ഗൂഡല്ലൂരിലെ ബന്ദ് പൂർണം

ബന്ദിനെ തുടർന്ന് വിജനമായ ഗുഡല്ലൂർ ടൗൺ
എടക്കര
സർവകക്ഷികളുടെ നേതൃത്വത്തിൽ ഗൂഡല്ലൂരിലെ പന്തല്ലൂർ താലൂക്കിൽ നടത്തിയ 48 മണിക്കൂർ ബന്ദ് പൂർണം. വ്യാഴം രാവിലെ ആറിന് ആരംഭിച്ച ബന്ദ് ശനി രാവിലെ ആറിനാണ് അവസാനിച്ചത്. ഗൂഡല്ലൂരിലെ നരഭോജി കടുവയെ വെടിവച്ച് കൊല്ലുക, കടുവയുടെ ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരത്തുക ഉയർത്തിനൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ബന്ദ്. 13 ദിവസത്തിനുള്ളിൽ രണ്ടുപേരാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പ്രതിഷേധിച്ചവരെ അടിച്ചൊതുക്കാൻ ശ്രമിച്ച വനം, പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുന്നവരെ ഉടൻ വിട്ടയക്കുക, കടുവയെ കണ്ടെത്തിയ പ്രദേശത്തുള്ള സർക്കാർ സ്കൂളുകൾക്ക് അവധി നൽകുക, ജന്മം ഭൂമി കേസിൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കുക, മസിനഗുഡിവഴി ഊട്ടിയിലേക്കുള്ള റോഡ് ഗതാഗതത്തിന് തുറന്നുനൽകുക തുടങ്ങിയ ആവശ്യങ്ങളും ബന്ദിൽ ഉന്നയിച്ചു. വ്യാഴം രാവിലെമുതൽ വഴിക്കടവ് നാടുകാണി ചുരംവഴി ഗൂഡല്ലൂരിലേക്ക് പോയ നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചിരുന്നു. നിരവധി വാഹനങ്ങളുടെ ചില്ല് കല്ലേറിൽ തകർന്നു. ഓണം അവധിയിൽ ഊട്ടി, മൈസൂർ, ബംഗളൂരു പ്രദേശത്തേക്ക് സഞ്ചരിച്ച വാഹനങ്ങളും തടഞ്ഞ് തിരിച്ചയച്ചു. കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും പൂർണമായി അടച്ചു. വയനാട്ടിലേക്കും മൈസൂരിലേക്കും സഞ്ചരിക്കേണ്ടവർ ചുരമിറങ്ങി അരീക്കോട് താമരശേരി ചുരംവഴിയും ഊട്ടിയിലേക്കുള്ള യാത്രക്കാർ പാലക്കാട് വഴിയുമാണ് സഞ്ചരിച്ചത്. ഗൂഡല്ലൂരിൽ സോഷ്യൽ മീഡിയവഴി വ്യാപക പ്രചാരണം നൽകിയാണ് 48 മണിക്കൂർ ബന്ദ് നടത്തിയത്. എല്ലാ രാഷ്ട്രീയ പാർടികളും വ്യാപാരി സംഘടനകളും ഓട്ടോ ടാക്സി തൊഴിലാളികളും ബന്ദിൽ സഹകരിച്ചു.









0 comments