ad
Deshabhimani

നഗരം കീഴടക്കാനൊരുങ്ങി

അയ്യന്തോൾ ദേശം പുലിച്ചമയ പ്രദർശനത്തിൽ നിന്ന്‌

വെബ് ഡെസ്ക്

Published on Aug 29, 2026, 12:26 AM | 1 min read

തൃശൂർ

പൂരത്തിന്റെ നാട്ടിൽ ജനസാഗരത്തിന്റെ കണ്ണും മനവും നിറച്ച്‌ ശനിയാഴ്‌ച പുലികളിറങ്ങും. ചടുലതാളത്തിനൊപ്പം മടവിട്ടിറങ്ങുന്ന പുലിക്കൂട്ടം തേക്കിൻകാട്‌ മൈതാനം വളയും. അരമണി കിലുക്കി, താളത്തിൽ തുള്ളി പുലിക്കൂട്ടങ്ങൾ ജനങ്ങളെ ആവേശലഹരിയിലാഴ്‌ത്തും. കുടവയറുകളിലെ പുലിശൗര്യങ്ങളും വരയൻപുലികളും പുള്ളിപ്പുലികളും പൊയ്‌ക്കാൽ പുലിയും പെൺപുലികളും കുട്ടിപ്പുലികളും എൽഇഡി പുലികളുമെല്ലാം നഗരം കീഴടക്കും. ആർപ്പുവിളികളുമായി ജനക്കൂട്ടം പുലിത്താളത്തിനൊപ്പം ചുവടുവച്ച്‌ നീങ്ങും. തൃശൂരിന്റെ ഓണാഘോഷത്തിന്‌ സമാപനംകുറിച്ചാണ്‌ പുലികളി അരങ്ങേേറുക. ഒരു സംഘത്തിൽ 35 മുതൽ 51 വരെ പുലികളുണ്ടാകും. വൈകിട്ട്‌ നാലിന്‌ അതത്‌ പ്രദേശങ്ങളിൽ നിന്ന്‌ പുറപ്പെടുന്ന സംഘങ്ങൾ അഞ്ചോടെ സ്വരാജ്‌ റൗണ്ടിലെത്തും. നടുവിലാൽ ഗണപതി വിഗ്രഹത്തിനു മുന്നിൽ നാളികേരമുടച്ച്‌ സ്വരാജ്‌ റൗണ്ട്‌ ചുറ്റും. ഓരോ സംഘത്തിനും ദീപാലംകൃതമായ രണ്ട്‌ നിശ്ചല ദൃശ്യങ്ങളുമുണ്ടാകും. വിയ്യൂർ യുവജനസംഘം, കുട്ടൻകുളങ്ങര ദേശം, പാട്ടുരായ്‌ക്കൽ, സീതാറാം മിൽ, ചക്കാമുക്ക്‌, കാനാട്ടുകര, ഒളരിക്കര, ശങ്കരംകുളങ്ങര, അയ്യന്തോൾ ദേശം എന്നീ ഒന്പത്‌ ടീമുകളാണ്‌ നഗരവീഥികളെ പ്രകന്പനം കൊള്ളിക്കുക. കരുണാകരൻ നന്പ്യാർ റോഡ്‌ വഴി കുട്ടന്‍കുളങ്ങര ദേശവും കല്യാണ്‍ ജ്വല്ലേഴ്സിന് സമീപത്തുനിന്നും വിയ്യൂർ യുവജനസംഘവും ഷൊർണൂർ റോഡിലൂടെ പാട്ടുരായ്‌ക്കൽ ദേശവും എം ജി റോഡ്‌ നടുവിലാല്‍ ജങ്‌ഷന്‍ വഴി സീതാറാം മിൽ , ചക്കാമുക്ക്‌, കാനാട്ടുകര, ഒളരിക്കര, ശങ്കരംകുളങ്ങര , അയ്യന്തോൾ ദേശക്കാരും സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും. തിമിർത്ത്‌ പെയ്യുന്ന മഴ ആശങ്ക സൃഷ്ടിക്കുന്പോഴും പ്രതീക്ഷയിലാണ്‌ പുലികളി പ്രേമികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home