സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം
കേരളത്തിന്റെ അധികാര നിർവഹണത്തിൽ ആർഎസ്‌എസ് പങ്കെടുക്കുന്നു : എ വിജയരാഘവൻ

സിപിഐ എം വിപുലീകൃത കോട്ടയം ജില്ലാ കമ്മിറ്റിക്ക് തുടക്കംകുറിച്ച് എ വി റസൽ നഗറിൽ മുതിർന്ന നേതാവ് വൈക്കം വിശ്വൻ പതാക ഉയർത്തുന്നു
എ വി റസൽ നഗർ (പാലാ) കേരളത്തിന്റെ അധികാരനിർവഹണത്തിൽ ആർഎസ്‌എസ് പങ്കെടുക്കുന്ന കാഴ്‌ചയാണ് കേരളത്തിലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. പാലായിലെ എ വി റസൽ നഗറിൽ സിപിഐ എം കോട്ടയം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിന്റെ തെളിവാണ് വന്ദേമാതരം പൂർണമായി ചൊല്ലാൻ തുടങ്ങിയത്. ഗവർണർ എന്ത് ചെയ്‌താലും നിശബ്ദനായി നോക്കിനിൽക്കുകയാണ് മുഖ്യമന്ത്രി. ഗവർണർക്ക് പ്രത്യേക അധികാരമൊന്നുമില്ല. എൽഡിഎഫ് സർക്കാർ തർക്കിച്ചും സമവായത്തിലെത്തിയുമാണ് ഗവർണറെ കൈകാര്യം ചെയ്‌തത്. നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കാതെ വന്നപ്പോൾ സുപ്രീംകോടതിയിൽ പോയി ഇടപെട്ടു. ബിജെപിയുടെ കരിങ്കൊടി പ്രതിഷേധത്തിന് മുഖ്യമന്ത്രി വി ഡി സതീശൻ സംരക്ഷണം നൽകുന്പോൾ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകരെ തല്ലിച്ചതയ്‌ക്കുകയാണ്. പൊലീസും യൂത്ത് കോൺഗ്രസും ചേർന്ന് വിദ്യാർഥികളെ ആക്രമിക്കുകയാണ്. കേരളത്തിന്റെ ചുവരെഴുത്ത് വ്യക്തമാണ്. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടി. ഒന്നാം പരീക്ഷയിൽ തന്നെ യുഡിഎഫ് വോട്ടിൽ പിറകിലായി. ജനദ്രോഹ നടപടികൾക്കുള്ള ജനങ്ങളുടെ മറുപടിയാണിത്. വി ഡി സതീശൻ ക്ലിഫ്‌ഹൗസിലിരുന്ന് ഭരിക്കുന്പോൾ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കെപിസിസി ഓഫീസിൽ വാർത്താസമ്മേളനം വിളിച്ച് അതിനെ വിമർശിക്കുന്നു. യുഡിഎഫ് സർക്കാരിനെ ജനങ്ങൾക്ക് മടുത്തു. കോൺഗ്രസുകാർക്കും മടുത്തു. 10 വർഷം എൽഡിഎഫ് കേരളത്തിലുണ്ടാക്കിയ മികവുകൾ തകരാൻ പോകുന്നു. തെരഞ്ഞെടുപ്പ് കമീഷൻ വിഷയത്തിൽ മുഴുവൻ പാർടികളെയും ഒന്നിപ്പിക്കാൻ ഇടപെട്ടത് സിപിഐ എമ്മാണ്. വിദ്യാർഥികളുടെ സമരം വിജയിപ്പിക്കാനും ഇടപെട്ടു. അതിൽ വലിയ മുന്നേറ്റമുണ്ടാക്കാനായി. പാർലമെന്റിലും നിയമസഭകളിലും തോറ്റിട്ടും ഇടതുപക്ഷത്തിന്റെ സംഘടനാശേഷിക്കും പ്രവർത്തനത്തിനും ഒരു കുറവും വന്നിട്ടില്ല. പരിമിതികളെ തിരിച്ചറിഞ്ഞ് തിരുത്തുന്നതാണ് കമ്യൂണിസ്‌റ്റ്‌കാരുടെ പ്രവർത്തനമെന്ന് വിജയരാഘവൻ പറഞ്ഞു.









0 comments