ആനക്കൊമ്പുമായി ആറുപേർ അറസ്റ്റിൽ

ചേളന്നൂർ പാലത്ത് ആനക്കൊമ്പ് കടത്തിയ കേസിൽ പ്രതികളായവർ
കക്കോടി : ചേളന്നൂർ പാലത്ത് വീട് കേന്ദ്രീകരിച്ച് അനധികൃതമായി ആനക്കൊമ്പ് സൂക്ഷിക്കുകയും കടത്താൻ ശ്രമിക്കുകയും ചെയ്ത ആറുപേർ അറസ്‌റ്റിൽ. കോഴിക്കോട് ചേളന്നൂർ പാലത്ത് അടുവാറക്കൽ താഴം മുഹമ്മദ് അസീൽ, മുഹമ്മദ് റിഹാൻ, താമരശേരി രാരോത്ത് പരീദ്, കോട്ടയം പാമ്പാടി സ്വദേശി വിൻസന്റ്, തിരുവനന്തപുരം തോന്നക്കൽ സ്വദേശി ദിൽഷാദ്, തിരുവനന്തപുരം പാച്ചിറ സ്വദേശി സുധീർ എന്നിവരാണ് അറസ്റ്റിലായത്.
12 കിലോ തൂക്കമുള്ള ഏകദേശം 1 കോടി വിലമതിക്കുന്ന ആനക്കൊമ്പാണ്പിടിച്ചെടുത്തത്. വനംവകുപ്പിന് ലഭിച്ച വിവരത്തെ തുടർന്ന് കോഴിക്കോട് ഫ്ലയിങ് സ്ക്വാഡും താമരശേരി റേഞ്ച് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ആദ്യം അഞ്ചുപേരെയാണ് കസ്റ്റഡിയിലെടുത്തത്. തുടർന്നുനടത്തിയ അന്വേഷണത്തിൽ ഒരാളെക്കൂടി പിടികൂടുകയായിരുന്നു. ഇതോടെ പിടിയിലായവരുടെ ആകെ എണ്ണം ആറായി. പിടിച്ചെടുത്ത ആനക്കൊമ്പ് വനംവകുപ്പിന്റെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധന നടത്തുകയാണ്. ആനക്കൊമ്പ് വിൽക്കാനാണ് ഇവർ ചേളന്നൂരിലെ വീട്ടിൽ ഒത്തുകൂടിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആനയെ വേട്ടയാടി കൊലപ്പെടുത്തിയാണോ കൊമ്പ് എടുത്തതെന്ന് കണ്ടെത്താനായി പ്രതികളെ ചോദ്യംചെയ്യുകയാണ്. കൊമ്പ് എന്ത് ആവശ്യത്തിനാണ് വാങ്ങിയതെന്നും പരിശോധിക്കുന്നുണ്ട്.
കക്കോടിയിലും സമീപപ്രദേശങ്ങളിലും കോഴിക്കോട് ഫ്ലയിങ് സ്ക്വാഡും താമരശേരി റേഞ്ച് ഉദ്യോഗസ്ഥരും പരിശോധനകൾ ശക്തമാക്കി. ഈ കേസിന് കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്നാണ് വനം വകുപ്പ് നൽകുന്ന സൂചന. കേരളം ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആനക്കൊമ്പ് കടത്ത് റാക്കറ്റിന്റെ ഭാഗമാണോ പിടിയിലായവർ എന്നറിയാൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.










0 comments