കേരള യൂണിവേഴ്‌സിറ്റി ഹോസ്‌റ്റൽ
മന്ത്രിയുടെയും പൊലീസിന്റെയും അക്രമത്തിൽ പ്രതിഷേധമുയരണം

എ വി റസൽ നഗർ (പാലാ) തിരുവനന്തപുരത്ത് കേരള യൂണിവേഴ്‌സിറ്റി ഹോസ്‌റ്റലിൽ കടന്നുകയറി ആക്രമണം നടത്തിയ മന്ത്രിയുടെയും പൊലീസിന്റെയും നടപടികൾക്കെതിരെ പ്രതിഷേധമുയർത്താൻ വിപുലീകൃത സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി പ്രമേയത്തിൽ ആഹ്വാനം ചെയ്‌തു. യുഡിഫ് സർക്കാർ ജനവിരുദ്ധതയുടെയും അസഹിഷ്‌ണുതയുടെയും പ്രതീകമായി മാറി. സതീശൻ സർക്കാരിനെതിരായ ഏത് പ്രതിഷേധത്തെയും ആക്രമണത്തിലൂടെയും കള്ളക്കേസുകളിലൂടെയും നേരിടുന്ന നിലപാടിന്റെ വിളംബരമാണ് തലസ്ഥാനത്ത് അരങ്ങേറിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെതിരെ പ്രതിഷേധ പ്രകടനം പ്രഖ്യാപിച്ച്, അത് സിപിഐ എമ്മിനും എസ്‌എഫ്‌ഐക്കും നേർക്കുള്ള അക്രമമാക്കി മാറ്റിയ കോൺഗ്രസ് നടപടി പരിഹാസ്യമായി. അക്രമങ്ങൾക്ക് നേതൃത്വം നൽകിയത് യുവജനക്ഷേമ മന്ത്രിയാണെന്നത് നടപടിയുടെ ഗൗരവം വർധിപ്പിക്കുന്നു. മന്ത്രിയുടെ നേതൃത്വത്തിൽ തീപ്പന്തങ്ങളും മദ്യക്കുപ്പികളു-മായി പ്രകടനം നടത്തുന്നതും അവ ഹോസ്‌റ്റലിൽ പഠനത്തിലേർപ്പെട്ടിരുന്ന വിദ്യാർഥികൾക്ക് നേരെ വലിച്ചെറിഞ്ഞ് ആക്രമണം നടത്തുന്നതും പ്രാകൃതവും കേട്ടുകേൾവിയില്ലാത്തതുമാണ്. സംഘടിതമായ കോൺഗ്രസ്–ഗുണ്ടാ ആക്രമണത്തെ സഹായിക്കുംവിധം വിദ്യാർഥികളെ ക്രൂരമായി ആക്രമിച്ച പൊലീസ് നടപടിയും അപലപനീയമാണ്. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയെ ഉൾപ്പെടെ തിരഞ്ഞുപിടിച്ച് അക്രമിച്ചു. ചുരുങ്ങിയ കാലയളവിൽത്തന്നെ ജനവിരുദ്ധ സമീപനങ്ങളിലൂടെ യുഡിഎഫ് സർക്കാർ ബഹുജനങ്ങളിൽനിന്ന് ഏറെ അകന്നിരിക്കുകയാണ്. നേരിയ പ്രതിഷേധത്തെപ്പോലും തികഞ്ഞ അസഹിഷ്‌ണുതയോടെയാണ് സർക്കാർ നേരിടുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ദുരൂഹ യാത്രയടക്കം യുഡിഎഫ് സർക്കാരിന്റെ കാപട്യവും പൊള്ളത്തരവും ജനങ്ങൾ തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനമാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ. സർക്കാരിന്റെയും കോൺഗ്രസിന്റെയും ജനവിരുദ്ധ സമീപനങ്ങൾക്കെതിരെയുള്ള ജനരോഷത്തിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ബോധപൂർവമായി അക്രമപരന്പരകൾ സൃഷ്ടിക്കുന്നത്. കെ രാജേഷ് പ്രമേയം അവതരിപ്പിച്ചു.








0 comments