ad
Deshabhimani

ശ്രീനാരായണ ഗുരുസമാധി ആചരിച്ചു

ശിവഗിരിയിൽ ശ്രീനാരായണ ഗുരുവിന്റെ 99–ാം സമാധിദിനാചരണം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു

ശിവഗിരിയിൽ ശ്രീനാരായണ ഗുരുവിന്റെ 99–ാം സമാധിദിനാചരണം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 22, 2026, 12:00 AM | 1 min read

വർക്കല​

സാമൂഹ്യ നവോത്ഥാനത്തിന്റെ കാതൽ ഗുരുദേവ ദർശനമാണന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ശിവഗിരിയിൽ ശ്രീനാരായണ ഗുരുവിന്റെ 99–ാം സമാധി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദർശനങ്ങൾ സൗമ്യമാണെങ്കിലും പല പോരാട്ടങ്ങളും വജ്രസമാനമാണെന്നാണ് കാലം തെളിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി. മന്ത്രി ടി സിദ്ദിഖ് വിശിഷ്ടാതിഥിയായി. സ്വാമി സൂക്ഷ്‌മാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി അവ്യായാനന്ദ, സ്വാമി ശുഭാംഗാനന്ദ, വി ജോയി എംഎൽഎ, വിദ്യാ ബാലകൃഷ്ണൻ എംഎൽഎ, വർക്കല നഗരസഭാ അധ്യക്ഷ ഗീത ഹേമചന്ദ്രൻ, സ്വാമി വിരജാനന്ദ ഗിരി എന്നിവർ സംസാരിച്ചു. വിശേഷാൽ പൂജയും ഹവനവും പാരായണവും നടന്നു. സ്വാമി പരാനന്ദ ഭദ്രദീപം കൊളുത്തി. ഗുരുദേവന്റെ പ്രഥമ പ്രതിഷ്ഠയാൽ ചരിത്രപ്രസിദ്ധമായ നെയ്യാറ്റിൻകര അരുവിപ്പുറം മഠത്തിൽ പ്രത്യേക പ്രാർഥനകളും ചടങ്ങുകളും നടന്നു. സ്വാമി സാന്ദ്രാനന്ദ നേതൃത്വം നൽകി. പുലർച്ചെ നാലിന്‌ ശാന്തിഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. രാവിലെ ഒന്പതുമുതൽ അഖണ്ഡനാമജപവും ഗുരുദേവകൃതികളുടെ പാരായണവും നടന്നു. പകൽ 3.30-ന് സമാധിപൂജയും തുടര്‍ന്ന് കഞ്ഞിവീഴ്ത്തും നടന്നു. വണ്ടന്നൂർ പാപ്പാകോട് ശ്രീനാരായണ സാംസ്‌കാരിക ട്രസ്റ്റ് ഗുരുമന്ദിരത്തിലും മഹാസമാധി ദിനാചരണം നടന്നു. സാംസ്‌കാരിക വകുപ്പും ശ്രീ നാരായണ അന്തർദേശീയപഠന ഗവേഷണ കേന്ദ്രവും ചേർന്ന്‌ സംഘടിപ്പിച്ച സമാധി ദിനാചരണം മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. മ്യൂസിയം ശ്രീനാരായണഗുരു പ്രതിമയിൽ മന്ത്രി സി പി ജോൺ പുഷ്പാർച്ചന നടത്തി. പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ പ്രൊഫ. എസ് ശിശുപാലൻ, ശരത്ചന്ദ്രപ്രസാദ്, പാലോട് രവി, എം ആർ തമ്പാൻ, ജി സുബോധനൻ, റാണി മോഹൻദാസ്, കെ എ ബാഹുലേയൻ എന്നിവർ സംസാരിച്ചു. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നടന്ന സമ്മേളനം മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. വി മുരളീധരൻ എംഎൽഎ അധ്യക്ഷനായി. ശ്രീനാരായണ വിശ്വ സാംസ്‌കാരിക ഭവൻ സെക്രട്ടറി ശങ്കരാനന്ദ സ്വാമികൾ, ജി എസ് ആശാനാഥ്, ദിവ്യ എസ് അയ്യർ, അരുൺ വട്ടവിള, കെ കെ ശൈലജ, അണിയൂർ എം പ്രസന്നകുമാർ, പി മഹാദേവൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home