print edition കൊടൈക്കനാലിലെ ജാതിക്കൊലയിൽ പ്രതിഷേധം കടുപ്പിച്ച് സിപിഐ എം; കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യക്ക് ജോലി നൽകി ഉത്തരവ്

ചെന്നൈ: തമിഴ്നാട്ടിലെ കൊടൈക്കനാലിൽ കൃഷിയിടത്തിൽ കുതിര കയറിയെന്ന് ആരോപിച്ച് ദളിത് യുവാവിനെ കൊലപ്പെടുത്തിയതിൽ പേരാട്ടവുമായി സിപിഐ എം. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും യുവാവിന്റെ കുടുംബത്തിന് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ടും മെഡിക്കൽ കോളേജിനുമുന്നിൽ വഴിതടയൽ സമരവും രാപകൽ കാത്തിരിപ്പ് സമരവും നടത്തി. സിപിഐ എമ്മിനുകീഴിലെ അയിത്തോച്ചാടന മുന്നണി (ടിഎൻയുഇഎഫ്) ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം.
നീതി ലഭിക്കാതെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് പ്രതിഷേധം തുടർന്നതോടെ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകാൻ അധികൃതർ നിർബന്ധിതരായി. കൊടൈക്കനാൽ വിൽപട്ടിയിലെ സർക്കാർ സാമൂഹികക്ഷേമ ഹോസ്റ്റലിൽ പാചകക്കാരിയായാണ് നിയമനം. അയിത്തോച്ചാടന മുന്നണി നേതാക്കളുടെ സാന്നിധ്യത്തിൽ കലക്ടർ ഉത്തരവ് കൈമാറി. ജൂലൈ 30-ന് രാത്രിയാണ് കൊടൈക്കനാൽ പൂമ്പാറ വയൽവഴിയിലെ രാമറി(26)നെ ജാതിപ്പേര് വിളിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.










0 comments