print edition ആർഎസ്‌എസിന് കീഴടങ്ങി ലീഗിന്റെ സമുദായവഞ്ചന


റഷീദ് ആനപ്പുറം
Published on Aug 29, 2026, 12:15 AM | 1 min read
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ നൂറുദിനം പിന്നിടുമ്പോൾ വെളിപ്പെട്ടത് മുസ്ലിംലീഗിന്റെ സമുദായ വഞ്ചനയും. വി ഡി സതീശന്റെ കാവിവൽക്കരണത്തിന് കൂട്ടുനിൽക്കുന്ന ലീഗ് മസ്‌ജിദിൽ കയറിയുള്ള പൊലീസ് വേട്ടയിലും മൗനം പാലിച്ചു. യുഡിഎഫ് സർക്കാരിന്റെ ആർഎസ്‌എസ് ദാസ്യവേലക്ക് സന്പൂർണമായി കീഴടങ്ങിയ ലീഗ് നേതൃത്വത്തിന്റെ സമുദായ വഞ്ചനക്ക് മാപ്പില്ലെന്ന നിലപാടിലാണ് അണികളിൽ ഒരുവിഭാഗം.
യുഡിഎഫ് ഭരിച്ച എക്കാലത്തും പൊലീസ് ആരാധനാലയങ്ങളിൽ കയറിയിട്ടുണ്ട്. ശിവഗിരി മുതൽ കോഴിക്കോട് കണ്ണൂക്കര മാടാക്കര ജുമാ മസ്ജിദിൽവരെ എത്തിനിൽക്കുന്നു യുഡിഎഫ് കാലത്തെ പൊലീസ് നരനായാട്ട്. ചോന്പാൽ പൊലീസ് ബൂട്ടിട്ട് പള്ളിയിൽ കയറി വിശ്വാസികളെ ചവിട്ടിയത് വടക്കേയിന്ത്യയിലെ പൊലീസ് രാജിന് സമാനം. ഇതിനെതിരെ ലീഗ് പ്രതിഷേധിച്ചില്ല.
പിഎം ശ്രീ, വഖഫ് ബോർഡിൽ അമുസ്ലിം പ്രതിനിധികളെ ഉൾപ്പെടുത്തൽ, പിഎംഎവൈ പദ്ധതി വീടുകളിൽ ലോഗോ പതിയ്‌ക്കൽ എന്നിങ്ങനെ സംഘപരിവാർ അജൻഡ നടപ്പാക്കാൻ ചുമതല ലീഗ് മന്ത്രിമാർക്കാണ്. വന്ദേമാതരം സന്പൂർണമായി ആലപിക്കൽ, സർവകലാശാലകളിലെ സംഘപരിവാർവൽക്കരണം, അഡ്വക്കറ്റ് ജനറൽ, ഗവ.പ്ലീഡർമാർ, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ സ്ഥാനങ്ങളിൽ ആർഎസ്‌എസ് ബന്ധമുള്ളവരെ നിയമിക്കൽ എന്നിവയിലും ലീഗ് മിണ്ടിയില്ല. പലതിലും കോൺഗ്രസിൽനിന്ന് എതിർപ്പുയർന്നിട്ടും മുഖ്യമന്ത്രിക്ക് ലീഗിന്റെ സമ്പൂർണ പിന്തുണ ലഭിച്ചു.
കടലിൽ മുസല്ലയിട്ട് നിസ്‌ക്കരിച്ചാലും ആർഎസ്‌എസുമായി കൂട്ടുകൂടില്ലെന്നായിരുന്നു സി എച്ച് മുഹമ്മദ്‌കോയ പ്രഖ്യാപിച്ചത്. എന്നാൽ 1991ലെ നിയമസഭാ–ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോലീബി സഖ്യത്തോടെ ആ നയം ലീഗ് വിട്ടു. ചന്ദ്രിക കള്ളപ്പണം, എ ആർ നഗർ ബാങ്ക് നിക്ഷേപം എന്നിവയിലെ ഇഡി അന്വേഷണത്തിൽനിന്ന് രക്ഷപ്പെടുകയെന്ന ലക്ഷ്യവും ആർഎസ്‌എസ് പാദസേവയ്‌ക്കുപിന്നിലുണ്ട്. കഴിഞ്ഞദിവസം ലീഗ് നേതാവ് ബഷീറലി ശിഹാബ് തങ്ങൾ ഗവർണറെ കണ്ടതിലെ ദുരൂഹത നീങ്ങിയിട്ടില്ല.










0 comments