പരിസ്ഥിതിക്കൊരു പുത്തൻ പാഠം; ഇവർക്ക് എ ഗ്രേഡ്

അർണവും ആരവും
മണ്ണാർക്കാട്
ശാരീരിക പരിമിതികളെ പഴിച്ച് പലരും വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങുമ്പോൾ, ഗവേഷണ പാതയിലേക്ക് ചക്രക്കസേരയുന്തുന്നൊരാൾ കുണ്ടൂർക്കുന്ന് വിപിഎയുപി സ്കൂളിലുണ്ട്. ആറാം ക്ലാസുകാരൻ അർണവ് പ്രവീൺ. മണ്ണാര്ക്കാട് അടുത്തിടെ നടന്ന ശാസ്ത്രോത്സവ വേദിയിലൊക്കെ ശ്രദ്ധേയനായിരുന്നു ഈ പതിനൊന്നുകാരൻ. സുഹൃത്തായ ആരവ് കൃഷ്ണയോടൊപ്പംചേര്ന്ന് അർണവ് പ്രവീൺ അവതരിപ്പിച്ച ഗവേഷണ പ്രോജക്ട് ഗുളിക സ്ട്രിപ്പുകൾ പരിസ്ഥിതിക്കുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചായിരുന്നു. സ്ട്രിപ്പുകൾ ഫാർമസികളിലേക്ക് തിരിച്ചുനൽകുന്ന രീതി, പ്രകൃതി സൗഹൃദ പാക്കിങ്, പ്ലാസ്റ്റിക്കും അലുമിനിയും വേർതിരിച്ച് സംസ്കരിക്കൽ എന്നിവയാണ് പ്രതിവിധിയായി കണ്ടെത്തിയത്. പ്രോജക്ടിന്റെ ഭാഗമായി അമ്പതിലധികം വീടുകളിൽ സർവേ, ഡോക്ടർമാരുമായും മെഡിക്കൽ സ്റ്റോർ ഉടമകളുമായും ഹരിതകർമ സേനാംഗങ്ങൾ എന്നിവരുമായി അഭിമുഖം എന്നിവ നടത്തിയിരുന്നു. പിതാവ് പ്രവീണും കുണ്ടൂർക്കുന്ന് ടിഎസ്എൻഎം ഹൈസ്കൂൾ അധ്യാപികയായ കെ സി ദിവ്യയും അർണവിന് പ്രോത്സാഹനം നൽകുന്നു. അധ്യാപകരായ പി ബിനോജ്, സവിത ബിനോജ് എന്നിവരാണ് സുഹൃത്ത് ആരവ് കൃഷ്ണയുടെ മാതാപിതാക്കൾ. മണ്ണാർക്കാട് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഇവരുടെ ഗവേഷണ പഠനത്തിന് രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചിരുന്നു.







0 comments