വ്യാജപരാതി അന്വേഷിക്കാൻ തിടുക്കം
മേയർ കെയർ അഴിമതിയിൽ വിജിലൻസിനും സർക്കാരിനും മൗനം

തിരുവനന്തപുരം
കോർപറേഷനിലെ തൃക്കണ്ണാപുരം കൗൺസിലർക്കെതിരെ ആർഎസ്എസ്, മണ്ണുമാഫിയ സംഘം ഉന്നയിച്ച വ്യാജ പരാതിയിൽ തിടുക്കപ്പെട്ട് അന്വേഷണവുമായി യുഡിഎഫ് സർക്കാർ. എന്നാൽ മേയറിന്റെയും സംഘത്തിന്റെയും അനധികൃത പണപ്പിരിവ്, മേയർ കെയർ എന്നപേരിൽ നടത്തുന്ന അഴിമതി എന്നിവയെക്കുറിച്ച് തദ്ദേശമന്ത്രിക്കും വിജിലൻസിനും നിരവധി പരാതികൾ ലഭിച്ചിട്ടും ചെറുവിരൽ അനക്കുന്നില്ല. കൗൺസിലർ അജിന്റെ വീട്ടിൽ ഞായറാഴ്ച പരിശോധനയ്ക്കെത്തിയ വിജിലൻസ് വെറുംകൈയോടെയാണ് തിരിച്ചുപോയത്. ആർഎസ്എസ് ആരോപണം ഏറ്റെടുത്ത് കോൺഗ്രസ് കൗൺസിലർ വിജിലൻസിനെ സമീപിക്കുകയായിരുന്നു. തിടുക്കത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അടുത്തദിവസംതന്നെ വീട്ടിൽ പരിശോധന നടത്തി.മേയർ കെയർ അഴിമതി, വ്യാജ ഒപ്പ്, ഭരണസ്തംഭനം എന്നിവയിൽ കുടുങ്ങിയ ബിജെപി നേതൃത്വത്തിലുള്ള നഗരഭരണത്തെ സംരക്ഷിക്കാനായിരുന്നു കൈക്കൂലി ആരോപണം. മേയർ കെയർ അഴിമതിയെക്കുറിച്ച് മന്ത്രിക്കും വിജിലൻസിനും എൽഡിഎഫ് ഒരു മാസം മുമ്പ് നൽകിയ പരാതിയിൽ ഒരു നടപടിയുമെടുത്തിട്ടില്ല. നഗരത്തിലെ വൻകിട സ്ഥാപനങ്ങളിൽനിന്ന് മേയർ കെയർ എന്ന പേരിൽ കോടിക്കണക്കിന് രൂപയാണ് പിരിക്കുന്നത്. നിയമപരമായ രജിസ്ട്രേഷനോ കണക്കുകളോ ഇല്ലാത്ത മേയർ കെയർ കൗൺസിലിന്റെ അനുമതിയില്ലാതെ നടപ്പാക്കുന്ന പദ്ധതിയാണ്. കൗൺസിലർമാർ ആവശ്യപ്പെട്ടിട്ടും കണക്ക് നൽകാൻ മേയറും സെക്രട്ടറിയും തയ്യാറായിട്ടില്ല. രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തകർക്കുന്ന കേന്ദ്രസർക്കാർ തന്ത്രമാണ് സംസ്ഥാനത്ത് യുഡിഎഫ് പിന്തുടരുന്നതെന്ന് എൽഡിഎഫ് പാർലിമെന്ററി പാർടി ലീഡർ എസ് പി ദീപക് പറഞ്ഞു.









0 comments