നീറുന്നു നാരങ്ങവില; തെരുവോരങ്ങളിൽ ‘ലൈം' കട്ട്

നാരങ്ങ വ്യാപാരി മോഹനൻ
വെള്ളറട
‘രാവിലെ കട തുറക്കുമ്പോൾ രണ്ട് കിലോ ചെറുനാരങ്ങ വേണം. കിലോയ്ക്ക് 240 രൂപയാണ്. പഞ്ചസാരയ്ക്കും ഐസിനും വേറെ. ഒരു ഗ്ലാസിന് 20 രൂപ ചോദിച്ചാൽ കുടിക്കാൻ വരുന്നവരും ഞങ്ങളുമായി വഴക്കാണ്. അതിലും നല്ലത് നാരങ്ങാവെള്ളം അങ്ങ് ബോർഡ് വെച്ചീ നഷ്‌ടക്കച്ചവടം നിർത്തുന്നതാണ്...’ – കേരള തമിഴ്‌നാട് അതിർത്തിയിൽ വർഷങ്ങളായി കൂൾബാർ നടത്തുന്ന മോഹനന്റെ വാക്കുകളിലുണ്ട് മലയോര മേഖലയിലെ ചെറുകിട കച്ചവടക്കാരുടെ ദുരിതം. നാരങ്ങവില കുതിച്ചുയർന്നതോടെ വേനൽച്ചൂടിൽ കുറഞ്ഞ ചെലവിൽ ആശ്വാസമേകിയിരുന്ന നാരങ്ങാവെള്ളവും എലൈറ്റായി. വെള്ളറടയിലും പരിസരങ്ങളിലും തെരുവോര കച്ചവടക്കാരും കൂൾബാറുകളിലും ലൈം ജ്യൂസ് വിൽപ്പന നിർത്താനൊരുങ്ങുകയാണ്. ചെറുനാരങ്ങയെത്തുന്ന തമിഴ്നാട്ടിലെ പുളിയങ്കുടി, ശങ്കരൻകോവിലും വെള്ളറടയിലേക്ക് എത്തിക്കുന്ന തേങ്ങാപ്പട്ടണം, മാർത്താണ്ഡം തുടങ്ങിയ വിപണികളിൽ ഉൽപ്പാദനം കുത്തനെ ഇടിഞ്ഞതാണ് വിപണിയെ പെട്ടെന്ന് തളർത്തിയത്. തമിഴ്നാട്ടിലെ പ്രധാന വിളവെടുപ്പ് മേഖലകളിൽ ആവശ്യത്തിന് മഴ ലഭിക്കാത്തതും കടുത്ത വരൾച്ചയുമാണ് തിരിച്ചടിയായത്. നാരങ്ങയുടെ വലിപ്പവും നീരൂറ്റവും കുറഞ്ഞതോടെ വിപണിയിൽ നല്ലയിനം നാരങ്ങകളുടെ ക്ഷാമമാണ്. അയൽസംസ്ഥാനങ്ങളിലും വേനൽ കടുത്തതോടെ അവിടെത്തന്നെ നാരങ്ങയ്ക്ക് വൻ ഡിമാൻഡാണ്. പ്രാദേശിക വിപണിയിൽ ഉയർന്ന വില ലഭിക്കുന്നതിനാൽ കേരളത്തിലേക്കുള്ള ലോഡുകളുടെ എണ്ണം പകുതിയായി കുറഞ്ഞു. നാരങ്ങയ്‌ക്കൊപ്പം പഞ്ചസാരയ്ക്കും ഐസിനും വില ഉയർന്നതും ഇരട്ടി പ്രഹരമായി. ഒരു ഗ്ലാസ് ലൈം ജ്യൂസ് ഉണ്ടാക്കാനുള്ള ചെലവും കച്ചവടക്കാർക്ക് ഇരട്ടിയായി. കഴിഞ്ഞ ദിവസങ്ങളിൽ കിലോയ്ക്ക് 250 രൂപ വരെ ഉയർന്ന ചെറുനാരങ്ങയ്ക്ക് നിലവിൽ 210 മുതൽ 240 രൂപ വരെയാണ് മൊത്തവ്യാപാര നിരക്ക്. വലിയ സൈസ് ഒരു നാരങ്ങയ്ക്ക് ചില്ലറ വിപണിയിൽ 12 രൂപ വരെ നൽകണം. ഓണക്കാലത്തേക്കാൾ കൂടിയ നിരക്കിൽ നാരങ്ങ വിൽക്കേണ്ടി വരുന്നത് കച്ചവടക്കാർക്കും തിരിച്ചടിയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ലോഡുകൾ എത്തുന്നതോടെ വിപണി തണുക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.










0 comments