വന്ധ്യംകരണം നിലച്ചു
‘പട്ടിയുണ്ട്, സൂക്ഷിക്കണ’മെന്ന് മേയർ

തിരുവനന്തപുരം
‘പട്ടിയുണ്ട്, സൂക്ഷിക്കണം’ എന്ന് ടൂറിസം ഓണം വാരാഘോഷ ഉദ്‌ഘാടന വേദിയിൽ സന്ദർശകരെ ഓർമപ്പെടുത്തി മേയർ. നഗരത്തില്‍ തെരുവുനായ ശല്യം രൂക്ഷമായിട്ടും പരിഹാരത്തിന് നടപടിയില്ലെന്ന പരാതി സ്ഥിരീകരിക്കുന്നതാണ് മേയറുടെ വാക്കുകൾ. അധികാരത്തിലേറിയാല്‍ നഗരം തെരുവുനായ മുക്തമാകുമെന്ന് പ്രഖ്യാപിച്ച ബിജെപി ഭരണത്തില്‍ നഗരമെന്പാടും നായകള്‍ അലഞ്ഞുതിരിയുകയാണ്. മെഡിക്കൽ കോളേജ് പരിസരത്ത് നായശല്യം രൂക്ഷമായെന്ന പരാതിയില്‍ മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ കോര്‍പറേഷന്‍ സെക്രട്ടറിയിൽനിന്ന് അടിയന്തര റിപ്പോർട്ട് കഴിഞ്ഞ ദിവസം തേടിയിരുന്നു. സെപ്‌തംബർ 14നകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിര്‍ദേശം. പത്മനാഭസ്വാമിക്ഷേത്രത്തിൽ ദർശനത്തിനെത്തിയ രണ്ടുപേരെ രണ്ടാഴ്ച മുമ്പ് തെരുവുനായ ആക്രമിച്ചിരുന്നു. കഴക്കൂട്ടത്ത് യാത്രക്കാരെ ആക്രമിച്ച നായയെ കണ്ടെത്താനും കഴിഞ്ഞില്ല. എന്നാല്‍, ഏതാനും നായകളെ പിടികൂടി സമൂഹമാധ്യമത്തിൽ റീൽസിടുന്നതോടെ അവസാനിക്കുന്നതാണ് മേയറുടെയും ഡെപ്യൂട്ടി മേയറുടെയും നായപിടിത്തം. വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കണമെന്ന് പ്രതിപക്ഷം പലപ്പോഴായി ആവശ്യപ്പെട്ടിട്ടും ഭരണസമിതി തയ്യാറായിട്ടില്ല. ശാശ്വത പരിഹാരം ഉടനെയെന്ന റീല്‍സ് വാചകം മാത്രമാണ് നടക്കുന്നത്. നായകളെ പാർപ്പിക്കാൻ പുനരധിവാസ കേന്ദ്രവും ഇതുവരെ തയ്യാറായിട്ടില്ല. വന്ധ്യംകരണവും പാളിയെന്ന ആക്ഷേപമുണ്ട്. സുപ്രീംകോടതി നിർദേശം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് തെരുവുനായകളുടെ ദയാവധത്തിന് ഏകീകൃത മാനദണ്ഡം (എസ്ഒപി) രൂപീകരിച്ചിട്ടും കോർപറേഷൻ അധികൃതർക്ക് അനക്കമില്ല. തദ്ദേശസ്ഥാപന തലത്തിൽ രൂപീകരിക്കുന്ന സ്ട്രേ ഡോഗ് മാനേജ്മെന്റ് കമ്മിറ്റികൾ (എസ്ഡിഎംസി)ക്കാണ് തെരുവുനായ നിയന്ത്രണം, മാനേജ്മെന്റ്, ദയാവധം നടപ്പാക്കൽ, പ്രാദേശികതലത്തിലുള്ള ഓഡിറ്റിങ് എന്നിവയുടെ ഉത്തരവാദിത്വം. ഏകീകൃത മാനദണ്ഡ നിര്‍ദേശം നടപ്പാക്കാന്‍ പ്രാരംഭ ചര്‍ച്ച ആരംഭിച്ചിട്ടില്ല.










0 comments