Deshabhimani

യു-ടേൺ മാറ്റി ടിവി സെന്ററിലെ 
ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ശ്രമം

Efforts to resolve traffic congestion at the TV Centre

സീപോർട്ട്–എയർപോർട്ട് റോഡിലെ ടിവി സെന്റർ ജങ്‌ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സ്ഥലം സന്ദർശിക്കാൻ എത്തിയ 
ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരുമായി ചർച്ച നടത്തുന്നു

വെബ് ഡെസ്ക്

Published on Oct 15, 2026, 02:18 AM | 1 min read

കാക്കനാട്


സീപോർട്ട്–എയർപോർട്ട് റോഡിലെ ടിവി സെന്റർ ജങ്‌ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പുതിയ നിർദേശങ്ങളുമായി ഉദ്യോഗസ്ഥസംഘം. കൊച്ചി മെട്രോ നിർമാണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ യു-ടേൺ സംവിധാനം അശാസ്ത്രീയമാണെന്ന പരാതിയും നാട്ടുകാരുടെ പ്രതിഷേധവും ശക്തമായതോടെയാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് സ്ഥലം പരിശോധിച്ചത്. ​


കലക്ടറുടെ നിർദേശത്തെ തുടർന്ന്‌ മെട്രോ റെയിൽ ഡെപ്യൂട്ടി കലക്ടറുടെയും നഗരസഭാ ക‍ൗൺസിലർമാരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. പൊലീസ്, കെഎംആർഎൽ, ഹോർട്ടികോർപ്പ്, പൊതുമരാമത്തുവകുപ്പ് എന്നിവയുടെ പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു. ​


നിലവിലെ യു-ടേൺ 100 മീറ്റർ വടക്കോട്ട് മാറ്റി സ്ഥാപിക്കുന്നതാണ് പ്രധാന നിർദേശം. സീപോർട്ട്–എയർപോർട്ട് റോഡും സർവീസ് റോഡും ഒരേ നിരപ്പിലായതിനാൽ പുതിയ സ്ഥലത്ത് വാഹനങ്ങൾക്ക് തിരിയാൻ കൂടുതൽ സൗകര്യമുണ്ടാകുമെന്നാണ് വിലയിരുത്തൽ. നിർദേശം അടിയന്തരമായി പരിശോധിക്കാൻ പൊലീസിന് നിർദേശം നൽകി. പുതിയ ക്രമീകരണം ഏതാനും ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നതും പരിഗണനയിലാണ്.​


ഇരുമ്പനം ഭാഗത്തുനിന്ന് സീപോർട്ട് റോഡിലൂടെ എത്തി തുതിയൂർ റോഡ് വഴി പാലച്ചുവട് കടന്ന് ബൈപാസിലേക്ക് പോകുന്ന വാഹനങ്ങൾക്ക് മറ്റൊരു വഴി ഒരുക്കാനും ആലോചനയുണ്ട്. ടിവി സെന്ററിലെത്തുന്നതിനുമുന്പ്‌ അയ്യൻകാളി റോഡിലൂടെ ഈച്ചമുക്ക് മസ്ജിദ് ജങ്‌ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് യാത്ര തുടരുന്ന രീതിയിലാണ് നിർദേശം.​


ഇതിനായി പ്രത്യേക സാമ്പത്തിക മേഖലയുടെ (സെസ്) ചുറ്റുമതിൽ അകത്തേക്ക് മാറ്റി പുനർനിർമിക്കണം. ഇക്കാര്യത്തിൽ സെസ് അധികൃതരുമായി ചർച്ച നടത്തും. ഈച്ചമുക്ക് ജങ്‌ഷനിലെ റോഡരികിലുള്ള കടകൾ മാറ്റുന്നതിനും വ്യാപാരികൾക്ക് പകരം സൗകര്യം ഒരുക്കുന്നതിനുമുള്ള നടപടികളും വേഗത്തിലാക്കും. സെൻട്രൽ എക്സൈസ് ഫ്ലാറ്റിനോടുചേർന്നുള്ള റവന്യു പുറമ്പോക്കുഭൂമി 99 വർഷത്തെ പാട്ടത്തിന് നഗരസഭയ്ക്ക് നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനാണ് തീരുമാനം. ഭൂമി ലഭിച്ചാൽ നഗരസഭ കടമുറികൾ നിർമിച്ച് വ്യാപാരികളെ പുനരധിവസിപ്പിക്കും.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home