വീണ്ടും കാണാം വേഗട്രാക്കിൽ

സംസ്ഥാന സ്‌കൂൾ കായികമേളയുടെ സമാപനസമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്‌ഘാടനം ചെയ്യുന്നു. പൊതുവിദ്യഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ്, സെക്രട്ടറി കെ വാസുകി, ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, മന്ത്രിമാരായ വീണ ജോർജ്, പി എ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, എംഎൽഎമാരായ വി ജോയി, കടകംപള്ളി സുരേന്ദ്രൻ എന്നിവർ സമീപം
തിരുവനന്തപുരം
എന്തൊരു വേഗമായിരുന്നു ചന്ദ്രശേഖരൻനായർ സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന്. അനന്തപുരിയുടെ ആകാശം എത്ര കുതിച്ചുചാട്ടങ്ങളെയാണ് പുണർന്നത്. മൈതാനങ്ങളിൽ ഉയർന്ന ആരവങ്ങളിൽ ആവേശം അതിരുകളില്ലാതെ ഒഴുകി. എട്ടുദിവസം തിരുവനന്തപുരം വേദിയായ 67മത് സംസ്ഥാന സ്‌കൂൾ കായികമേളയ്‌ക്ക് നിറപ്പകിട്ടോടെ സമാപനം. യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ നടന്ന സമാപനസമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്‌ഘാടനംചെയ്‌തു. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. ഒളിമ്പ്യൻ പി ആർ ശ്രീജേഷ് മുഖ്യാതിഥിയായി. ഓവറോൾ ചാമ്പ്യന്മാരായ തിരുവനന്തപുരത്തിന് മുഖ്യമന്ത്രിയുടെ പേരിലുള്ള പ്രഥമ സ്വർണക്കപ്പ് ഗവർണർ സമ്മാനിച്ചു. തൃശൂര്‍ രണ്ടാം സ്ഥാനവും കണ്ണൂര്‍ മൂന്നാം സ്ഥാനവും നേടി. മികച്ച സ്കൂളുകള്‍ക്കുള്ള ട്രോഫിയും ഗവര്‍ണര്‍ സമ്മാനിച്ചു. മാർച്ച്‌പാസ്റ്റ് വിജയികൾക്കുള്ള സമ്മാനം മന്ത്രി വി ശിവൻകുട്ടി നൽകി. വ്യക്‌തിഗത ചാമ്പ്യന്മാർക്കും വിവിധ വിഭാഗങ്ങളിൽ ജേതാക്കളായ ജില്ലകൾക്കുമുള്ള ട്രോഫികളുടെ വിതരണം പി ആർ ശ്രീജേഷ്, പൊതുവിദ്യഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി, ഡയറക്‌ടർ എൻ എസ് കെ ഉമേഷ്, എംഎൽഎമാരായ സി കെ ഹരീന്ദ്രൻ, എം വിൻസന്റ് എന്നിവർ ചേർന്ന് നിർവഹിച്ചു. മാധ്യമപുരസ്‌കാരങ്ങളും വിതരണംചെയ്‌തു. മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ്പിന്റെ രൂപകൽപ്പന നിർവഹിച്ച അഖിലേഷ് അശോകനെ ഗവർണർ ആദരിച്ചു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വീണാ ജോര്‍ജ്, ജി ആര്‍ അനില്‍, എംഎൽഎമാരായ വി ജോയി, കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു, മേയര്‍ ആര്യ രാജേന്ദ്രന്‍, കെ വാസുകി, എൻ എസ് കെ ഉമേഷ്, പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സി എ സന്തോഷ് എന്നിവർ സംസാരിച്ചു. സമാപനച്ചടങ്ങിന് മിഴിവേകി വർണാഭമായ കലാപരിപാടികളും അരങ്ങേറി.









0 comments