ചായക്കൂട്ടൊരുങ്ങി; ഇനി പുലിയിറക്കം

സീതാറാം മിൽ ദേശം പുലിച്ചായം അരച്ച് തയ്യാറാക്കുന്നു
ജിബിന സാഗരന്‍
Published on Aug 29, 2026, 12:22 AM | 1 min read
തൃശൂര്‍
വെള്ള... മഞ്ഞ... ചുവപ്പ്... കറുപ്പ്... വരയൻപുലിയോ പുള്ളിപ്പുലിയോ കരിമ്പുലിയോ പെൺപുലിയോ കുട്ടിപ്പുലിയോ— വേഷം ഏതുമാവട്ടെ, ചായങ്ങള്‍ റെഡി. വെള്ളിയാഴ്ച രാവിലേ മുതൽ പുലിമടകളിൽ ചായം തയ്യാറാക്കിത്തുടങ്ങി. പ്രധാനമായും ഓക്സൈഡ് പൊടിയില്‍ വാര്‍ണീഷ് ചേര്‍ത്ത മിശ്രിതം അരച്ചെടുത്താണ് നിറക്കൂട്ട് തയ്യാറാക്കിയത്. ശനിയാഴ്‌ച പുലർച്ചെയോടെ പുലിവര ആരംഭിച്ചു. ഒരാൾ മുതൽ അഞ്ചുപേർ വരെ ചേർന്നിരുന്ന് അമ്മിയിൽ അതിവേഗം നിറങ്ങൾ അരച്ചെടുക്കുന്ന കാഴ്ചയാണ് പുലിമടകളിൽ. പൊടിയും വാർണീഷും ചേർത്ത മിശ്രിതം നന്നായി അരച്ച് കുഴമ്പ് രൂപത്തിലാക്കിയശേഷം തരിയും കട്ടയും നീക്കും. വെള്ള, ഗോൾഡൻ മഞ്ഞ, മഞ്ഞ, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളാണ് പ്രധാനമായും തയ്യാറാക്കുന്നത്. ഇവ വിവിധ അനുപാതത്തിൽ ചേർത്ത് മറ്റ് നിറങ്ങളും ഉണ്ടാക്കും. നിറങ്ങൾ തയ്യാറാക്കാൻ ഒമ്പത് മുതൽ 12 മണിക്കൂർ വരെ സമയം ആവശ്യമാണ്. ഒരാൾ മാത്രമാണ് ചായം തയ്യാറാക്കാനുള്ളതെങ്കില്‍ ആദ്യം വെള്ള നിറവും തുടർന്ന് മഞ്ഞ, ചുവപ്പ്, കറുപ്പ് നിറങ്ങളും യഥാക്രമം അരച്ചെടുക്കും. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന മെറ്റാലിക് പെയിന്റും പുലിവരയ്ക്ക് ഉപയോഗിക്കുന്നുണ്ട്. നീല, വെള്ള, പച്ച നിറങ്ങളിലുള്ള മെറ്റാലിക് പെയിന്റുകളാണ് ഉപയോഗിക്കുന്നത്. ഓക്സൈഡ് പൗഡറിൽനിന്ന് തയ്യാറാക്കുന്ന നിറങ്ങളെ അപേക്ഷിച്ച് മെറ്റാലിക് പെയിന്റിന് കൂടുതൽ കടുപ്പവും തിളക്കവുമുണ്ട്. പച്ച, പിങ്ക്, ഓറഞ്ച്, വയലറ്റ്, ഗോൾഡ്, നീല തുടങ്ങിയ നിറങ്ങളിലുള്ള ഫ്ലൂറസന്റ് പെയിന്റുകളും ഉപയോഗിക്കുന്നുണ്ട്. പുലികളിക്ക് ശേഷം മണ്ണെണ്ണ ഉപയോഗിച്ചാണ് ശരീരത്തിൽനിന്ന് നിറം നീക്കുക. പുലിവേഷം ധരിക്കാനെത്തുന്നവരിൽ പരീക്ഷണാടിസ്ഥാനത്തിൽ ചായം പുരട്ടി നോക്കും. അലർജിയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കാനാണിത്. പുലിവരയ്ക്കായി ഉപയോഗിക്കുന്ന നിറങ്ങൾക്കുമുണ്ട് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ. ആദ്യകാലത്ത് ഇലകൾ അരച്ചും മണ്ണെണ്ണ വിളക്ക് കത്തിച്ചുണ്ടാക്കുന്ന കരിയെടുത്തുമാണ് നിറങ്ങൾ തയ്യാറാക്കിയിരുന്നത്. വിയ്യൂർ യുവജനസംഘം, കുട്ടൻകുളങ്ങര ദേശം, പാട്ടുരായ്‌ക്കൽ, സീതാറാം മിൽ, ചക്കാമുക്ക്, കാനാട്ടുകര, ഒളരിക്കര, ശങ്കരംകുളങ്ങര, അയ്യന്തോൾ ദേശം എന്നീ ഒന്പത് പുലിസംഘങ്ങളാണ് ഇത്തവണ ഇറങ്ങുക.










0 comments