ad
Deshabhimani

print edition ദുരന്തബാധിതരോടും കരുണയില്ല: ധനസഹായം വാഗ്‌ദാനത്തിലൊതുങ്ങി

Flood relief fund

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 22, 2026, 12:19 AM | 2 min read

തിരുവനന്തപുരം: കാലവർഷക്കെടുതിയിലും മറ്റ് ദുരന്തങ്ങളിലും ദുരന്തബാധിതർക്ക്‌ അടിയന്തര ധനസഹായം നൽകാതെ വി ഡി സതീശൻ സർക്കാർ. സർക്കാരിന്റെ ഖജനാവിൽനിന്നല്ലാതെ ദുരന്തനിവാരണ അതോറിറ്റിയിൽനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുമാണ്‌ അർഹർക്ക്‌ സഹായം നൽകുന്നത്‌. കാലവർഷക്കെടുതിയുണ്ടായി ഒന്നരമാസം പിന്നിട്ടിട്ടും സർക്കാർ ധനസഹായം അനുവദിച്ചിട്ടില്ല. ദുരിതാശ്വാസത്തിന്‌ അപേക്ഷ നൽകാനുള്ള ഫോംപോലും പലയിടത്തും എത്തിച്ചിട്ടില്ല. സംഭവം വിവാദമായതോടെ ഇത്‌ സംബന്ധിച്ച കണക്ക്‌ മാധ്യമങ്ങൾക്ക്‌ നൽകുന്നതിൽനിന്ന്‌ ഉദ്യോഗസ്ഥരെ വിലക്കി.


ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായിരുന്നു മഴക്കെടുതി കൂടുതൽ. സാധാരണനിലയിൽ ദുരന്തമുണ്ടായാൽ റവന്യൂ ഉദ്യോഗസ്ഥർ വഴി സർക്കാർ ഉടൻ റിപ്പോർട്ട്‌ ശേഖരിക്കും. അപേക്ഷ പൂർത്തിയാക്കി നഷ്ടത്തിന്റെ കണക്കെടുത്ത്‌ എത്രയും പെട്ടെന്ന്‌ ധനസഹായം നൽകും. ഇത്തവണ പ്രഖ്യാപനങ്ങൾക്കപ്പുറം സർക്കാർ മറ്റൊന്നും ചെയ്‌തില്ല. വീടുകളിൽ വെള്ളം കയറിയവർക്ക് 10,000 രൂപ അടിയന്തര സഹായവും ഉപജീവനമാർഗം നഷ്‌ട്ടപ്പെടുകയോ മാറിതാമസിക്കേണ്ടി വരികയോ വന്നവർക്ക്‌ ഏഴുദിവസത്തേക്ക്‌ 300 രൂപ വീതം ഉപജീവന സഹായവും നൽകുമെന്നായിരുന്നു പ്രഖ്യാപനം.


എന്നാൽ ഇതൊന്നും നടപ്പാക്കില്ല. ആലപ്പുഴയിൽ 83 പേർക്ക് മാത്രമാണ് പകുതി തുകയായ 5,000 രൂപയെങ്കിലും വിതരണം ചെയ്തത്. കുട്ടനാട്‌ താലൂക്കിൽ മാത്രം 40,000ലധികം പേർ പ്രളയക്കെടുതിക്ക്‌ ഇരയായി. 30 കോടിയിലധികം രൂപയുടെ കൃഷിനശിച്ചു. 90 കോടിയോളം രൂപയുടെ നഷ്ടമാണ്‌ കണക്കാക്കിയത്‌. പത്തനംതിട്ടയിൽ തിരുവല്ലയിലും കോഴഞ്ചേരിയിലുമാണ്‌ കൂടുതൽ കുടുംബങ്ങൾ ദുരന്തത്തിനിരയായത്‌. എന്നാൽ ശനിയാഴ്‌ചവരെ ആരുടെ അക്ക‍ൗണ്ടിലും സഹായം എത്തിയില്ല. കോട്ടയത്താകട്ടെ, ദുരന്തബാധിതരുടെ വിവരശേഖരണം പൂർത്തിയായില്ല.


ദുരന്തബാധിതരോടുള്ള 
അവഗണന അവസാനിപ്പിക്കുക: പിണറായി


തിരുവനന്തപുരം : പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിത സമീപനവും തുടരുന്നത്‌ യുഡിഎഫ്‌ സർക്കാർ അവസാനിപ്പിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ആഗസ്ത്‌ ആദ്യവാരമുണ്ടായ പ്രളയം കഴിഞ്ഞ് ഇതുവരെ ദുരന്തബാധിതർക്കായി പ്രഖ്യാപിച്ച അടിയന്തര ധനസഹായത്തുക നൽകിയിട്ടില്ല. അടിയന്തര സഹായത്തിനുപോലും ഇത്രയും കാലതാമസം വരുത്തുന്നത് കടുത്ത നിസ്സംഗതയാണ്. ഞായറാഴ്‌ച അപ്രതീക്ഷിത മഴയിലും മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും ഒമ്പത് ജീവനുകൾ നഷ്ടപ്പെട്ടത്‌ വേദനാജനകമാണ്‌. കുടുംബങ്ങളുടെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പിണറായി പറഞ്ഞു. പ്രളയദുരിതാശ്വാസമായി 10,000രൂപ നൽകുമെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ ആലപ്പുയിൽ 40,000-ത്തിലധികം പേർ അപേക്ഷ നൽകിയതിൽ 83പേർക്ക് മാത്രമാണ് പകുതി തുകയായ 5,000 രൂപയെങ്കിലും നൽകിയത്. കോട്ടയത്താകട്ടെ, ദുരന്തബാധിതരുടെ വിവരശേഖരണംപോലും പൂർത്തിയായില്ല. മഴക്കെടുതി മൂലം തൊഴിൽ നഷ്‌ട്ടപ്പെട്ടവർക്ക് 300രൂപ നൽകുമെന്ന് പറഞ്ഞിട്ട് ഒന്നരമാസം പിന്നിട്ടിട്ടും അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയില്ല. വാഗ്‌ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്ന രീതി അവസാനിപ്പിക്കണം. അർഹരായ മുഴുവൻപേർക്കും പ്രഖ്യാപിച്ച ധനസഹായം ഉടൻ നൽകണമെന്നും പിണറായി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home