Deshabhimani

വിദ്യാലയങ്ങളിൽ കാവിവൽക്കരണം; 
പ്രതിഷേധം ശക്തം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Oct 02, 2026, 11:09 PM | 1 min read

തിരുവനന്തപുരം

സ്‌കൂളുകളിൽ കാവിവൽക്കരണം ലക്ഷ്യമിട്ട്‌ പ്രധാനമന്ത്രിയുടെ പേരിൽ മത്സരപരിപാടികള്‍ നടത്താനൊരുങ്ങുന്ന കോർപറേഷൻ ഭരണസമിതിക്കെതിരെ പ്രതിഷേധം ശക്തം. മോദി ഗുജറാത്ത്‌ മുഖ്യമന്ത്രിയായി 25 വർഷം തികഞ്ഞതിന്റെ ഭാഗമായിട്ടാണ് സ്‌കൂളുകളിൽ മത്സരപരിപാടി സംഘടിപ്പിക്കുന്നത്‌. ഇത്‌ സംബന്ധിച്ച്‌ സ്‌കൂൾ അധികൃതർക്ക്‌ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ചെന്പഴന്തി ഉദയൻ ലെറ്റർപാഡിൽ കത്ത്‌ നൽകിയതാണ്‌ വിവാദമായത്‌. സ്വച്ഛ്‌ ഭാരത്‌, വികസിത ഇന്ത്യ, കുതിക്കുന്ന ഇന്ത്യ തുടങ്ങി കേന്ദ്രസർക്കാരിന്റെ വിവിധ മുദ്രാവാക്യങ്ങളാണ്‌ ചിത്രരചന, പ്രസംഗ മത്സരങ്ങളുടെ വിഷയം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അനുമതി ഇല്ലാതെയാണ് കോര്‍പറേഷന്‍ തീരുമാനമെടുത്തത്‌. സ്കൂളിന്റെ അക്കാദമിക് കാര്യങ്ങളിൽ ഇടപെടാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമില്ല. പ്രഥമാധ്യാപകനോ വിദ്യാഭ്യാസ ഡയറക്‌ടർക്കോ ഡെപ്യൂട്ടി ഡയറക്‌ടർക്കോ ഉത്തരവ്‌ കൊടുക്കേണ്ട അവകാശവും നിയമപരമായി സ്ഥിരം സമിതി അധ്യക്ഷന് ഇല്ല. കത്ത്‌ നൽകിയത്‌ നിയമവിരുദ്ധമാണെന്നും സ്കൂൾ അധികൃതർക്ക്‌ പരിപാടി നടപ്പാക്കേണ്ട കാര്യമില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം വി ശിവൻകുട്ടി പറഞ്ഞു. വിദ്യാലയങ്ങൾ രാഷ്‌ട്രീയ പാർടികളുടെ സ്വത്തല്ല. അടിസ്ഥാന സ‍ൗകര്യമൊരുക്കുകയാണ്‌ ഭരണസമിതി ചെയ്യേണ്ടത്‌. സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടാൽ കെട്ടിടം നിർമിച്ചു നൽകാം. മറ്റു നയപരമായ കാര്യങ്ങളിൽ ഇടപെടാൻ നിയമമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്കൂളുകളെ കാവിവൽക്കരിക്കാനുള്ള നീക്കം അപലപനീയമാണെന്നും അക്കാദമിക് നിലവാരവും സമാധാന അന്തരീക്ഷവും തകർക്കാനുള്ള ബോധപൂർവമായ ഇടപെടലാണ്‌ ഭരണസമിതി നടത്തുന്നതെന്നും എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ എസ്‌ പി ദീപക് പറഞ്ഞു. പിടിഎ ഭരണസമിതികളും അധ്യാപക സംഘടനകളും പ്രതിഷേധം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home