സഹകരണസംഘങ്ങളെ തകർക്കുക ലക്ഷ്യം
സാധാരണക്കാരന് തിരിച്ചടി; കലക്‌ഷൻ ഏജന്റുമാർക്ക് തൊഴിൽ നഷ്‌ടപ്പെടും

തിരുവനന്തപുരം
സാമൂഹ്യസുരക്ഷാ ക്ഷേമ പദ്ധതികൾ അട്ടിമറിക്കുന്നതിലൂടെ യുഡിഎഫ് ഉന്നമിടുന്നത് സഹകരണ സ്ഥാപനങ്ങളെ. പെൻഷൻ വിതരണം തപാൽ വകുപ്പ് മുഖേന വിതരണം ചെയ്യണമെന്ന് മുന്പ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടപ്പോൾ എൽഡിഎഫ് സർക്കാർ നിരാകരിച്ചിരുന്നു. ബിജെപി സർക്കാരിന്റെ നയമാണ് യുഡിഎഫും പിന്തുടരുന്നത്. സഹകരണ സംഘങ്ങളെ പെൻഷൻ വിതരണത്തിൽനിന്ന് ഒഴിവാക്കുന്നതിലൂടെ ഇതിനെ ആശ്രയിച്ച് കഴിയുന്ന ഇരുപതിനായിരത്തോളം കലക്‌ഷൻ ഏജന്റുമാരുടെ വരുമാനം നിലയ്‌ക്കും. കിടപ്പുരോഗികൾക്കും വയോജനങ്ങൾക്കും വാഹനസൗകര്യമില്ലാത്ത ഒറ്റപ്പെട്ട പ്രദേശങ്ങളിൽ താമസിക്കുന്നവർക്കുമെല്ലാം വീടുകളിൽ പെൻഷൻ എത്തിച്ചിരുന്നത് ആശ്വാസകരമായിരുന്നു. ഓണക്കാലത്ത് ലഭിക്കേണ്ട രണ്ടുമാസത്തെ പെൻഷൻ ആധാർ ലിങ്കിങ്, മസ്‌റ്ററിങ് എന്നീ പേരുകളിൽ മുടക്കുമോ എന്നും ആശങ്കയുണ്ട്. 23 ലക്ഷംപേർക്കാണ് പത്തുവർഷമായി മുടങ്ങാതെ വീട്ടുപടിക്കൽ പെൻഷൻ എത്തിയിരുന്നത്. ഒരാൾക്ക് പെൻഷൻ എത്തിക്കുന്പോൾ കലക്‌ഷൻ ഏജന്റിന് ഇൻസെന്റീവായി 25 രൂപ ലഭിക്കും. സഹകരണ സ്ഥാപനത്തിന് അഞ്ചു രൂപയും. തപാൽവകുപ്പ് മുഖേന വിതരണം ചെയ്യുന്പോൾ ഇതിലും കൂടുതൽ തുക ചെലവാകും. സേവനപ്രവർത്തനമായാണ് സംഘങ്ങൾ പെൻഷൻ വിതരണം നിർവഹിച്ചിരുന്നത്. സാമൂഹിക ഉത്തരവാദിത്വത്തോടെ സഹകരണ സ്ഥാപനത്തിന്റെ പണമെടുത്ത് മുടങ്ങാതെ പെൻഷൻ നൽകുകയും വിതരണത്തുക കൺസോർഷ്യം വഴി പിന്നീട് സംഘങ്ങൾക്ക് ലഭിക്കുകയുമായിരുന്നു. സഹകരണ കൺസോർഷ്യത്തിൽ കോടിക്കണക്കിന് രൂപ സംഘങ്ങൾ നിക്ഷേപിച്ചിട്ടുണ്ട്. ഇതിന്റെ പലിശയും മുടങ്ങാതെ ലഭിച്ചിരുന്നു. സാന്പത്തിക പ്രതിസന്ധിയുടെ പേരിൽ നിക്ഷേപത്തുക സർക്കാർ മടക്കി നൽകാതിരിക്കുകയോ പലിശ നൽകാതിരിക്കുകയോ ചെയ്‌താൽ സംഘങ്ങളും പ്രതിസന്ധിയിലാകും. സഹകരണസംഘങ്ങളെ പരിരക്ഷിക്കേണ്ടതിനുപകരം തകർക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.










0 comments