Deshabhimani

മത്സരത്തിനിടെ പരിക്കേറ്റെങ്കിലും വിജയം തേടിയെത്തി

ശ്രീശങ്കറിനെ വരവേറ്റ്‌ ജന്മനാട്‌

Asian Games

ഏഷ്യൻ ഗെയിംസിൽ ലോങ് ജമ്പിൽ മെഡൽനേടി നാട്ടിൽ തിരിച്ചെത്തിയ ശ്രീ ശങ്കറിന് ഡിവൈഎഫ്ഐ 
പാലക്കാട് നൽകിയ സ്വീകരണത്തിൽ ജില്ലാ സെക്രട്ടറി ആർ ജയദേവൻ പൊന്നാടയണിയിക്കുന്നു

വെബ് ഡെസ്ക്

Published on Oct 03, 2026, 12:05 AM | 1 min read

പാലക്കാട്‌

വെള്ളിത്തിളക്കത്തിൽ മടങ്ങിയെത്തിയ ശ്രീശങ്കറിനെ വരവേറ്റ്‌ ജന്മനാടായ പാലക്കാട്‌. ജപ്പാനിൽ നടന്ന ഏഷ്യൻ ഗെയിംസ്‌ ലോങ്‌ജമ്പ്‌ മത്സരത്തിൽ വെള്ളിമെഡൽ നേടിയ താരത്തിനെ അഭിനന്ദനങ്ങൾകൊണ്ട്‌ മൂടി നാട്ടുകാർ. വെള്ളി രാവിലെ കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുമെന്ന വാർത്ത കേട്ടയുടൻ പ്രിയപ്പെട്ടവരുടെ ആഘോഷങ്ങൾ തുടങ്ങി. പാലക്കാട്‌ സിവിൽ സ്റ്റേഷൻ പരിസരത്ത്‌ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ആർ ജയദേവനും പ്രസിഡന്റ് ഷിബി കൃഷ്ണയും പൊന്നാടയണിയിച്ച്‌ സ്വീകരിച്ചു. ജില്ലാ ട്രഷറർ എം എ ജിതിൻരാജ്, സെക്രട്ടറിയറ്റ് അംഗം എസ് മുഹമ്മദ്‌ നാസിം, ജില്ലാ കമ്മിറ്റിയംഗങ്ങളായ വിനോദ്കുമാർ, എസ്‌ വിപിൻ, ടി എസ്‌ സീനിതാമോൾ, എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി വി വി അഭിഷേക്, സിപിഐ എം യാക്കര ലോക്കൽ സെക്രട്ടറി ജിഞ്ചു ജോസ്‌ എന്നിവർ പങ്കെടുത്തു. യാക്കര മുറിക്കാവ്‌ ജങ്‌ഷനിൽനിന്ന്‌ വാദ്യമേളങ്ങളുടെ അകമ്പടിയോടെ തുറന്ന ജീപ്പിലായിരുന്നു വീട്ടിലേക്കുള്ള യാത്ര. ജപ്പാനിൽ നടന്ന മത്സരത്തിൽ മിന്നുംപ്രകടനമാണ്‌ ശ്രീശങ്കർ കാഴ്‌ചവച്ചത്‌. മത്സരത്തിനിടെ പരിക്കേറ്റെങ്കിലും വിജയം തേടിയെത്തി. 8.07 മീറ്റർ ദൂരം ചാടിക്കടന്നാണ്‌ രാജ്യത്തിനാകെ അഭിമാനമായത്‌. ‘വളർന്നുവരുന്ന കായിക താരങ്ങൾക്ക്‌ പ്രചോദനമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്‌, അവർക്ക്‌ ആവശ്യമായ ഭ‍ൗതികസാഹചര്യങ്ങൾ ഒരുക്കാൻ ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധ കാണിക്കണം. കാലിനേറ്റ പരിക്കിന്‌ ഇപ്പോൾ ചികിത്സ നടക്കുന്നുണ്ട്‌. പൂർണമായും ഭേദമായശേഷം പരിശീലനം പുനരാരംഭിക്കും. അടുത്ത ലോക ചാമ്പ്യൻഷിപ്പിലും ഒളിമ്പിക്‌സിലും മികച്ച വിജയം നേടുകയാണ്‌ ലക്ഷ്യമെന്നും ശ്രീശങ്കർ മാധ്യമങ്ങളോട്‌ പറഞ്ഞു. ഒളിന്പ്യന്മാരായ പി യു ചിത്ര, പ്രീജ ശ്രീധരൻ എന്നിവരും ആശംസകളുമായി എത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home