Deshabhimani

കാലം മായ്ക്കാത്ത പോരാട്ടവീര്യത്തിന് ഇന്ന് 88 വയസ്സ്‌

കല്ലറ ജങ്ഷനിലെ രക്തസാക്ഷി 
സ്മാരകം

കല്ലറ ജങ്ഷനിലെ രക്തസാക്ഷി 
സ്മാരകം

വെബ് ഡെസ്ക്

Published on Sep 30, 2026, 02:00 AM | 1 min read

വെഞ്ഞാറമൂട്

ജന്മിമാരുടെയും അധികാരവർഗത്തിന്റെയും കാടത്തങ്ങൾക്കെതിരെ കർഷകരുടെ ഐതിഹാസിക ചെറുത്തുനിൽപ്പായ കല്ലറ പാങ്ങോട് സമരത്തിന് 88 വയസ്സ്. 1938 സെപ്തംബർ 30ന് നടന്ന പാങ്ങോട് പൊലീസ് സ്റ്റേഷൻ ആക്രമണവും അതിന് സാക്ഷിയായ പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടവും ഇന്നും സമരചരിത്രത്തിന്റെ ഓർമകൾ പുതുതലമുറയ്ക്ക് പകരുന്നു. 1936ൽ സർ സി പി രാമസ്വാമി അയ്യർ തിരുവിതാംകൂറിന്റെ ദിവാനായതോടെ ജനദ്രോഹനടപടികളും കർശന നികുതിവ്യവസ്ഥകളും നിലവിൽവന്നു. ചന്തകളിൽ സാധനങ്ങൾക്ക്‌ അമിതനികുതി ഏർപ്പെടുത്തിയതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലായി. ചന്തപ്പിരിവ് കരാറെടുത്ത ഏജന്റുമാർ കർഷകരോട് മനുഷ്യത്വരഹിതമായി പെരുമാറിയതും പ്രതിഷേധത്തിന് കാരണമായി. അമിതനികുതി നൽകാൻ വിസമ്മതിച്ചവരെ നേരിടാൻ പൊലീസിനെയും ഗുണ്ടാസംഘങ്ങളെയും ഉപയോഗിച്ചതോടെയാണ്‌ സംഘർഷം രൂക്ഷമായത്‌. അതിക്രമങ്ങൾക്കെതിരെ കർഷകർ പലതവണ സംഘടിച്ച് പ്രതിഷേധിച്ചു. കർഷകസമരങ്ങൾ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിക്കൂടി മാറിയ കാലഘട്ടമായിരുന്നു അത്. 1938 ആഗസ്ത് 26 മുതൽ നിയമലംഘനപ്രക്ഷോഭം ആരംഭിക്കാൻ സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകസമിതി തീരുമാനിച്ചതോടെ സമരത്തിന് പുതിയ ദിശ ലഭിച്ചു. ചന്തപ്പിരിവ് നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. എൻ സി വൈദ്യൻ, ജമാൽ ലബ്ബ, മടത്തുവാതുക്കൽ ശങ്കരൻ, രാമേലിക്കോണം പത്മനാഭൻ എന്നിവരാണ് സമരത്തിന് നേതൃത്വം നൽകിയത്. ഇതിനിടെയാണ് കടയിൽ സാധനം വാങ്ങാനെത്തിയ കൊച്ചാപ്പിപ്പിള്ളയെ സമരക്കാരനെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് പാങ്ങോട് സ്റ്റേഷനിലെത്തിച്ച് മർദിച്ചത്. തുടർന്നുണ്ടായ സംഘർഷം പൊലീസ് സ്റ്റേഷൻ ആക്രമണത്തിലേക്ക് നയിച്ചു. ഏറ്റുമുട്ടലിൽ പ്ലാങ്കീഴിൽ കൃഷ്ണനും ചെറുവാളം കൊച്ചുനാരായണനാശാരിയും രക്തസാക്ഷികളായി. കർഷകജനതയുടെ ഉജ്വല പോരാട്ടവീര്യം കണ്ട കല്ലറ–പാങ്ങോട് സമരം ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ 39 ഉന്നത സമരങ്ങളിൽ 26–-ാംസ്ഥാനത്താണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home