മധുരയിൽ പിറക്കും മലയാളത്തനിമ

തിരുവനന്തപുരം
തുമ്പപ്പൂവിന്റെ വിശുദ്ധിയിൽ അത്തം പുലരുമ്പോൾ തിരുവോണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളിലേക്ക് മലയാളമണ്ണും ഉണരുകയാണ്. വർണശോഭയിൽ തീർക്കുന്ന പൂക്കളങ്ങൾക്ക് അലങ്കാരമാകാൻ ഓണത്തപ്പൻകൂടിയെത്തുന്നതോടെ സംഗതി ഉഷാർ. ഓണാഘോഷത്തിന്റെ പഴമയും പാരമ്പര്യവും ചേർത്തുപിടിക്കുന്ന ഈ മൺരൂപങ്ങൾക്കുമുണ്ട് അതിർത്തി കടന്നൊരു യാത്രയുടെ കഥ. കേരളമണ്ണിൽ കുടിയിരുത്താനുള്ള ഓണത്തപ്പന്മാർ ഒരുങ്ങുന്നത് അങ്ങ് തമിഴ്‌നാട്ടിൽനിന്നാണ്. മധുരയിലെ തൊഴിലാളികൾ കളിമണ്ണുകൊണ്ട് നിർമിച്ച പരമ്പരാഗത ഓണത്തപ്പന്മാരെ കഴിഞ്ഞ ആറുവർഷമായി ചാല എംഎൻ സ്റ്റോഴ്‌സ് ഉടമ മഹേഷ് വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്. ഒരു സെറ്റിന് 250 രൂപയാണ് വില. ചിരാതുകളും മൺപാത്രങ്ങളും നിർമിക്കുന്ന തൊഴിലാളികൾക്ക് ഓണസമയത്ത് പ്രത്യേകം ഓർഡർ നൽകിയാണ് ഓണത്തപ്പന്മാരെ നിർമിക്കുന്നത്. 150 സെറ്റിനുവരെ ഓർഡർ നൽകാറുണ്ടെന്ന് മഹേഷ് പറഞ്ഞു. തൃശൂരിലെ തൃക്കാക്കരയപ്പനാണ് തിരുവനന്തപുരത്ത് ഓണത്തപ്പനായി മാറുക. ഹൈന്ദവ ദൈവങ്ങളായ ബ്രഹ്മാവിനെയും വിഷ്ണുവിനെയും ശിവനെയും സങ്കൽപ്പിച്ചാണ് തൃക്കാക്കരയപ്പനെ പൂക്കളത്തിനുസമീപം കുടിയിരുത്തുക. എന്നാൽ, തെക്കൻ ജില്ലകളിൽ ഭൂമി, ആകാശം, പാതാളം സങ്കൽപ്പങ്ങളെയാണ് മൂന്ന് മൺകട്ടകൾ സൂചിപ്പിക്കുന്നത്. വാമനനായും മാവേലിയായും സങ്കൽപ്പിക്കുന്നവരുമുണ്ട്. തിരുവോണനാളിൽ അരിമാവുകൊണ്ട് കോലം വരച്ചും തുമ്പപ്പൂവ് ചാർത്തിയും അട നിവേദിച്ചും ഓണത്തപ്പനെ ആരാധിക്കും. കളിമണ്ണുകൊണ്ടുള്ളവയ്ക്ക് പകരമായി തടിയിൽ തീർത്ത ഓണത്തപ്പന്മാരും വിപണിയിൽ സുലഭം. ജീവിതത്തിരക്കുകൾക്കിടയിലും കേരളത്തനിമ നിലനിർത്താനുള്ള മലയാളിയുടെ ശ്രമങ്ങൾക്ക് മുതൽക്കൂട്ടാകുകയാണ് വിപണിയിലെത്തുന്ന ഓണത്തപ്പന്മാർ.









0 comments