രൂക്ഷവിമർശവുമായി എൽപിഎസ്‌ടി ഉദ്യോഗാർഥികൾ
മുഖ്യമന്ത്രി സഭയിൽപ്പോലും പച്ചക്കള്ളം പറയുന്നു

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരപന്തലിൽ എത്തിയ പിഞ്ചുകുഞ്ഞും നിരാഹാരമിരിക്കുന്ന വളർമതിയും

സ്വന്തം ലേഖകൻ
Published on Oct 29, 2026, 12:30 AM | 1 min read
തിരുവനന്തപുരം
മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമര്‍ശവുമായി എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികള്‍. മുഖ്യമന്ത്രി സഭയില്‍പ്പോലും കള്ളം പറയുകയാണെന്ന് സമരസമിതി സെക്രട്ടറി എസ് വളര്‍മതി പറഞ്ഞു. ‘നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് ജനങ്ങളെ ധരിപ്പിക്കാനുള്ള കര്‍ത്തവ്യവും ഈ സമരത്തിനുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തെറ്റിദ്ധരിപ്പിക്കുന്നു. വിദ്യാഭ്യാസ മന്ത്രി എട്ടു തവണ ചര്‍ച്ചയ്ക്കു വിളിച്ചെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. 13 ദിവസം നിരാഹാരമനുഷ്‌ഠിച്ച് ഞാന്‍ മരണാസന്നയായപ്പോഴാണ് ചര്‍ച്ചയ്ക്കു വിളിച്ചത്. അതാണ് ആദ്യ ചര്‍ച്ച. അതുകഴിഞ്ഞ് 45 ദിവസത്തെ സമയം ആവശ്യപ്പെട്ടാണ് രണ്ടാമത്തെ ചര്‍ച്ചയ്ക്കു വിളിച്ചത്. എന്തിനാണ് സഭയില്‍ ഇങ്ങനെ കള്ളം പറയുന്നത്. തന്നെ സമ്മര്‍ദത്തിലാക്കരുതെന്നാണ് മുഖ്യമന്ത്രി ഫോണില്‍ വിളിച്ചു പറഞ്ഞത്. അധ്യാപക വിദ്യാര്‍ഥി അനുപാതം കുറയ്ക്കാനാകില്ലെന്നും പറഞ്ഞു. അതിനു പിന്നാലെയാണ് വീണ്ടും നിരാഹാരം ആരംഭിച്ചത്. അഞ്ചില്‍ നാല് ആവശ്യം അംഗീകരിച്ചെന്നതും നുണയാണ്. അങ്ങനെയെങ്കില്‍ ഉത്തരവ് എവിടെ. ആവശ്യങ്ങള്‍ അംഗീകരിച്ച യോഗത്തിന്റെ മിനിറ്റ്സ് രേഖ പുറത്തുവിടണം. സഭയില്‍ പച്ചക്കള്ളം വിളിച്ചുപറയുന്നത് മുഖ്യമന്ത്രിപദത്തിന് ചേർന്നതല്ല. രേഖാമൂലമുള്ള തെളിവാണ് ആവശ്യം. ഏതുരീതിയില്‍ സമരം അടിച്ചമര്‍ത്തിയാലും വഴങ്ങില്ല. നീതി കിട്ടുന്നതുവരെ പിന്നോട്ടില്ല’– വളര്‍മതി പറഞ്ഞു. സര്‍ക്കാര്‍ വഞ്ചനയില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കിയിരിക്കുകയാണ് ഉദ്യോഗാര്‍ഥികള്‍. തല മൊട്ടയടിച്ച് വളര്‍മതി നിരാഹാരം ആരംഭിച്ചിട്ട് മൂന്നുദിവസം പിന്നിട്ടു. സെക്രട്ടറിയറ്റിനു മുന്നിലെ രാപകൽ സമരം 116–ാം ദിവസത്തിലേക്ക് കടന്നു. വിദ്യാർഥി–അധ്യാപക അനുപാതം 1:25 ആയി കുറയ്ക്കുക, എയ്ഡഡ് നിയമനം വേഗത്തിലാക്കാനുള്ള സർക്കുലർ മരവിപ്പിക്കുക, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് അർഹമായ നിയമനം ഉറപ്പാക്കുക, ലിസ്റ്റിലുള്ളവർക്ക് നിയമനം നൽകാനാവശ്യമായ നടപടിയെടുത്തശേഷം മാത്രം തുടർനിയമനം നടത്തുക എന്നിവയാണ് മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍.









0 comments