മുഖമാണ് അല്ലുവിന്റെ ക്യാൻവാസ്

ഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്നിലെ സന്ദർശകരുടെ കാരിക്കേച്ചർ വരയ്ക്കുന്ന അല്ലുമോൾ
തിരുവനന്തപുരം
മനസ്സിൽ വിരിയുന്ന വർണങ്ങൾ അടുത്തെത്തുന്നവരുടെ മുഖങ്ങളിലേക്ക് പകർത്തുന്ന കൊച്ചുമിടുക്കി. ചെറുചിരിയോടെ തന്റെ പരിമിതികളെ വരയിലൂടെ മറികടക്കുന്നു പത്തനംതിട്ട ഇടയാറന്മുള സ്വദേശി അല്ലുമോൾ. കനകക്കുന്നിലെ ഓണം വാരാഘോഷത്തിന് എത്തുന്നവരെല്ലാം അല്ലുവിന്റെ ഫെയ്സ് പെയിന്റിങ്ങിന്റെ ആരാധകരാണ്. മുതിർന്നവർമുതൽ കൊച്ചുകുട്ടികൾവരെ മുഖം ക്യാൻവാസാക്കാനുള്ള കാത്തിരിപ്പിലാണ്. ചിത്രശലഭങ്ങളും പൂക്കളും ഓണത്തുമ്പികളുമാണ് കൂടുതല്‍പേരും ആവശ്യപ്പെടുന്നത്. ഫെയ്സ് പെയിന്റിങ്ങിനുപുറമെ കാരിക്കേച്ചറും ലൈവ് പെയിന്റിങ്ങും അല്ലുവിന് വഴങ്ങും. 5-, 10 മിനിറ്റിൽ പൂർത്തിയാക്കുന്ന ചിത്രരചനയ്‌ക്ക് കിട്ടുന്ന ചെറിയ തുക സന്നദ്ധസംഘടനകൾക്ക് നൽകാനാണ് അല്ലുവിന്റെ തീരുമാനം. ഒന്നാംവയസ്സിലാണ് അല്ലുവിന്റെ കേൾവിയും സംസാരശേഷിയും ഭാഗികമായി നഷ്ടമായത്. മികവ് തിരിച്ചറിഞ്ഞ് അച്ഛൻ വി മധുവും അമ്മ ലെനിയുമാണ് ചിത്രരചനയിലേക്ക് വഴിതിരിച്ചത്. നാലാംക്ലാസ് മുതല്‍ മത്സരങ്ങളില്‍ പങ്കെടുത്ത് തുടങ്ങി. മേതില്‍ ദേവികയുടെ കീഴിൽ കുച്ചിപ്പുടി, ഭരതനാട്യം, നാടോടിനൃത്തം തുടങ്ങിയവയും പരിശീലിക്കുന്നുണ്ട്.










0 comments