തെരുവിൽ ഒത്തുചേർന്ന് യുവത
ഉയർന്നു, മാനവീയത്തിലും ജന്തർമന്തർ

മാനവീയം വീഥിയിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ജന്തർമന്തർ ഐക്യദാർഢ്യ സദസ്സ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യുന്നു
തിരുവനന്തപുരം
ഇന്ത്യയൊന്നാകെ പടരുന്ന പോരാട്ടത്തിന്റെ കനലുകളേറ്റെടുത്ത് തലസ്ഥാനത്തെ യുവതയും തെരുവിൽ. എസ്ഐആർ നിർത്തലാക്കണം, ബിജെപിക്കുവേണ്ടി വോട്ടുകൊള്ള നടത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണം എന്നീ ആവശ്യമുന്നയിച്ച് ഡൽഹിയിൽ പോരാട്ടം നയിക്കുന്ന യുവജന, വിദ്യാർഥി സംഘടനകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാനവീയം വീഥിയിൽ അവർ ഒത്തുകൂടി. ‘മാനവീയത്ത് ജന്തർമന്തർ ഉയരും’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാത്രി കൂട്ടായ്മയിൽ കവിതകൾ ആലപിച്ചും പാട്ടുകൾ പാടിയും കലാപരിപാടികൾ അവതരിപ്പിച്ചും പോരാളികൾക്ക് അഭിവാദ്യമർപ്പിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംഗമം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ രക്ഷിക്കാനുള്ള നിർണായക പോരാട്ടമാണ് യുവജന വിദ്യാർഥി പ്രസ്ഥാനങ്ങൾ ഏറ്റെടുത്തിരിക്കുന്നതെന്നും വരുംദിവസങ്ങളിൽ വ്യാപകമായ പ്രക്ഷോഭങ്ങളുടെ വേലിയേറ്റങ്ങൾ രാജ്യത്തുയരാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി എസ് ശ്യാമ അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ, ജില്ലാ സെക്രട്ടറി എൽ എസ് ലിജു എന്നിവർ സംസാരിച്ചു. കവി മുരുകൻ കാട്ടാക്കട, ഗായിക പുഷ്പവതി, മാനവീയം തെരുവോരക്കൂട്ടായ്മയായ ‘ഓളം’ ബാൻഡ് തുടങ്ങിയവർ രാപകൽ പ്രതിഷേധ സംഗമത്തിൽ പങ്കാളികളായി.









0 comments