Deshabhimani

കുടുംബത്തിന്റെ സ്വത്ത്‌ ആർഎസ്‌എസ്‌ സംഘടനകളും കൈയേറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 15, 2026, 12:14 AM | 1 min read

തിരുവനന്തപുരം

കൂടത്തിൽ കുടുംബാംഗങ്ങളുടെ ഭൂസ്വത്ത്‌ ബിജെപി നേതാവ്‌ സെക്രട്ടറിയായ സമിതിയും ആർഎസ്‌എസും തട്ടിയെടുത്തതായി ആരോപണമുയർന്നിരുന്നു. വി മുരളീധരൻ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ പേഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്ന ബിജെപി നേതാവ്‌ സനോദ്‌ കുമാറിനെതിരെയാണ്‌ ഇന്റലിജന്റ്‌സ്‌ റിപ്പോർട്ടുൾപ്പെടെ പുറത്തുവന്നത്‌. സനോദ്‌കുമാർ സെക്രട്ടറിയായ ചെറുപഴിഞ്ഞി സേവാസമിതിയുടെയും ഇയാൾ അംഗമായ പത്മനാഭ സേവാസമിതിയുടെയും പേരിലാണ്‌ ഭൂമി തട്ടിയെടുത്തതെന്നായിരുന്നു റിപ്പോർട്ട്‌. ഇവ ആർഎസ്‌എസ്‌ നിയന്ത്രണത്തിലുള്ളവയാണ്‌. കാലടി താമരത്തെ കൂടത്തിൽ കുടുംബത്തിന്റെ 50 സെന്റ്‌ സ്ഥലം ആർഎസ്‌എസ്‌ കൈവശപ്പെടുത്തി ശാഖ നടത്തുന്നതായും റിപ്പോർട്ടിലുണ്ട്‌. കൂടത്തിൽ കുടുംബത്തിലെ എല്ലാവരും മരിച്ചതോടെ കോടിക്കണക്കിന്‌ രൂപയുടെ ഭൂസ്വത്ത്‌ കാര്യസ്ഥൻമാരായ രവീന്ദ്രൻ പിള്ളയും സഹദേവൻ പിള്ളയും കൈക്കലാക്കി. ഇതിലെ ഭൂമിയിൽ ഒരു ഭാഗമാണ്‌ സനോദ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സമാജം കൈവശപ്പെടുത്തിയത്‌. കാലടി മഹിളാ സമാജത്തിന്‌ മണക്കാട്‌ വില്ലേജിലെ നാല്‌ സെന്റ്‌ ഭൂമി കൂടത്തിൽ കുടുംബാംഗം ഗോപിനാഥൻനായർ ദാനം നൽകിയിരുന്നു. ഈ ഭൂമി ചെറുപഴിഞ്ഞി സേവാസമിതിക്ക്‌ ദാനാധാരമായി കൈമാറിയെന്നാണ്‌ രേഖ. എന്നാൽ, കാലടി മഹിളാ സമാജത്തിൽ ഭൂമി കൈമാറ്റത്തിന്‌ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. വർഷങ്ങളായി ഈ സമാജം പ്രവർത്തിക്കുന്നുമില്ല. പ്രസിഡന്റായിരുന്ന ഭവാനിയമ്മ സന്യാസം സ്വീകരിച്ച്‌ ബോധാനന്ദ ആശ്രമത്തിൽ അവശയായി കഴിയുന്നതിനിടെയാണ്‌ ഈ ഭൂമിയുടെ ആധാരം രജിസ്റ്റർ ചെയ്‌തതെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. കാര്യസ്ഥൻ രവീന്ദ്രൻനായർ കൈവശപ്പെടുത്തിയ ഭൂമിയിൽനിന്ന്‌ ഏഴ്‌ സെന്റ്‌ സനോദ്‌കുമാർ അംഗമായ പത്മനാഭ സേവാസമിതിക്ക്‌ വിലയ്ക്കുനൽകിയിട്ടുണ്ട്‌. ഈ സമാജത്തിന്റെ വിലാസം ആർഎസ്‌എസ്‌ കാര്യാലയം പ്രവർത്തിക്കുന്ന മിത്രാനന്ദപുരത്തെ ശക്തി നിവാസാണ്‌. ചെറുപഴിഞ്ഞി സേവാസമിതിയും ആർഎസ്‌എസ്‌ നിയന്ത്രണത്തിലുള്ളവയാണെന്നും ഇന്റലിജൻസ്‌ കണ്ടെത്തിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home