ad
Deshabhimani

കോർപറേറ്റുകൾക്കായി കേന്ദ്രത്തിന്റെ വർഗീയ ധ്രുവീകരണം

കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച കർഷകസംഗമം സിപിഐ എം 
കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു

കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച കർഷകസംഗമം സിപിഐ എം 
കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 03, 2026, 12:00 AM | 1 min read

തിരുവനന്തപുരം

കോർപറേറ്റുകൾക്കുവേണ്ടി കേന്ദ്ര സർക്കാർ ജനങ്ങളെ വർഗീയമായി ധ്രുവീകരിക്കുന്നുവെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത്‌ ദിനേശൻ. കേരള കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ‘ആഗോളവൽക്കരണവും കാർഷിക പ്രതിസന്ധിയും’ എന്ന സെമിനാറും കർഷകസംഗമവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോളവൽക്കരണ നയങ്ങൾ കാർഷിക മേഖലയിൽ ഉൾപ്പെടെ വലിയ ദുരിതം സൃഷ്‌ടിക്കുമ്പോൾ ജനങ്ങൾ സമരരംഗത്തേക്ക്‌ വരും. ജീവിതപ്രയാസങ്ങളുടെ പേരിൽ പൊരുതി മുന്നോട്ടുവരുമ്പോൾ, ആ ജനതയെ തമ്മിലടിപ്പിക്കാനാണ്‌ വർഗീയത എന്ന യാഥാർഥ്യം മനസ്സിലാക്കണം. രാജ്യത്തെ വിദ്യാർഥി പ്രക്ഷോഭം എല്ലാ ജന വിഭാഗങ്ങളുമായും ഐക്യപ്പെട്ടാണ്‌ മുന്നോട്ടുപോകുന്നത്‌. ഇ‍ൗ ഐക്യപ്പെടലിൽ ഏത്‌ ഭരണകൂടവും തകരുമെന്നും പുത്തലത്ത്‌ ദിനേശൻ പറഞ്ഞു. കോർപറേറ്റ്‌ നയങ്ങൾ അതേപടി നടപ്പാക്കുന്ന പാർടിയാണ്‌ ബിജെപി. രാജ്യത്തെ കോർപറേറ്റുകൾക്ക് ആവശ്യമായ സഹായം ചെയ്തുകൊടുക്കാൻ കോടികൾ സർക്കാരിന്റെ ഖജനാവിലുണ്ട്. എന്നാൽ, പാവപ്പെട്ട കർഷകർക്ക് സബ്‌സിഡി നൽകാൻ പണമില്ല. ആഗോളവൽക്കരണ നയം രാജ്യത്തെ എല്ലാ വിഭാഗങ്ങൾക്കിടയിലും പ്രശ്നങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്‌. നമ്മളെ സംരക്ഷിക്കാൻ നമ്മൾ രൂപപ്പെടുത്തിയ കവചങ്ങളെ തട്ടിമാറ്റലാണ് ആഗോളവൽക്കരണമെന്നും പുത്തലത്ത്‌ ദിനേശൻ പറഞ്ഞു. ജില്ലാ ട്രഷറർ ഡി കെ മുരളി അധ്യക്ഷനായി. ഡോ. എൻ എസ്‌ രാധിക മുഖ്യപ്രഭാഷണം നടത്തി. അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ എസ് കെ പ്രീജ, ജില്ലാ പ്രസിഡന്റ്‌ വി എസ് പത്മകുമാർ, സെക്രട്ടറി കെ സി വിക്രമൻ, എം എം ബഷീർ, എ പ്രതാപചന്ദ്രൻ, ജി വസുന്ധരൻ, എം മനോഹരൻ, എം സോമശേഖരൻ, വി എൻ വിനോദ്, എസ് ചന്ദ്രകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home