കുടുംബാംഗങ്ങൾ നേപ്പാളിലേക്ക്
ദുരന്തമുഖത്തുനിന്ന് അവസാന വിളി; പൊന്നാനി സ്വദേശികൾ കാണാമറയത്ത്

ശ്രീധരന്‍ അയ്യരും കുടുംബവും
മലപ്പുറം
നേപ്പാൾ പ്രളയത്തിൽപ്പെട്ട പൊന്നാനി സ്വദേശികളെ ബന്ധപ്പെടാനാകാതെ കുടുംബാംഗങ്ങൾ. പൊന്നാനി തൃക്കാവ് സ്വദേശികളും ഓസ്‌ട്രേലിയൻ പൗരന്മാരുമായ ഈശ്വര്‍ നിവാസില്‍ ശ്രീധരന്‍ അയ്യര്‍, ഭാര്യ ലക്ഷ്മി, മക്കളായ ഋഷബ്, രുദ്ര എന്നിവരെയാണ് കാണാതായത്. 23നാണ് കൈലാസ തീർഥയാത്രയ്ക്കായി കുടുംബം നേപ്പാളിലേക്ക് പുറപ്പെടുന്നത്. 24ന് കാഠ്മണ്ഡുവിലും 26ന് മാനസരോവറിലുമെത്തി. മാനസരോവറിലെ ഹോട്ടലിലായിരുന്നു താമസം. പ്രളയബാധിത പ്രദേശത്തുനിന്ന് 15 കിലോമീറ്റർ അകലെയാണ് ഇൗ പ്രദേശം. ഇൗ സമയങ്ങളിലെല്ലാം കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. പ്രളയമുണ്ടായ റസുവ എന്ന സ്ഥലത്തുവച്ചാണ് നാലംഗ കുടുംബം അവസാനമായി ബന്ധപ്പെട്ടത്. പ്രളയത്തെ തുടർന്ന് കൈലാസ തീർഥാടകരെ വഴിതിരിച്ചുവിട്ടുവെന്ന വിവരവും കുടുംബവുമായി പങ്കുവച്ചിരുന്നു. ഇവരെ കണ്ടെത്താന്‍ കുടുംബാംഗങ്ങൾ നേപ്പാളിലേക്ക് തിരിച്ചിട്ടുണ്ട്. പല രീതിയിലും കാണാതായവരെ കണ്ടെത്താൻ ശ്രമിക്കുന്നതായും പൊന്നാനിയിലെ ബന്ധുക്കള്‍ പറഞ്ഞു.









0 comments