Deshabhimani

‘കുട്ടി’ക്കളി വേണ്ട; പറക്കാനുള്ളതല്ല നിരത്ത്‌

s

എഐ ചിത്രം

avatar
സ്വന്തം ലേഖകൻ

Published on Oct 29, 2026, 01:54 AM | 2 min read

കോഴിക്കോട്‌

കുട്ടി ഡ്രൈവർമാർ നിരത്തിലൂടെ ‘പറത്തുന്ന’ വാഹനങ്ങൾ വരുത്തിവയ്‌ക്കുന്ന അപകടങ്ങൾ തുടർക്കഥയാകുകയാണ്‌. മേപ്പയ്യൂരിനടുത്ത്‌ നരക്കോട്‌ സ്കൂട്ടർ മതിലിൽ ഇടിച്ച്‌ പതിനാറ്‌ വയസുകാരൻ മരിച്ചതറിഞ്ഞ ഞെട്ടലിലാണ്‌ ബുധനാഴ്ച ജില്ലയുണർന്നത്‌. എറണാകുളത്തെ ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത ഡ്രൈവറുടെ അമിത വേഗം ഒരുകുടുംബത്തിന്റെയാകെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയത്‌ നാടിനെയാകെ ഞെട്ടിച്ച സംഭവമാണ്‌. അടുത്തിടെ വയനാട്ടിലുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ഒമ്പതാം ക്ലാസുകാരൻ ഇപ്പോഴും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്‌.

പത്താം ക്ലാസിലും പ്ലസ് ടുവിലുമെല്ലാം പഠിക്കുന്ന കുട്ടികളിൽ പലർക്കും ഡ്രൈവിങ്‌ ഹരമാണ്‌. കോളേജിലെ ‘സീനിയേഴ്സി’ന്റെ വാഹനങ്ങളുമായി ചീറിപ്പായുന്നവരുമുണ്ട്‌. സ്കൂട്ടർമുതൽ സൂപ്പർ ബൈക്കുകൾവരെയുള്ള ഇരുചക്ര വാഹനങ്ങളോടാണ്‌ കൂടുതലാളുകൾക്കും കമ്പം. കാർ തൽപ്പരരും കുറവല്ല.

കുഞ്ഞുനാളിലേ *വണ്ടിക്കമ്പം

ചെറുപ്പംമുതൽ വാഹന ലഭ്യതയുള്ളത്‌ കുട്ടികളെ ഡ്രൈവിങ്ങിലേക്ക്‌ ആകർഷിക്കുന്നുവെന്ന്‌ വിദഗ്ധർ പറയുന്നു. കുട്ടികളുടെ കളിപ്പാട്ടങ്ങൾപോലും വിലയും വലിപ്പവുംകൂടിയ ബൈക്കും കാറുമാകുന്നതും വാഹനക്കമ്പത്തിലേക്ക്‌ നയിക്കും. മുതിർന്നവരുടെ വണ്ടിപ്രേമവും കുട്ടികളെ ആകർഷിക്കുന്നുണ്ട്‌. കുഞ്ഞുങ്ങളെ മടിയിലിരുത്തിയും സ്കൂട്ടറിന്റെ മുന്നിൽ നിർത്തിയും വാഹനമോടിക്കാൻ പ്രേരിപ്പിക്കുന്നവരുണ്ട്‌. ഭൂരിഭാഗത്തിന്റെയും ഡ്രൈവിങ്ങിൽ ‘ആശാൻ’ രക്ഷിതാക്കൾ തന്നെയാണ്‌. ആരുടെയും സഹായമില്ലാതെ സ്വന്തം ഡ്രൈവിങ്‌ പഠിച്ചെടുക്കുന്ന കുട്ടികളുമുണ്ടെന്ന്‌ മോട്ടോർവാഹന വകുപ്പ്‌ ഉദ്യോസ്ഥർ പറയുന്നു. വർഷങ്ങൾക്കുമുമ്പ്‌ മായനാട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ കുട്ടികൾ ഇപ്പോഴും ജീവിതത്തോട്‌ മല്ലടിച്ചുകൊണ്ടിരിക്കയാണ്‌. വീട്ടുകാർ അറിയാതെ കാർ പുറത്തേക്ക്‌ തള്ളിക്കൊണ്ടുവന്നപ്പോഴുണ്ടായ അപകടത്തിലാണ്‌ നാല്‌ കുട്ടികൾക്ക്‌ ഗുരുതരമായി പരിക്കേറ്റത്‌.

കണക്കുകൂട്ടലുകൾ *പിഴയ്ക്കുന്ന പ്രായം

വേണ്ടത്ര പരിശീലനമില്ലാതെയാണ്‌ പല കുട്ടികളും വാഹനങ്ങളുമായി നിരത്തിലേക്കിറങ്ങുന്നത്‌. ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള പരിജ്ഞാനവും ഭൂരിഭാഗത്തിനുമില്ല. വളവുകളിലും മറ്റും വേഗം കുറയ്ക്കാൻ കുട്ടി ഡ്രൈവർമാർ ശ്രമിക്കില്ല. എതിരെ വരുന്ന വാഹനങ്ങളുടെ വേഗവും വലിപ്പവും മനസ്സിലാക്കി നിയന്ത്രിക്കാനുള്ള കഴിവും ഇ‍ൗ പ്രായക്കാർ ആർജിച്ചിട്ടുണ്ടാകില്ല. വാഹനങ്ങൾ ചെറിയ രീതിയിൽ നിയന്ത്രണംവിടുന്നതോടെ തിരിച്ചുപിടിക്കാൻ കഴിയാത്തതും അപകടസാധ്യത വർധിപ്പിക്കുകയാണ്‌.​

നിയമം കർശനം; *നടപടിയിൽ മെല്ലെപ്പോക്ക്‌

പ്രായപൂർത്തിയാകും മുന്നേയുള്ള ഡ്രൈവിങ്‌ തടയാൻ കർശന നിയമങ്ങൾ നിലവിലുണ്ട്‌. മോട്ടോർ വാഹന നിയമപ്രകാരം 18 വയസിൽ താഴെയുള്ളവർ പൊതുനിരത്തിൽ വാഹനമോടിച്ചാൽ കുട്ടിക്കും രക്ഷിതാവിനും (വാഹന ഉടമ) തുല്യ ഉത്തരവാദിത്തമുണ്ടാകും. വാഹന ഉടമയ്ക്കോ കുട്ടിയുടെ രക്ഷിതാക്കൾക്കോ മൂന്ന്‌ വർഷംവരെ തടവുശിക്ഷ ലഭിക്കാം. 25,000 രൂപവരെ പിഴയിടാനും നിയമത്തിൽ വ്യവസ്ഥയുണ്ട്‌. വാഹനത്തിന്റെ ആർസി ഒരുവർഷത്തേക്ക്‌ റദ്ദാക്കും. വാഹനമോടിച്ച കുട്ടിക്ക്‌ 25 വയസാകുംവരെ ലൈസൻസ്‌ അനുവദിക്കരുതെന്നും നിയമം അനുശാസിക്കുന്നു.

എന്നാൽ, കർശനമായി ഇവ നടപ്പാക്കാൻ തയ്യാറാകാത്തതാണ്‌ പ്രശ്നമെന്ന്‌ വിദഗ്ധർ പറയുന്നു. കേസുകൾ പലപ്പോഴും ഒത്തുതീർപ്പാക്കുന്നതും രക്ഷിതാക്കളടക്കമുള്ളവരുടെ സ്വാധീനത്തിന്‌ നിയമപാലകർ വഴങ്ങുന്നതും നിയമം പുസ്തകത്തിൽ ഉറങ്ങാൻ കാരണമാകുന്നുണ്ട്‌.

ഇന്നലെ കുടുങ്ങിയത്‌ *51 പേർ

ബുധനാഴ്ച കണ്ണൂർ റേഞ്ചിൽ പൊലീസ്‌ നടത്തിയ പരിശോധനയിൽ ജില്ലയിൽ കുടുങ്ങിയത്‌ 51 കുട്ടിഡ്രൈവർമാരാണ്‌. കോഴിക്കോട്‌ റൂറലിൽ 14ഉം സിറ്റിയിൽ അഞ്ചും കാസർകോട്‌ 13ഉം വയനാട് ഒന്നും കണ്ണൂർ സിറ്റിയിൽ 12ഉം റൂറലിൽ ആറും കേസുകൾ വീതമാണ്‌ രജിസ്റ്റർ ചെയ്തത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home