print edition പിഎസ്സിക്കെതിരെ ആർഎസ്എസ് അജൻഡ


റഷീദ് ആനപ്പുറം
Published on Oct 29, 2026, 01:11 AM | 2 min read
തിരുവനന്തപുരം : പിഎസ്സിക്കെതിരെ മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നടപടി ആർഎസ്എസ് അജൻഡയുടെ ഭാഗം. യുഡിഎഫ് സർക്കാർ ഇതിന് പച്ചക്കൊടി കാട്ടുകയാണ്. കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ പിഎസ്സി അംഗത്തെ ഗവർണർ പിരിച്ചുവിട്ടതിനെതിരെ അവിടുത്തെ സർക്കാർ സ്വീകരിച്ച നയത്തിൽനിന്ന് വേറിട്ട നിലപാടാണ് കേരളത്തിലെ യുഡിഎഫ് സർക്കാർ കൈക്കൊള്ളുന്നത്.
സംസ്ഥാന സർക്കാരിന്റെ അധികാരത്തിൽ ഗവർണർ കടന്നുകയറിയിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും മൗനം പാലിക്കുന്നത് ആർഎസ്എസ്–യുഡിഎഫ് ഡീലിന്റെ ഭാഗമാണ്. പ്രതിപക്ഷ നേതാവ് ഒന്നിലേറെ തവണ ആവശ്യപ്പെട്ടിട്ടും വിഷയം നിയമസഭയിൽ ഉന്നയിക്കാൻ സ്പീക്കർ അനുമതി നൽകാത്തതും ഡീലിന്റെ തുടർച്ചയാണ്.
കേരളം വിടുന്നതിന് തൊട്ടുമുമ്പാണ് പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ ഗവർണർ രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയത്. എന്നാൽ, അതിന് ഗവർണർക്ക് അധികാരമില്ല. പിഎസ്സിക്കെതിരെ ഒരു തെളിവും ഗവർണറുടെ മുന്നിലില്ല. സർക്കാർ അത്തരം ശുപാർശ നൽകിയിട്ടുമില്ല. എന്നാൽ, ഗുരുതര നിയമവിരുദ്ധ നടപടിയെ ചോദ്യംചെയ്യാൻ തയ്യാറാകുന്നില്ല.
കേരള സർവകലാശാല കേന്ദ്രീകരിച്ചുള്ള കോക്കസും ഗവർണറുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില ആർഎസ്എസ് നേതാക്കളുംചേർന്നാണ് ഗവർണറെ മുന്നിൽനിർത്തി പിഎസ്സിക്കെതിരെ കരുക്കൾ നീക്കിയത്. ഒരാൾക്ക് പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുണ്ട്. ഇവരുടെ നിർദേശപ്രകാരമാണ് നിയമയ പരിശോധനയും കൂടാതെ ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ അയച്ചത്.
രാജ്യത്തിന് മാതൃകയായി പ്രവർത്തിക്കുന്ന പിഎസ്സിക്കെതിരെ മാധ്യമങ്ങളെ കൂട്ടുപിടിച്ച് വ്യാജകഥ പ്രചരിപ്പിക്കാനാണ് യുഡിഎഫ് ശ്രമം. ആർഎസ്എസിനും ബിജെപിക്കും ഇതേ നിലപാടാണ്.
ന്യായീകരിച്ച് മടുത്തപ്പോൾ മനോരമയും സമ്മതിച്ചു
പിഎസ്സിക്കെതിരായ ഗവർണറുടെ നീക്കത്തെ ആദ്യം പിന്തുണച്ച് വാർത്തകൾ നൽകിയ യുഡിഎഫ് പത്രമായ മനോരമയ്ക്കും ഒടുവിൽ, നടപടി തെറ്റാണെന്ന് പറയേണ്ടിവന്നു. പിഎസ്സി അധ്യക്ഷനോ അംഗങ്ങൾക്കോ എതിരെ ഗവർണർ ശുപാർശ നൽകേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമാണെന്നാണ് ബുധനാഴ്ചത്തെ വാർത്ത.
പിഎസ്സിക്കെതിരെ രാഷ്ട്രപതിക്ക് ഗവർണർ റിപ്പോർട്ട് നൽകിയതിനെ ന്യായീകരിക്കാൻ നിയമവിദഗ്ധരുടെ പ്രതികരണങ്ങളും നൽകിയിരുന്നു. മുൻ കേരളാഗവർണറും മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായ പി സദാശിവത്തിന്റെ പ്രതികരണത്തിൽ അദ്ദേഹം പറഞ്ഞതിന്റെ സാരാംശമല്ല തലക്കെട്ടായത്. നിയമിക്കുന്നത് ഗവർണർ ആണെന്നതിനാൽ നടപടിയെടുക്കാനും അധികാരമുണ്ട് എന്ന് ഒറ്റയടിക്ക് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാർത്ത.
എന്നാൽ ഗവർണർക്കുള്ള പരിമിതികളും നടപടിക്രമങ്ങളും വാർത്തയ്ക്കുള്ളിലുണ്ട്. ഭരണഘടനാസ്ഥാപനമെന്ന നിലയിൽ ഗുരുതര അഴിമതി ആരോപണമുണ്ടാവുകയും അത് തെളിയിക്കപ്പെടുകയും ചെയ്താലേ ഗവർണർക്ക് രാഷ്ട്രപതിക്ക് ശുപാർശ ചെയ്യാനാകുവെന്ന് ജസ്റ്റിസ് സതാശിവം പറയുന്നുണ്ട്.
എന്നാൽ ഗവർണർ ആയിരുന്ന ആർലേക്കർ പോകുന്നപോക്കിൽ നൽകിയ റിപ്പോർട്ട് ഇൗ നടപടിക്രമം പാലിച്ചില്ല. മന്ത്രിസഭയുടെ ശുപാർശയുമില്ല. എന്നിട്ടും ഗവർണർ ചെയ്തത് ഭരണഘടനാവിരുദ്ധമാണെന്ന് പറയുന്നതിനുപകരം അതിനെ ന്യായീകരിക്കുകയായിരുന്നു യുഡിഎഫ് പത്രം.









0 comments