സുഗതന് വീരപരിവേഷം നൽകി ബിജെപിയും മാധ്യമങ്ങളും
ഇനിവരുന്നത് നിയമപോരാട്ടങ്ങളുടെ കാലം

ആർ സുഗതൻ
തിരുവനന്തപുരം
കാപ്പ കേസില്‍ ജയിലിലടച്ച വാഴോട്ടുകോണം കൗൺസിലർ ആർ സുഗതൻ പുറത്തിറങ്ങിയപ്പോൾ വീരപരിവേഷം നൽകി ബിജെപിയും മാധ്യമങ്ങളും. രണ്ട് വധശ്രമം ഉൾപ്പെടെ പതിനാലോളം കേസുകളില്‍ പ്രതിചേർക്കപ്പെട്ടയാളെയാണ് ‘ജനകീയൻ’ എന്ന ലേബലില്‍ പുനരവതരിപ്പിക്കുന്നത്. വിയ്യൂർ സെൻട്രൽ ജയിലിൽനിന്നിറങ്ങിയപ്പോൾ ഹാരമിട്ട് സ്വീകരിച്ചത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ്. പൊലീസും പരിവാരങ്ങളുമായിട്ടാണ് സുരേഷ് ഗോപിയെത്തിയത്. തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും നേതാക്കളും ഉൾപ്പെട്ട പരിപാടിയിലേക്ക് ക്ഷണിച്ചുവരുത്തിയാണ് സ്വീകരണമൊരുക്കിയത്. കാപ്പ കേസ് എടുത്തതിന് മതിയായ രേഖകൾ കോടതിയിൽ ഹാജരാക്കാതെ സുഗതന് പുറത്തിറങ്ങാനുള്ള അവസരമൊരുക്കുകയായിരുന്നു സംസ്ഥാന സർക്കാർ. യുഡിഎഫ് സർക്കാരിന്റെ ഒത്താശയില്‍ ജാമ്യമെടുക്കാനും കാപ്പ കേസ് റദ്ദാക്കാനും ബിജെപിക്ക് കഴിഞ്ഞു. പണമൊഴുക്കി, സുപ്രീംകോടതിയിൽനിന്ന് അഭിഭാഷകരെ എത്തിച്ചാണ് ബിജെപി കരുക്കൾ നീക്കിയത്. ഇതിനനുസരിച്ച്, വാദങ്ങൾ ദുർബലമാക്കി സർക്കാരും ബിജെപിയെ സഹായിച്ചു. സുഗതന്റെ മോചനത്തിനെതിരെയും മേയറുടെയും ഭരണസമിതിയുടെയും ചട്ടലംഘനങ്ങൾക്കെതിരെയും നിയമപോരാട്ടങ്ങൾ തുടരുമെന്ന് എൽഡിഎഫും യുഡിഎഫും വ്യക്തമാക്കിയിട്ടുണ്ട്.
സുഗതനെ എതിർത്താൽ ജീവന് ഭീഷണി
വധശ്രമങ്ങൾ, വീടുകയറി ആക്രമണം, നരഹത്യാശ്രമം, സ്‌ത്രീകളോട് അപമര്യാദയായി പെരുമാറൽ, പൊതുസ്ഥലത്ത് ക്രമസമാധാനപ്രശ്‌നം സൃഷ്ടിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ സുഗതൻ ബിജെപിയിലെ പലനേതാക്കൾക്കും വേണ്ടപ്പെട്ടവനാണ്. പണവും പവറും കൈവശമുള്ള ഇയാൾ പറയുന്നതിനപ്പുറംപോയാൽ ജീവനുതന്നെ ഭീഷണിയാണെന്ന് വാഴോട്ടുകോണത്തും വട്ടിയൂർക്കാവിലുമുള്ളവർ വെളിപ്പെടുത്തിയിട്ടുണ്ട്. കേസുകൾ പലതും പണംനൽകിയും ഭീഷണിപ്പെടുത്തിയും ഒത്തുതീർപ്പാക്കുകയാണ് ഇയാളുടെ രീതി. കൗൺസിലറായശേഷം നടത്തിയ വധശ്രമക്കേസിലാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. വി കെ പ്രശാന്ത് എംഎൽഎ ആയിരുന്നപ്പോൾ ആക്രമിക്കാൻ ശ്രമിച്ചകേസുമുണ്ട്. വട്ടിയൂർക്കാവ് സ്‌റ്റേഷനിലെ റൗഡി ലിസ്‌റ്റിലും ഉൾപ്പെട്ടിരുന്നു. സുഗതൻ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയും പൊതുസമാധാനം തകർക്കുന്നയാളുമായതിനാൽ കരുതൽ തടങ്കലിൽ പാർപ്പിക്കണമെന്നുകാട്ടിയാണ് മാർച്ചിൽ പൊലീസ് കലക്ടർക്ക് റിപ്പോർട്ട് നൽകിയത്. ജൂൺ എട്ടിന് കലക്ടർ റിപ്പോർട്ട് അംഗീകരിച്ച്, കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കാൻ ഉത്തരവിട്ടു. മാർച്ചിൽ കടയിൽമുടുന്പ് ക്ഷേത്രത്തിൽവച്ച് ഒരാളെ വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽപ്പോയി. കേസിലെ മറ്റ് മൂന്നുപ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ സുഗതൻ റൗഡി ലിസ്‌റ്റിൽ ഉൾപ്പെട്ടതിനാൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്പാകെ കീഴടങ്ങി, കീഴ്‌ക്കോടതിയിൽനിന്ന് ജാമ്യം തേടാൻ ഹൈക്കോടതി നിർദേശിച്ചു. അഞ്ചുദിവസമാണ് ഇതിനുള്ള സമയം അനുവദിച്ചത്. ഇൗ കാലാവധി കഴിഞ്ഞിട്ടും സുഗതൻ കീഴടങ്ങിയില്ല. തുടർന്നാണ് പൊലീസ് വീട്ടിൽനിന്ന് അറസ്‌റ്റ് ചെയ്‌തത്.
സുഗതൻ ഹീറോയെന്ന് മുൻ ഡിജിപി
‘ഞാനിതാ കൗൺസിലർസ്ഥാനം രാജിവച്ചു’ എന്നുപറഞ്ഞശേഷം ബിജെപി നേതൃത്വവുമായി വിലപേശി തിരിച്ചുവന്ന ആർ ശ്രീലേഖ അഞ്ചുദിവസത്തെ മൗനംവെടിഞ്ഞ് വീണ്ടും തലപൊക്കി. നിരവധി ക്രിമിനൽ കേസിൽ പ്രതിയാക്കപ്പെടുകയും കാപ്പകേസിൽ ജയിൽവാസം അനുഷ്‌ഠിക്കുകയും ചെയ്‌ത സുഗതൻ ഹീറോയാണ് എന്നാണ് മുൻ ഡിജിപിയുടെ പ്രചാരണം. രാജിനാടകത്തിനുശേഷം ഫോണും സമൂഹമാധ്യമവുമൊന്നും ഉപയോഗിക്കാതെ മാറിനിൽക്കുകയായിരുന്നു ശ്രീലേഖ.









0 comments