ഇൗ കണ്ണീര് കാണണേ...

സഹകരണ ബാങ്കിൽ നിന്നും നേരിട്ടാണ് ഇവർക്ക് വീട്ടിലെത്തി ക്ഷേമ പെൻഷൻ നൽകിയിരുന്നത്.ഇനി ബാങ്ക് വഴി മാത്രം ക്ഷേമ പെൻഷൻ നൽകിയാൽ മതിയെന്ന യുഡിഎഫ് സർക്കാരിന്റ്റെ പുതിയ തീരുമാനത്തിൽ മനം നൊന്ത് കഴിയുകയാണ് വിധവകളായ ഈ അമ്മയും മകളും.ഇവരെ പോലെ നിരവധി ആളുകളാണ് യുഡിഎഫ് ക്ഷേമ പെൻഷൻ വിതരണ നയത്തിൽ ദുരിതത്തിലായിരിക്കുന്നത്
സ്വന്തം ലേഖകൻ
Published on Aug 08, 2026, 12:05 AM | 1 min read
പത്തനംതിട്ട
ഇവർ രണ്ടും വിധവകൾ. ഒരാൾക്ക് 93 വയസുണ്ട്. കിടപ്പുരോഗിയാണ്. മറ്റെയാൾ പേസ്‌മേക്കറിന്റെ സഹായത്താൽ ജീവിക്കുന്ന ഹൃദ്‌രോഗി. ജീവിതമാർഗം സർക്കാരിൽനിന്ന് ലഭിക്കുന്ന ക്ഷേമപെൻഷൻ മാത്രം. പ്രാരാബ്‌ധത്തിന്റെ കയത്തിലകപ്പെട്ട ഒരു കുടുംബം. ചെന്നീർക്കര ഇടയിലെകിഴക്കേതിൽ വീട്ടിന്റെ അവസ്ഥ ആരെയും കണ്ണുന്നനയിക്കുന്നതാണ്. ഇൗ വീട്ടിലേക്ക് മാസംതോറും സഹകരണബാങ്കിലെ ജീവനക്കാരനെത്തിക്കുന്ന പെൻഷനാണ് ഇനി ഇല്ലാതാകാൻ പോകുന്നത്.
രണ്ടര വർഷമായി സത്യഭാമ കിടപ്പിലായിട്ട്. രണ്ട് പേരുടെയെങ്കിലും സഹായമില്ലാതെ എണീറ്റിരിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയില്ല. പ്രാഥമികകാര്യങ്ങളെല്ലാം കിടക്കയിൽതന്നെ. ഒപ്പമുള്ളത് മകൾ സുധർമ (72) മാത്രം. ഇവർക്ക് ഹൃദ്‌രോഗം മൂർച്ഛിച്ചതിനെ തുടർന്ന് രണ്ടുവർഷം മുന്പാണ് പേസ്‌മേക്കർ ഘടിപ്പിച്ചത്. കാലിൽ രക്തയോട്ടം കുറവായതിന്റെ ബുദ്ധിമുട്ടുകളുമുണ്ട്. രണ്ട് പെൺമക്കൾ വിവാഹം കഴിച്ച് അവരുടെ വീടുകളിലാണ്. രോഗാവസ്ഥയിലായതിനാൽ ചില ദിവസങ്ങളിൽ വച്ചുണ്ടാക്കാൻ പോലും കഴിയാറില്ല. അയൽവാസികളാരെങ്കിലും ഭക്ഷണം കൊണ്ടുതരും. സത്യഭാമയ്‌ക്കും സുധർമയ്‌ക്കും ചികിത്സയ്‌ക്കും മരുന്നിനുമായി നല്ലൊരു തുക മാസംതോറും വേണം. പെൻഷനാണ് ഏക വരുമാനമാർഗം. ‘ഇത് കഴിഞ്ഞ സർക്കാർ ഞങ്ങളുടെ വീട്ടിലെത്തിച്ചു. പുതിയതായി അധികാരത്തിൽ കയറിയവർ അതുമുടക്കി. ഇനി പെൻഷനും കൂടി ഇല്ലാതാക്കുമോയെന്നാണ് പേടി’ – പൊട്ടിപ്പൊളിഞ്ഞ വീട്ടിലിരുന്ന് സുധർമ ആശങ്ക പങ്കുവയ്‌ക്കുന്നു.
ചെന്നീർക്കര സഹകരണ ബാങ്കിലെ ജീവനക്കാരാണ് എല്ലാ മാസവും പെൻഷൻ കൊണ്ടുവന്നിരുന്നത്. സത്യഭാമയുടെ ഭർത്താവ് ശ്രീധരൻ മരിച്ചിട്ട് 18 വർഷമായി. മകൾ സുധർമയുടെ ഭർത്താവ് മാധവൻ 2002ൽ മരിച്ചു.










0 comments