Deshabhimani

print edition ജനാധിപത്യം വീണ്ടെടുക്കാൻ ജനകീയ മാർച്ച്‌

thiranga march
വെബ് ഡെസ്ക്

Published on Oct 19, 2026, 12:52 AM | 1 min read

ന്യൂഡൽഹി: വോട്ടവകാശം സംരക്ഷിക്കുക, എസ്ഐആർ റദ്ദാക്കുക, ഗ്യാനേഷ്‌ കുമാറിനെ നീക്കി വിചാരണ ചെയ്യുക, ജന്തർമന്തറിലെ പ്രതിഷേധ വിലക്ക്‌ നീക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ഇ‍ൗ മാസം 23ന്‌ രാജ്യവ്യാപകമായി മാർച്ച്‌ സംഘടിപ്പിക്കുമെന്ന്‌ പീപ്പിൾ എഗെൻസ്റ്റ്‌ എസ്‌ഐആർ. ‘ജനാധിപത്യം വീണ്ടെടുക്കാൻ ജനകീയ പ്രതിഷേധം’ എന്ന പേരിൽ നടക്കുന്ന മാർച്ചിൽ ദേശീയപതാകയേന്തി ജില്ലാ, താലൂക്ക്‌ ആസ്ഥാനങ്ങളിലും രാജ്യതലസ്ഥാനത്തും ജനങ്ങൾ അണിനിരക്കണമെന്ന്‌ കൂട്ടായ്‌മ ആവശ്യപ്പെട്ടു. ഇരുനൂറിലേറെ രാഷ്‌ട്രീയ–സാമൂഹ്യ–പ‍ൗരാവകാശ സംഘടനകളുടെ കൂട്ടായ്‌മയാണ്‌ ‘പീപ്പിൾ എഗെൻസ്റ്റ്‌ എസ്‌ഐആർ.’


1960ലെ വോട്ടർ രജിസ്‌ട്രേഷൻ ചട്ടങ്ങൾ പ്രകാരം ഫോം ആറ്‌ പോലെയുള്ളവയിൽ നിയമപരമായ മാറ്റങ്ങൾ വരുത്തണമെങ്കിൽ പാർലമെന്റിന്റെ അംഗീകാരം വേണം. എന്നാൽ പാർലമെന്റിന്റെ അംഗീകാരമില്ലാതെ ഫോമുകളിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ വരുത്തി യഥാർഥ പ‍ൗരൻമാരെ വോട്ടർപട്ടികയിൽനിന്ന്‌ നീക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ‍ൂഢാലോചന നടത്തി. ഇ‍ൗ സാഹചര്യത്തിൽ, ഭരണഘടനാലംഘനം നടത്തിയ ഗ്യാനേഷ്‌ കുമാറിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നടന്ന എസ്‌ഐആർ റദ്ദാക്കണമെന്നും കൂട്ടായ്‌മ ആവശ്യപ്പെട്ടു.


വോട്ടവകാശം സംരക്ഷിക്കാൻ സമാധാനപരമായി പ്രതിഷേധിച്ച സ്‌ത്രീകളോടും റിപ്പോർട്ട്‌ ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോടും ഡൽഹി പൊലീസ്‌ മോശമായി പെരുമാറി. പ‍ൗരൻമാരുടെ വീടുകളിൽ അതിക്രമിച്ച്‌ കയറി അവരെ വീട്ടുതടങ്കലിലാക്കുന്നത്‌ നിയമലംഘനമാണ്‌. പൊലീസിന്റെ ഇത്തരം അധികാരദുർവിനിയോഗങ്ങളോട്‌ നീതിന്യായവ്യവസ്ഥ മ‍ൗനം പാലിക്കുകയാണ്‌. പ്രതിഷേധങ്ങൾക്ക്‌ അനുമതി തേടാൻ ഉദ്ദേശിക്കുന്നില്ലെന്നും പൊലീസിന്റെ അമിതബലപ്രയോഗങ്ങളെ സമാധാനപൂർവം നേരിടുമെന്നും പീപ്പിൾ എഗെയ്ൻസ്റ്റ്‌ എസ്‌ഐആർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home