print edition ഹോർട്ടി വൈൻ വിൽപ്പന: അനുമതി നൽകിയത് യുഡിഎഫ് സർക്കാർതന്നെ

തിരുവനന്തപുരം: തൃശൂർ അന്നമനട പൂവത്തുശേരിയിലെ എംആർസി ബേക്കറിക്ക് ഹോർട്ടി വൈൻ വിൽക്കാൻ ലൈസൻസ് നൽകിയത് യുഡിഎഫ് സർക്കാർ. ജൂണിൽ ബേക്കറിക്ക് നൽകിയ എക്സൈസ് ലൈസൻസ് വിവാദമായതോടെ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ഇടപെട്ട് റദ്ദാക്കി. ലൈസൻസ് നൽകിയെന്നാരോപിച്ച് അബ്കാരി ഡെപ്യൂട്ടി കമീഷണർ സി കെ അനിൽകുമാറിനെ മാറ്റി. എക്--സൈസ് ഡെപ്യൂട്ടി കമീഷണർ സുഭാഷിനാണ് പകരം ചുമതല. അനിൽകുമാറിന് പകരം പദവി കൊടുത്തിട്ടുമില്ല. അനുമതി നൽകിയ എക്--സൈസ് കമീഷണർ സീറാം സാംബശിവറാവുവിനെതിരെ നടപടിയില്ല.
എക്സൈസിന്റെ പ്രാഥമിക പരിശോധനകളെല്ലാം കഴിഞ്ഞ്, എക്--സൈസ് കമീഷണർ അനുമതി നൽകിയിട്ടും എക്സൈസ് മന്ത്രി എം ലിജു അറിഞ്ഞില്ലെന്നാണ് വാദം. മുഖ്യമന്ത്രി വി ഡി സതീശൻ ഉടപെട്ടാണ് തിടുക്കത്തിൽ അനുമതി ലഭ്യമാക്കിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്.
പഴവർഗങ്ങളിൽനിന്ന് നിർമിക്കുന്ന ‘ഹോർട്ടി വൈൻ’ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുമെന്നാണ് എൽഡിഎഫ് മദ്യനയത്തിൽ പ്രഖ്യാപിച്ചത്. അതുമാറ്റി, ‘വീര്യം കുറഞ്ഞ മദ്യം’ എന്ന ആശയം ബജറ്റിൽ അവതരിപ്പിച്ചതും നികുതി നിശ്ചയിച്ചതും യുഡിഎഫ് സർക്കാരാണ്. കർണാടകത്തിലെയുൾപ്പെടെ മദ്യക്കന്പനികൾക്കുവേണ്ടിയാണ് സർക്കാർ തിടുക്കത്തിൽ വീര്യം കുറഞ്ഞ മദ്യം വിൽക്കാനുള്ള നീക്കം നടത്തുന്നത്.
വെെൻ വാങ്ങിയത് അനുമതിയോടെ
തൃശൂർ: അനുമതി കിട്ടിയശേഷമാണ് ചാലക്കുടിയിലെ ബിവറേജസ് കോർപറേഷന്റെ വെയർഹൗസിൽനിന്ന് ശനിയാഴ്ച എംആർസി ബേക്കറി വൈൻ വാങ്ങിയത്. 750 മില്ലിലിറ്റർ വീതമുള്ള 12 കുപ്പികളടങ്ങിയ ഏഴ് കെയ്സുകൾ വാങ്ങാൻ 45260 രൂപ അടച്ചു. ജൂൺ 21നാണ് ഡെപ്യൂട്ടി എക്സൈസ് കമീഷണർ വിൽപ്പനാനുമതി നൽകിയത്. തുടർന്ന് ബിവറേജസ് കോർപറേഷനിൽനിന്ന് വൈൻ വാങ്ങുന്നതിനുള്ള പെർമിറ്റും കെജിഎസ്ടിയും ഉടമയ്ക്ക് ലഭ്യമാക്കി. സർക്കാരിന്റെയും എക്സൈസ് വകുപ്പിന്റെയും അനുമതിയുള്ളതിനാലാണ് വൈൻ വാങ്ങിയതെന്ന് ബേക്കറി ഉടമ എം സി കൃഷ്-ണകുമാർ പറഞ്ഞു. എല്ലാ രേഖകളും കൈവശമുണ്ടെന്നും 10,000 രൂപ സർക്കാരിലേക്ക് അടച്ചാണ് അനുമതി വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
വിവരമറിഞ്ഞത് മാധ്യമങ്ങളിലൂടെ: മന്ത്രി
ആലപ്പുഴ: വീര്യമേറിയ വൈൻ വിൽപ്പന നടത്താൻ ചാലക്കുടിയിലെ ബേക്കറിക്ക് അനുമതി നൽകിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് മന്ത്രി എം ലിജു. എക്സൈസ് കമീഷണറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അനുമതി നൽകിയ ഡെപ്യൂട്ടി കമീഷണറെ മാറ്റും. പുതിയ എക്സൈസ് കമീഷണർ ചുമതലയേറ്റ സമയത്ത് നിലവിലുള്ള നിയമപ്രകാരം ലൈസൻസ് നൽകാൻ സാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നാല് അപേക്ഷ എത്തിയിരുന്നു. ഇതു പ്രകാരമാണ് എക്സൈസ് കമീഷണർ അനുമതി നൽകിയത്. സർക്കാർ അറിയാതെയാണ്–മന്ത്രി പറഞ്ഞു.
ഹോർട്ടി വൈനും വീര്യംകുറഞ്ഞ മദ്യവും രണ്ടാണ്
പാലക്കാട്: എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കർഷക സംഘടനകളുടെയും കർഷകരുടെയും ആവശ്യം പരിഗണിച്ചാണ് ഹോർട്ടി വൈൻ ഉൽപ്പാദിപ്പിക്കാൻ അനുമതി കൊടുക്കാൻ തീരുമാനിച്ചതെന്ന് മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ്. ഇത് മദ്യമല്ല. സ്പിരിറ്റ് ചേർക്കുന്നില്ല. ഫെർമെന്റേഷനിലൂടെയാണ് വൈൻ ഉണ്ടാക്കുന്നത്. ഹോർട്ടി വൈനും വീര്യം കുറഞ്ഞ മദ്യവും രണ്ടാണ്. കാർഷിക സർവകലാശാലയ്ക്ക് ഒരു ലൈസൻസ് ഉണ്ട്. അതിന് വിപണി ഉറപ്പാക്കാനായിരുന്നു ചട്ടഭേദഗതി. പക്ഷേ ഹോർട്ടി വൈൻ വിൽക്കാൻ ലൈസൻസ് കൊടുത്തിട്ടില്ല. ചാലക്കുടിയിലെ ലൈസൻസ് യുഡിഎഫ് സർക്കാർ കൊടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.









0 comments