ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ച രണ്ടാം പ്രതിയും അറസ്റ്റിൽ

കിളിമാനൂർ
വീട്ടിൽ അതിക്രമിച്ചുകയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടാം പ്രതിയും അറസ്റ്റിലായി. ഞെക്കാട് വലിയവിള സ്വദേശി സതീഷ് ശ്രാവണാണ് കല്ലമ്പലം പൊലീസിന്റെ പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി. ഒറ്റൂർ മാവേലിക്കോണം കാർത്തികയിൽ പ്രജീഷി(39)നാണ് വെട്ടേറ്റത്. ഇരുകാലിനും കൈക്കും ഗുരുതര പരിക്കോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഏഴ് രാത്രി പതിനൊന്നോടെയാണ് അക്രമിസംഘം പ്രജീഷിന്റെ വീടിന്റെ ജനലുകൾ അടിച്ചുതകർത്തും അടുക്കള വാതിൽ വെട്ടിപ്പൊളിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അകത്തുകയറിയത്. കൈയിൽ കരുതിയിരുന്ന ആയുധംകൊണ്ട് ഭാര്യയുടെ മുന്നിലിട്ട് പ്രജീഷിനെ തുരുതുരാ വെട്ടി. മുഖംമൂടി ധരിച്ചിരുന്ന അക്രമികൾ സംഭവശേഷം ഓടി കാറിൽക്കയറി രക്ഷപ്പെട്ടു. ഒന്നാംപ്രതിയെയും ഇയാളെ ഒളിവിൽ പാർക്കാൻ സഹായിച്ച കൂട്ടാളിയെയും രണ്ടുദിവസം മുന്പ് ബംഗളൂരുവിൽനിന്ന് പിടികൂടിയിരുന്നു. രഹസ്യവിവരത്തെ തുടർന്ന് സതീഷ് ശ്രാവണിനെ ചൊവ്വ രാത്രി കിളിമാനൂരിൽനിന്ന് കല്ലമ്പലം എസ് ഐയും സംഘവുമാണ് പിടികൂടിയത്. കൊലപാതക ശ്രമം, അടിപിടി, എംഡിഎംഎ വിൽപ്പന ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. ഇയാൾക്കെതിരെ 2019ലും 2021ലും കാപ്പ ചുമത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.









0 comments