ശിൽപ്പങ്ങളൊരുങ്ങുന്നു; ബംഗാളിസമൂഹത്തിന് ദുർഗാപൂജ നാളുകൾ

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കേരൾ ബംഗാ സംസ്കൃതി സംഘം ദുർഗാപൂജയ്ക്കായി വിഗ്രഹങ്ങൾ തയ്യാറാക്കുന്നു
കൊച്ചി
ദുർഗാപൂജയുടെ നാടായ പശ്ചിമ ബംഗാളിൽനിന്ന് കൊണ്ടുവരുന്ന മണ്ണ് ചേർത്ത് കുഴച്ച് ശിൽപ്പചാതുരിയോടെ പൂജാവിഗ്രഹങ്ങൾ ഉണ്ടാക്കുന്ന പതിവിന് ഇക്കുറിയും മാറ്റമില്ല. കൊച്ചിയിലെ കേരൾ ബംഗാ സംസ്കൃതി സംഘ (കെബിഎസ്എസ്)ത്തിന്റെ നേതൃത്വത്തിൽ മുടക്കമില്ലാതെ തുടരുന്ന ആഘോഷത്തിന് 60 വർഷം തികയുകയാണ്. അതിന്റെകൂടി ഭാഗമായി ആഘോഷം കെങ്കേമമാക്കാനുള്ള ഒരുക്കങ്ങൾ കടവന്ത്രയ്ക്കടുത്ത് പൂർത്തിയാകുന്ന ശിൽപ്പനിർമാണത്തിലും കാണാം.
പശ്ചിമ ബംഗാളിൽനിന്ന് കുടിയേറിയ സമൂഹത്തിന്റെ നേതൃത്വത്തിലാണ് കൊച്ചിയിൽ ദുർഗാപൂജ ആഘോഷങ്ങൾ സംഘടിപ്പിച്ചുവരുന്നത്. ഇതിനായി പരമ്പരാഗതരീതിയിലുള്ള വിഗ്രഹനിർമാണമാണ് പുരോഗമിക്കുന്നത്. ഗംഗാ നദീതീരത്തുനിന്ന് കൊണ്ടുവരുന്ന മണ്ണിനൊപ്പം വൈക്കോൽ, മുള എന്നിവ ചേർത്താണ് ശിൽപ്പം നിർമിക്കുന്നത്. മഹിഷാസുര വധത്തെ ദൃശ്യവൽക്കരിക്കുന്ന ശിൽപ്പങ്ങൾ നിർമിക്കുന്നത് ബംഗാളിൽനിന്നുള്ള ശിൽപ്പികൾതന്നെ. പൂജാരിമാരും ധാകികളും (മേളക്കാർ) പാചകക്കാരുമെല്ലാം ഇക്കുറിയും കൊൽക്കത്തയിൽനിന്ന് എത്തും. 16 മുതൽ 21 വരെ ഗാന്ധിനഗർ ലയൻസ് ക്ലബ് ഓഡിറ്റോറിയത്തിലാണ് ആഘോഷങ്ങൾ.
18 മുതൽ 20 വരെ വനിതാസംരംഭകരുടെ നേതൃത്വത്തിൽ ഭക്ഷണസ്റ്റാളുകളും പ്രദർശനവുമുണ്ടാകും. കേരളത്തിന്റെ പരമ്പരാഗത ആഭരണങ്ങൾ, വസ്ത്രങ്ങൾ, ബംഗാളി സാരികൾ, പെർഫ്യൂമുകൾ, മെഴുകുതിരികൾ, നെയിൽ ആർട്ട് എന്നിവയും സ്റ്റാളുകളിൽ ലഭ്യമാകും. 21ന് വിജയദശമി ദിനത്തിൽ വിഗ്രഹങ്ങൾ കടലിൽ ഒഴുക്കുന്നതോടെ ആഘോഷങ്ങൾ സമാപിക്കും.
1971 ലാണ് കെബിഎസ്എസ് എന്ന സംഘടന രൂപീകരിച്ചത്. കൊച്ചിയിലുള്ള 65 കുടുംബങ്ങളിലെ 300 അംഗങ്ങളാണ് കൂട്ടായ്മയിലുള്ളതെന്ന് അംഗങ്ങളായ സുജിത്കുമാർ ഘോഷും ലക്ഷ്മി കിഷോറും പറഞ്ഞു.









0 comments