തെരുവുനായകൾ പെരുകി; ഇനിയും ഷെൽട്ടറായില്ല

തിരുവനന്തപുരം
നഗരം അനുഭവിക്കുന്ന കുമിഞ്ഞുകൂടിയ മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാൻ കോർപറേഷന് കഴിയാതായതോടെ തെരുവുനായകളുടെ എണ്ണവും പെരുകി. മാസങ്ങൾക്കുമുന്പ് ഏതാനും തെരുവുനായകളെ പിടികൂടി സമൂഹമാധ്യമത്തിൽ റീൽസുമിട്ട് മുങ്ങിയ മേയർ പിന്നീട് ആ വഴിക്ക് വന്നിട്ടില്ല. പെറ്റുപെരുകി നഗരം കൈയടക്കിയ നായകളുടെ ശല്യം അവസാനിപ്പിക്കുമെന്നത് തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ നഗരവാസികൾക്ക് ബിജെപി നൽകിയ ഉറപ്പായിരുന്നു. നിരവധിപേരെ നായ കടിച്ചു. കണ്ണിന്റെ പോളയടക്കം കടിച്ചുപറിച്ച് ഗുരുതര പരിക്കേറ്റ പാങ്ങോട് സ്വദേശിയുടെ ചികിത്സാച്ചെലവുപോലും ഏറ്റെടുക്കാൻ കോർപറേഷൻ തയ്യാറായില്ല. ശാശ്വതപരിഹാരം കാണുമെന്ന് പറഞ്ഞിട്ട് ഏഴ് മാസം പിന്നിട്ടു. നായകളെ പാർപ്പിക്കാൻ ഷെൽട്ടറിന് സ്ഥലം കണ്ടെത്തിയെന്ന് ആവർത്തിക്കുന്നതല്ലാതെ ഏറ്റെടുത്ത സ്ഥലം വെളിപ്പെടുത്താനും തയ്യാറായില്ല. ഷെൽട്ടർ ഇല്ലാത്തതുകൊണ്ട് നായകളുടെ വന്ധ്യംകരണം നടക്കുന്നില്ല. തന്പാനൂർ റെയിൽവേ സ്റ്റേഷൻ, കെഎസ്‌ആർടിസി സ്റ്റാൻഡ്, മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, കോടതി വളപ്പ് എന്നിവിടങ്ങളിലെല്ലാം നിറയെ നായകൾ ചുറ്റിത്തിരിയുന്നു. മാലിന്യബിന്നുകൾ പലയിടത്തുനിന്നും നീക്കിയതോടെ നഗരവാസികൾക്കും യാത്രക്കാർക്കുമെല്ലാം മാലിന്യമിടാൻ സൗകര്യമില്ലാതായി. ഇതോടെ ഭക്ഷണമാലിന്യമടക്കം റോഡിലും മറ്റും നിറയെ കിടക്കുന്നു. ഇത് തേടിയാണ് നായകൾ വട്ടംകറങ്ങുന്നത്. ഭക്ഷണം കിട്ടാതാകുന്പോൾ അക്രമാസക്തരാകും. നടപ്പാതകളിൽകൂടി സ്വസ്ഥമായി നടക്കാനും കഴിയുന്നില്ല. കിള്ളിയാർ, ആമയിഴഞ്ചാൻ തോട്, പാർവതീപുത്തനാർ തുടങ്ങിയ ജലാശയങ്ങളുൾപ്പെടെ മാലിന്യം മൂടി. അറവുശാലകളിൽനിന്ന് ചാക്കുകളിൽ തള്ളുന്ന മാംസാവശിഷ്‌ടങ്ങൾവരെ ഇതിലുണ്ട്. കൗൺസിൽ യോഗങ്ങളിൽ ഗുരുതര വിഷയങ്ങളിൽ ചർച്ചയ്ക്ക് അവസരം പ്രതിപക്ഷത്തിന് നൽകുന്നില്ല. മാസങ്ങളായി തുലാസിലാടിയ നഗരഭരണം നിലനിർത്താൻവേണ്ടി, കാപ്പ കേസിൽ പ്രതിയായി ജയിലിലടയ്ക്കപ്പെട്ട വാഴോട്ടുകോണം കൗൺസിലർക്ക് സംരക്ഷണമൊരുക്കുക മാത്രമായി ഭരണസമിതിയുടെ പ്രധാന അജൻഡ. അമേരിക്കൻ ടൂർ നടത്തി ചൊവ്വാഴ്‌ചയാണ് മേയർ തിരിച്ചെത്തിയത്. ഇൻഡോർ മാതൃക വിട്ട് അമേരിക്കൻ മാതൃക നടപ്പാക്കുമെന്നാണ് പുതിയ വാഗ്‌ദാനം.










0 comments