ad
Deshabhimani

സെക്യൂരിറ്റി ജീവനക്കാരുടെ സമരം 
ഒത്തുതീർക്കണം: സിഐടിയു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 25, 2026, 03:05 AM | 1 min read

തിരുവനന്തപുരം

വേളി ടൂറിസ്റ്റ് വില്ലേജിൽ തൊഴിൽ നിഷേധിക്കപ്പെട്ട് 85 ദിവസമായി രാപകൽ സമരം നടത്തിവരുന്ന സെക്യൂരിറ്റി ജീവനക്കാരുടെ പ്രശ്നത്തിൽ സർക്കാർ ഉടൻ ഇടപെടണമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. എട്ടുമുതൽ 15 വർഷംവരെ വിവിധ ഏജൻസികളുടെ കീഴിൽ സേവനമനുഷ്ഠിച്ചിരുന്ന തദ്ദേശവാസികളായ 22 തൊഴിലാളികളെയാണ് അന്യായമായി ഒഴിവാക്കിയത്. ബഹുഭൂരിപക്ഷവും പട്ടികജാതി വിഭാഗത്തിൽപെടുന്നവരും ടൂറിസ്റ്റ് വില്ലേജിന്റെ വികസനത്തിനായി കിടപ്പാടം നഷ്ടപ്പെട്ടവരുമാണ്. മറ്റ് ജോലികൾ ലഭിക്കാൻ സാധ്യതയില്ലാത്ത ഇവരുടെ സാമൂഹ്യ പശ്ചാത്തലംകൂടി പരിഗണിച്ച് ജോലിക്ക്‌ തിരികെയെടുക്കണം. കേരള സ്റ്റേറ്റ് സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിങ്‌ സ്റ്റാഫ് അസോസിയേഷൻ (സിഐടിയു) നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി, തൽസ്ഥിതി തുടരാനും തൊഴിൽ വകുപ്പ് ഇടപെട്ട് പരിഹാരം കാണാനും നിർദേശിച്ചിരുന്നു. എന്നാൽ, കോടതി ഉത്തരവുപോലും പാലിക്കാതെ ഉദ്യോഗസ്ഥർ മുഖംതിരിക്കുകയാണ്‌. ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാത്ത സർക്കാരിന്റെയും അധികാരികളുടെയും നിസ്സംഗതയ്ക്കെതിരെ തിരുവോണദിവസം തൊഴിലാളികളും കുടുംബാംഗങ്ങളും സെക്രട്ടറിയറ്റിനുമുന്നിൽ പട്ടിണി സമരം നടത്തും. ഈ പശ്ചാത്തലത്തിൽ സർക്കാരും തൊഴിൽവകുപ്പും അടിയന്തരമായി ഇടപെട്ട് സമരം ഒത്തുതീർപ്പാക്കണമെന്നും തൊഴിലാളികളുടെ ജീവനോപാധി സംരക്ഷിക്കണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home