അകത്തുതന്നെ എന്ന് ബിജെപി
ശ്രീലേഖയ്‌ക്ക് രാജി ‘വേണ്ടണം’


സ്വന്തം ലേഖകൻ
Published on Oct 05, 2026, 12:00 AM | 1 min read
തിരുവനന്തപുരം
ബിജെപി നേതൃത്വവുമായും മേയർ വി വി രാജേഷുമായും ഇടഞ്ഞുനിൽക്കുന്ന കൗൺസിലർ ആർ ശ്രീലേഖ രാജി പ്രഖ്യാപനത്തിൽനിന്ന് പിന്മാറിയെന്നും ഇല്ലെന്നും പ്രചാരണം. രാജിവച്ചതായി വാട്‌സാപ് ഗ്രൂപ്പിലൂടെ അറിയിച്ച അവർ രണ്ടുദിവസമായി ഫോൺ ഓഫാക്കി മാറിനിൽക്കുകയായിരുന്നു. രാജിവച്ചിട്ടില്ലെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നുമാണ് ബിജെപിയുടെ വിശദീകരണം. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ശ്രീലേഖയെ കാണുന്ന ചിത്രം ബിജെപി നേതാക്കൾ പ്രചരിപ്പിച്ചിട്ടുണ്ട്. രാജി പിൻവലിച്ചതായി ശ്രീലേഖ പ്രതികരിച്ചിട്ടില്ല. ബിജെപി ഇടപെട്ട് അവർക്ക് മാധ്യമവിലക്ക് ഏർപ്പെടുത്തിയെന്നാണ് വിവരം. ശനിയാഴ്‌ച ശാസ്‌തമംഗലം കൗൺസിലറുടെ വാട്‌സാപ് ഗ്രൂപ്പിലൂടെയാണ്, താൻ മേയർക്ക് രാജിക്കത്ത് സമർപ്പിച്ചതായി ശ്രീലേഖ അറിയിച്ചത്. തുടർന്ന് ഫോൺ ഓഫാക്കി. തിങ്കളാഴ്‌ച കലക്ടർക്ക് രാജിക്കത്ത് നൽകുമെന്ന് സന്ദേശത്തിലുണ്ടായിരുന്നു. ഞായറാഴ്ച രാത്രി വാട്‌സാപ് ഗ്രൂപ്പിൽനിന്ന് പോസ്‌റ്റ് ശ്രീലേഖ നീക്കുകയും ചെയ്തു. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഇടപെട്ട് ചർച്ചയ്‌ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും കലക്ടർക്ക് രാജിക്കത്ത് കൈമാറരുതെന്ന് നിർദേശിച്ചെന്നുമാണ് വിവരം. ശ്രീലേഖ രാജിക്കത്ത് നൽകിയെന്നും അത് സെക്രട്ടറിക്ക് നൽകാൻ താൻ നിർദേശിച്ചെന്നും ശനിയാഴ്‌ച സമ്മതിച്ച മേയർ വി വി രാജേഷ് ഞായറാഴ്‌ച മാറ്റിപ്പറഞ്ഞു. ശ്രീലേഖയ്‌ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും കൗൺസിലിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനുള്ള കത്താണ് അവർ നൽകിയതെന്നുമാണ് പുതിയ വിശദീകരണം. വിലപേശി, വാഗ്‌ദാനംനൽകി ശ്രീലേഖയെ ഒപ്പം നിർത്തി കോർപറേഷൻ ഭരണം സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് ബിജെപി. മേയർ വി വി രാജേഷിനെതിരെയുൾപ്പെടെ താൻ നൽകിയ പരാതി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ ചവറ്റുകൊട്ടയിലെറിഞ്ഞതിനാലാണ് ശ്രീലേഖ രാജി പ്രഖ്യാപിച്ചത്. ആവശ്യങ്ങൾ അംഗീകരിക്കാം എന്ന് ബിജെപി നേതൃത്വം സമ്മതിച്ചതായാണ് വിവരം.









0 comments