റോഡ് മുറിച്ചുകടക്കവെ സഹോദരിമാർ ബൈക്കിടിച്ച് മരിച്ചു

അപകടം നടന്ന സ്ഥലം പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും പരിശോധിക്കുന്നു

സ്വന്തം ലേഖകൻ
Published on Aug 09, 2026, 11:17 PM | 2 min read
കോവളം
കഴക്കൂട്ടം– കാരോട് ദേശീയപാതയിൽ തിരുവല്ലത്തിന് സമീപം റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ച് സഹോദരിമാർ മരിച്ചു. ഞായർ രാവിലെ 6.45ഓടെ കരിമ്പുവിള പെട്രോൾ പമ്പിന് എതിരെയാണ് അപകടം. തിരുവല്ലം ഇടയാർ പുതുവൽ വീട്ടിൽ പി ശാന്ത (72), സഹോദരി പി വിജയമ്മ (63) എന്നിവരാണ് മരിച്ചത്. ഇരുവരും അടുത്തടുത്ത വീടുകളിലാണ് താമസം. സർവീസ് റോഡിൽനിന്ന് ബൈപാസ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. തിരുവല്ലത്തുനിന്ന് ഈഞ്ചയ്ക്കൽ ഭാഗത്തേക്ക് വരികയായിരുന്ന വിഴിഞ്ഞം സ്വദേശി ആര്യൻ (19) ഓടിച്ച ബൈക്കാണ് ഇടിച്ചത്. ആര്യനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാന്ത സംഭവസ്ഥലത്തും വിജയമ്മ വാഹനത്തിലേക്ക് കയറ്റവെയുമാണ് മരിച്ചത്. രാവിലെ 6.30ഓടെ ശാന്തയും വിജയമ്മയും തമിഴ്നാട് ഭാഗത്തെ ആറ്റിൻകര പള്ളിയിലേക്ക് പോകാനാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. ബസ് കയറാൻ ഇടയാർ സ്‌റ്റോപ്പിലേക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്നു. ഇടയാർനിന്ന് പാലത്തിന് അടിയിലൂടെ റോഡ് മറികടക്കാമങ്കിലും പുതിയ പാലത്തിന്റെ പണി നടക്കുന്നതിനാൽ ഈ വഴി അടച്ചിരിക്കുകയാണ്. മേൽപ്പാലം ഉണ്ടെങ്കിലും പ്രായമായവർക്കും മറ്റും ഉപയോഗിക്കാൻ വളരെ ബുദ്ധിമുട്ടാണ്. വിജയമ്മയ്ക്ക് കാലിന് സുഖമില്ലാത്തതിനാലാണ് ഇരുവരും കൈപിടിച്ച് നടന്നത്. അപ്പോഴാണ് ബൈക്ക് ഇരുവരെയും ഇടിച്ച് തെറിപ്പിച്ചത്. ബൈക്ക് അമിത വേഗത്തിലായിരുന്നതായി പൊലീസ് പറഞ്ഞു. ഫോറൻസിക് ഉദ്യോഗസ്ഥർ ഉൾപ്പെടെ അപകടസ്ഥലത്തെത്തി. പൂന്തുറ പൊലീസ് കേസെ ടുത്തു. പരേതനായ ബാബുവാണ് ശാന്തയുടെ ഭർത്താവ്. മക്കൾ: ഇന്ദുലേഖ, അനി, ചിത്ര. മരുമക്കൾ: ബൈജു, പരേതയായ ശശികല, മുരുകൻ. സാബുവാണ് വിജയമ്മയുടെ മകൻ. മരുമകൾ രാധിക. പോസ്റ്റ്‌മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹങ്ങൾ വൈകിട്ടോടെ സംസ്കരിച്ചു.
കൈപിടിച്ചുള്ള യാത്ര പൂർത്തിയാക്കാനാകാതെ...
സ്വന്തം ലേഖകൻ
കോവളം
എപ്പോഴും ഒന്നിച്ചുണ്ടായിരുന്ന സഹോദരങ്ങൾ മരണത്തിലേക്കും കൈപിടിച്ചുപോയത് വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്‌ത്തി. അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന അടുത്ത സുഹൃത്തുക്കൾകൂടിയായിരുന്നു അപകടത്തിൽ മരിച്ച സഹോദരങ്ങൾ ശാന്തയും വിജയമ്മയും. എല്ലാ കൊല്ലവും ഓണത്തിനോടടുത്ത് ഇരുവരും തമിഴ്നാട്ടിലെ ആറ്റിൻകര പള്ളിയിൽ പോകാറുണ്ട്. ഞായർ രാവിലെ വീട്ടിൽനിന്ന് പുറപ്പെട്ടതും ഇതിനായിരുന്നു. ബസ് സ്റ്റോപ്പിലേക്കുള്ള യാത്രാമധ്യേ അപകടത്തിൽപ്പെട്ടു. സഹോദരൻ സത്യൻ നടത്തുന്ന ചായക്കടയിൽ വിജയമ്മ സഹായിയായി പോകാറുണ്ട്. വിജയമ്മയുടെ ഇടതുകാലിന് സുഖമില്ലാത്തതിനാൽ പ്രത്യേക ചെരിപ്പ് ഉപയോഗിച്ചാണ് നടക്കുന്നത്. ഇതുകൊണ്ടുകൂടിയാണ് ഇരുവരും പാലം ഒഴിവാക്കി റോഡ് മുറിച്ചുകടന്നത്. കൈപിടിച്ച് നടക്കുന്നത് മരണത്തിലേക്കാണെന്ന് ഇരുവരും അറിഞ്ഞില്ല. പനിയായി കിടക്കുകയായിരുന്ന മകന് കാപ്പി തയ്യാറാക്കി വച്ചിട്ടാണ് ശാന്ത ഇറങ്ങിയത്. കുറച്ച് സമയത്തിനുള്ളിൽത്തന്നെ അപകടം അറിഞ്ഞ് ബന്ധുക്കൾ മക്കളെ വിളിച്ചു. രാവിലെ സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങിയ ഇരുവരുടെയും ചേതനയറ്റ ശരീരം എത്തിയപ്പോൾ മക്കൾക്കും ബന്ധുക്കൾക്കുമൊപ്പം നാടും തേങ്ങി.










0 comments