Deshabhimani

ഭൂമി ഏറ്റെടുത്തത്‌ നിയമപ്രകാരം,
ഭാവി വികസനത്തിന്: പിണറായി

Pinarayi Vijayan
വെബ് ഡെസ്ക്

Published on Oct 19, 2026, 12:54 AM | 1 min read

കണ്ണൂർ: വൻകിട പദ്ധതികൾക്ക്‌ നിയമപ്രകാരം ഭൂമി ഏറ്റെടുത്തതിനെ തെറ്റായി ചിത്രീകരിക്കുകയാണെന്ന്‌ പ്രതിപക്ഷനേതാവ്‌ പിണറായി വിജയൻ. സർക്കാർ ഇന്നത്തെയോ നാളത്തെയോ കാര്യംമാത്രം ചിന്തിച്ചാൽ പോരാ. ഭാവി വികസനം മുന്നിൽ കണ്ട്‌ സ്ഥലമേറ്റെടുക്കണം. സംസ്ഥാനത്തിന്റെയാകെ വികസനത്തിനുവേണ്ടിയാണത്‌ –സിപിഐ എം വിപുലീകൃത കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.


യുഡിഎഫ്‌ സർക്കാരിന്റെ താൽപ്പര്യപ്രകാരമാണ്‌ കിഫ്‌ബിക്കെതിരെ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. അതെന്തോ മഹത്തായ കാര്യമെന്ന രീതിയിലാണ്‌ മുഖ്യമന്ത്രി പ്രതികരിച്ചത്‌. സ്ഥലമേറ്റെടുക്കാൻ അഞ്ചിരട്ടി പണം നൽകി എന്നൊക്കെ പറയുന്നു. കടുത്ത വാക്കുകളിലാണ്‌ മറുപടി പറയേണ്ടത്‌. കിഫ്‌ബിയുടെ മേശവലിപ്പിലെ കാശ്‌ ഉടൻ എടുത്തുകൊടുത്തല്ല ഭൂമി ഏറ്റെടുത്തത്‌. ഇതിനെല്ലാം കൃത്യമായ നടപടിക്രമമുണ്ടെന്ന്‌ ജനങ്ങൾക്കും പൊതുപ്രവർത്തകർക്കും മാധ്യമങ്ങൾക്കുമറിയാം. അന്ന്‌ ആരെങ്കിലും ചോദ്യംചെയ്‌തോ? ഇന്ന്‌ വസ്‌തുതാവിരുദ്ധമായ കാര്യം അവതരിപ്പിക്കുന്പോൾ, എന്താണിങ്ങനെ പറയുന്നതെന്ന്‌ നിഷ്-പക്ഷ മാധ്യമങ്ങൾ ചോദിച്ചോ?


കിഫ്‌ബി കണ്ണൂരിലാണ്‌ അധികം തുക ചെലവിട്ടതെന്നാണ്‌ മറ്റൊരു വാദം. എറണാകുളത്ത്‌ മെട്രോ വന്നപ്പോൾ അത്‌ എറണാകുളത്തിനാണ്‌, കേരളത്തിനാകെയല്ല എന്നാരെങ്കിലും ചിന്തിച്ചോ? സ്‌മാർട്ട്‌സിറ്റിയും ടെക്‌നോപാർക്കും പോലുള്ളവ കേരളത്തിന്റെ ഏതെങ്കിലും ഒരുഭാഗത്ത്‌ മാത്രമാണെന്ന്‌ ആരെങ്കിലും പറഞ്ഞോ?


വിമാനത്താവളത്തിനും തുറമുഖത്തിനുമടുത്ത്‌ വികസനസാധ്യത കണ്ട്‌ ഭൂമി ഏറ്റെടുക്കൽ പ്രധാനം. കേരളത്തിലെ മറ്റു വിമാനത്താവളങ്ങൾക്കൊന്നും അവയുടെ വികസനത്തിനുള്ള ഭൂമിപോലും ലഭ്യമല്ല. കണ്ണൂർ വിമാനത്താവളത്തിനാണ്‌ ആവശ്യമായ സ്ഥലം ലഭ്യമാകുന്നത്‌.


സയൻസ്‌ പാർക്ക്‌, ഐടി പാർക്ക്‌ തുടങ്ങിയവ എല്ലായിടത്തും വേണം. പക്ഷേ, സ്ഥലം കണ്ണൂരിൽമാത്രമേ കിട്ടിയുള്ളു. എന്താണ്‌ കണ്ണൂർ എന്നുകേട്ടപ്പോൾ വല്ലാത്ത വിഷമം. കേരളത്തിന്റെ ഭാഗമല്ലേ കണ്ണൂർ. വ്യവസായ പാർക്കിന്‌ ഏറ്റവും കൂടുതൽ സാധ്യതയുള്ള പാലക്കാട്ടും വേഗം സ്ഥലമേറ്റെടുത്തു. അതിനെയെല്ലാം തെറ്റായി ചിത്രീകരിക്കുകയാണ്‌ –പിണറായി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home