ്ച കൊണ്ടോട്ടി സബ് ആര്‍ടിഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ 10ന് ജില്ലാ പ്രസിഡന്റ് വി പി അനില്‍ ഉദ്ഘാടനംചെയ്യും.
ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം: സിപിഐ എം
കൊണ്ടോട്ടി ഓട്ടോ ഡ്രൈവറായ കിഴിശേരി മുണ്ടംപറമ്പ് ഷൗക്കത്തിന്റെ മരണത്തിന് ഉത്തരവാദികളായ ആർടി ഓഫീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുമ്പിൽ കൊണ്ടുവരണമെന്ന് സിപിഐ എം കൊണ്ടോട്ടി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ഓട്ടോക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്താണ് ഓട്ടോ ഡ്രൈവർ ആത്മഹത്യചെയ്തത്. അഞ്ച് വർഷമായി ഓടിക്കുന്ന ഓട്ടോയുടെ പെർമിറ്റ് പുതുക്കാൻ കൊണ്ടോട്ടി ആർടി ഓഫീസിൽ ഷൗക്കത്ത് നേരിട്ട് അപേക്ഷ നൽകിയിട്ടും ഉദ്യോഗസ്ഥർ പരിഗണിച്ചില്ല. കൈക്കൂലി ലഭിക്കാത്തതാണ് ഇതിന്റെ പിന്നിലെന്ന് ഷൗക്കത്ത് മരണത്തിനുമുമ്പ് എഴുതിയ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നുണ്ട്. ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി വേണമെന്ന് സിപിഐ എം കൊണ്ടോട്ടി ഏരിയാ സെക്രട്ടറി പി കെ മോഹൻദാസ് ആവശ്യപ്പെട്ടു.
ഡിവൈഎഫ്ഐ മാർച്ച് ഇന്ന്
കൊണ്ടോട്ടി ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ശനിയാഴ്ച കൊണ്ടോട്ടി ആർ ടി ഓഫീസിലേക്ക് മാർച്ച് നടത്തും. രാവിലെ പത്തിന് മുസ്ലിയാരങ്ങാടി പെട്രോൾ പമ്പിന് സമീപത്തുനിന്ന് മാർച്ച് തുടങ്ങും. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ ശ്യാം ഉദ്ഘാടനംചെയ്യും.









0 comments