ചിറയിൻകീഴ് താലൂക്കാശുപത്രി പരിസരത്ത് തെരുവുനായ ശല്യം

ചിറയിൻകീഴ് താലൂക്കാശുപത്രിക്ക് സമീപം തെരുവുനായകൾ
ചിറയിൻകീഴ്
താലൂക്കാശുപത്രിയിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി രോഗികളെത്തുന്ന ആശുപത്രിയിൽ കൂട്ടമായി തമ്പടിച്ച നായകൾ വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. ആശുപത്രിയിലേയും സമീപത്തെ ഹോട്ടലുകളിലേയും ചന്തയിലേയും ഭക്ഷണമാലിന്യം കിട്ടുന്നതാണ് ഇവ കൂട്ടമായി തമ്പടിക്കാൻ കാരണം. കഴിഞ്ഞ മാസം 19 ന് ശസ്ത്രക്രിയ കഴിഞ്ഞ് തുടർചികിത്സയ്ക്കെത്തിയ അഴൂർ സ്വദേശി സതീന്ദ്രന് ആശുപത്രി വളപ്പിൽ തെരുവുനായയുടെ കടിയേറ്റിരുന്നു. ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിലെത്തിച്ചാണ് ചികിത്സ നൽകിയത്. റോഡിലൂടെ തലങ്ങും വിലങ്ങും ഓടുന്ന നായകളിൽ നിന്ന് ഇരുചക്ര വാഹന യാത്രക്കാർ തലനാരിഴയ്‌ക്കാണ് പലപ്പോഴും രക്ഷപ്പെടുന്നത്. റെയിൽവേസ്റ്റേഷൻ, ശാർക്കരക്ഷേത്രപറമ്പ്, പൊതു മാർക്കറ്റ് കോമ്പൗണ്ട് എന്നിവിടങ്ങളിലും തെരുവുനായകൾ വ്യാപകമാണ്. മൂന്നാഴ്ച മുൻപ് ക്ഷേത്രപറമ്പിന് സമീപം കളിക്കുകയായിരുന്ന 4 കുട്ടികളെ നായക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ചെങ്കിലും കുട്ടികൾ രക്ഷപ്പെട്ടു. സമീപ പഞ്ചായത്തുകളായ കിഴുവിലം, അഴൂർ എന്നിവിടങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. ആശുപത്രി പരിസരത്തുനിന്നും നായകളെ തുരത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.








0 comments