കോർപറേഷന്റെ മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമല്ല
നഗരം നാറുന്നു

ആമയിഴഞ്ചാൻതോട്ടിൽ അടിഞ്ഞുകൂടിയ മാലിന്യം
ബിമൽ പേരയം
Published on May 10, 2026, 12:00 AM | 2 min read
തിരുവനന്തപുരം
ആമയിഴഞ്ചാൻതോട്ടിലൂടെ ഒഴുകുന്ന മാലിന്യച്ചാക്കുകൾ, നഗരത്തിലെന്പാടുമുള്ള മാലിന്യക്കൂനകൾ, പ്രധാന നിരത്തുകളുടെ വശങ്ങളിൽ ഓട ശുചീകരിച്ചപ്പോൾ കൂട്ടിവച്ച മണ്ണും ചെളിയും, ഹോട്ടലുകളുടെ മുന്നിലെ മാൻഹോളുകളിൽനിന്ന് റോഡിലേക്കൊഴുകുന്ന ഭക്ഷണാവശിഷ്‌ടങ്ങൾ... ശുചിത്വനഗരത്തിന് കേന്ദ്രസർക്കാർ പുരസ്‌കാരം വരെ നേടിയ തിരുവനന്തപുരം കോർപറേഷനിലെ ദുരിതക്കാഴ്‌ചകൾ ഇങ്ങനെ നീളുന്നു. നഗരപാതകളിൽ നടക്കണമെങ്കിൽ മൂക്കുപൊത്തണം. ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങൾ നടത്തുന്നവരുടെ അവസ്ഥയും ദയനീയം. കോർപറേഷൻ അധികൃതർ സ്ഥാപനം പൂട്ടിക്കുമെന്ന ഭീതിയിൽ പരസ്യപ്രതികരണത്തിന് ആരും മുതിരുന്നില്ല. ആമയിഴഞ്ചാൻതോട്ടിൽ ശ്രീകണ്‌ഠേശ്വരം ഭാഗത്ത് 200 മീറ്ററോളം ദൂരത്തിൽ മാലിന്യം തടഞ്ഞുനിർത്തി ദിവസവും രാവിലെ ഏഴിന് കോർപറേഷൻ ശുചീകരണത്തൊഴിലാളികളെത്തി നീക്കംചെയ്തിരുന്നു. എന്നാൽ, നാലുദിവസമായി ഇവിടെ മാലിന്യനീക്കം നിലച്ചിരിക്കുകയാണ്. മാലിന്യം ചീഞ്ഞുനാറി പരിസരമാകെ ദുർഗന്ധമായതോടെ പ്രദേശത്തെ കുടിവെള്ളവും ചായയും എണ്ണക്കടികളുമെല്ലാം വിൽക്കുന്ന ചെറു കടകളിൽ ഒരാൾപോലും എത്തുന്നില്ല. മഴക്കാലപൂർവ ശുചീകരണം മേയർ വി വി രാജേഷ് തന്പാനൂരിൽ തുടങ്ങിവച്ചിട്ട് ആഴ്‌ചകളായി. റീൽസിനായി ഉദ്‌ഘാടനം നടത്തി പോയതല്ലാതെ ശുചീകരണം നടക്കുന്നില്ല. പാറ്റൂർ, വഞ്ചിയൂർ മേഖലയിലടക്കം ഹോട്ടൽമാലിന്യവും തോട്ടിലേക്കൊഴുക്കുന്നു. വീടുകളിലെ മാലിന്യവും തോട്ടിലേക്ക് പൈപ്പിലൂടെ പുറന്തള്ളുന്നു. മാലിന്യം തള്ളരുതെന്ന, കോർപറേഷന്റെ ശ്രീകണ്‌ഠേശ്വരത്തെ അറിയിപ്പ് ബോർഡിനുസമീപമുള്ള രണ്ടു ബിന്നുകൾ അവഗണിച്ച് പ്രദേശവാസികൾ തൊട്ടടുത്തുള്ള വൈദ്യുതത്തൂണിനുസമീപം ചാക്കുകളിൽ മാലിന്യം തള്ളുകയാണ്. പല വീടുകളുടെയും മുന്നിൽ ചാക്കിലും കവറിലും നിറച്ച് പുറത്തുവച്ചിട്ടുള്ള മാലിന്യം രാത്രിയിൽ ആളൊഴിയുന്പോൾ തോട്ടിലേക്ക് വലിച്ചെറിയുന്നു. ഒഴിഞ്ഞുകിടക്കുന്ന ചെറിയ ഇടങ്ങൾപോലും മാലിന്യക്കൂന്പാരങ്ങളാകുന്നു. പഴവങ്ങാടി ഗണപതിക്ഷേത്രത്തിനുമുന്നിൽ അഴുക്കുചാലിനു കുറുകെയിട്ട സ്ലാബ് ഇളക്കിവച്ചത് അപകടക്കെണിയാക്കി. മാലിന്യം നീക്കുന്നതിനായാണ് സ്ലാബ് ഇളക്കിയതെങ്കിലും കോരിനീക്കിയിട്ടില്ല. ഒരാഴ്‌ചമുന്പ് തോടിന്റെ സംരക്ഷണഭിത്തി ഇളകിവീണതിന്റെ ഭാഗമായുള്ള പാറക്കല്ലുകളും മെറ്റലും കോൺക്രീറ്റ് അവശിഷ്‌ടങ്ങളും ഗതാഗതത്തിനും തടസ്സമാണ്. ഇതും കോർപറേഷൻ നീക്കംചെയ്തിട്ടില്ല.
വലിച്ചെറിഞ്ഞാലും നടപടിയില്ല
തിരുവനന്തപുരം
കോർപറേഷന്റെ മാലിന്യശേഖരണം നിലച്ചതോടെ വലിയ ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ച് ജലാശയങ്ങളിൽ തള്ളുകയാണ് ജനങ്ങളും സ്ഥാപനങ്ങളും. ബോധവൽക്കരണവും നടപടികളും മുന്പുണ്ടായിരുന്നു. നിലവിലെ ഭരണസമിതി കണ്ണടച്ചതോടെ മുന്പുണ്ടായിരുന്ന പുരോഗതി ഇല്ലാതായി. ആരോഗ്യപ്രവർത്തകരും തിരിഞ്ഞുനോക്കുന്നില്ല. ജലാശയങ്ങളിലോ ജലസ്രോതസ്സുകളിലോ മാലിന്യങ്ങളോ വിസർജ്യവസ്‌തുക്കളോ നിക്ഷേപിച്ചാൽ ആറുമാസംമുതൽ ഒരുവർഷംവരെ തടവും 10,000– 50,000 പിഴയും ചുമത്താം. മാലിന്യം ബിന്നുകളിൽമാത്രം നിക്ഷേപിക്കണമെന്ന മുന്നറിയിപ്പ് ലംഘിക്കുന്നവർക്കെതിരെയും നടപടിയില്ല. മുന്പ് വാർഡുകളിൽ ജൈവമാലിന്യം ശേഖരിച്ചിരുന്നു. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനും പിഴയടപ്പിക്കാനുമായി സ്ഥാപിച്ച സിസിടിവി കാമറകളും പലയിടത്തും പ്രവർത്തനരഹിതമായി.
വെള്ളക്കെട്ടിനും സാധ്യത
തിരുവനന്തപുരം
തുടക്കത്തിലേ പാളി കോർപറേഷന്റെ മഴക്കാലശുചീകരണം. ഓടകളുടെ ശുചീകരണം ഇനിയും തുടങ്ങിയിട്ടില്ല. ചിലയിടങ്ങളിൽ സ്ലാബുകൾ ഇളക്കി മാറ്റിയിട്ടത് കാൽനടയാത്രക്കാർക്ക് അപകടഭീഷണിയായി. ആലോചനായോഗങ്ങൾ നടത്തിയെങ്കിലും പ്രവർത്തനത്തിലേക്കിറങ്ങാൻ കോർപറേഷന് കഴിഞ്ഞിട്ടില്ല. പട്ടം, പേട്ട, തന്പാനൂർ, ആർഎഎംഎസ് എന്നിവയ്ക്കുസമീപം ഓടയിൽനിന്ന് മാറ്റിയ മണ്ണ് റോഡിൽ തന്നെ കൂട്ടിയിട്ടിട്ടുണ്ട്. നടപ്പാതവരെ കൈയേറിയാണ് മണ്ണ് കൂന. കനത്തമഴയിൽ ഇവ വീണ്ടും ഓടയിലേക്ക് ഒലിച്ചിറങ്ങും.
അപകടക്കെണിയായി മരക്കൊമ്പ്
റോഡിനിരുവശത്തായി അപകടഭീഷണിയുയർത്തി നിൽക്കുന്ന വൻമരങ്ങളുടെ കൊന്പുകൾ വെട്ടിമാറ്റിയിട്ടില്ല. പാറ്റൂർ, വഞ്ചിയൂർ, കവടിയാർ, പേട്ട, മോഡൽ സ്‌കൂൾ, എന്നിവിടങ്ങളിലടക്കം മരക്കൊമ്പുകൾ വെട്ടാനുണ്ട്. തൈക്കാട് ഭാരത് ഭവനുമുന്നിലുള്ള റോഡുവശത്തെ മരത്തിന്റെ കൊന്പ് ഏതുനിമിഷവും നിലംപൊത്താവുന്നനിലയിലാണ്. നിരവധി വാഹനങ്ങളാണ് അശ്രദ്ധമായി ഇവിടെ നിർത്തിയിടുന്നത്. നടപ്പാതയിലൂടെ സഞ്ചരിക്കുന്നവരും നിരവധി.
മഴ വന്നാൽ ദുരിതം ഇരട്ടി
മൂന്നുദിവസംമുന്പാണ് ആർഎംഎസിനുസമീപത്തെ ഓട കോരി മണ്ണ് നീക്കിയത്. ഉടൻ എടുത്തുമാറ്റുമെന്ന് പറഞ്ഞ് അധികൃതർ മടങ്ങിയതാണ്. പിന്നെ ആരെയും കണ്ടില്ല. മണ്ണും മണലുമാണ് കൂടുതലുള്ളത്. ഇടയ്ക്ക് ചെറിയ മഴ പെയ്‌തതിനാൽ മണ്ണ് പാറിപോകുന്നില്ല. അത് ആശ്വാസമാണ്. വലിയ മഴ പെയ്‌താൽ എല്ലാം ഓടയിലേക്കുതന്നെ തിരിച്ചിറങ്ങും. അടിയന്തരമായി കോരിമാറ്റണം.
വിജയൻ വലിയശാല










0 comments