പെട്ടമല ഉന്നതിയിൽ കുടിവെള്ളം മുട്ടിച്ച് പഞ്ചായത്ത്

പെട്ടമലയിലെ കുടിവെള്ളസംഭരണി
പെരുമ്പാവൂർ
പെട്ടമല പട്ടികജാതി ഉന്നതിയിലെ കുടിവെള്ളവിതരണം നിർത്തി. മോട്ടോർപുര അടച്ചുപൂട്ടി താക്കോലുമായി പഞ്ചായത്ത് ഭരണാധികാരികൾ പോയതിൽ പ്രതിഷേധം ശക്തമാകുന്നു. കുടിവെള്ളം കിട്ടാതെ പട്ടികവിഭാഗക്കാരായ അമ്പതോളം കുടുംബങ്ങളുൾപ്പെടെ 250 കുടുംബങ്ങളാണ് ദുരിതത്തിലായത്.
പഞ്ചായത്ത് പ്രസിഡന്റ് ഷൈനി വർഗീസും, വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ അജിത് കുമാറും പങ്കെടുത്ത് ഞായറാഴ്ച ഉപഭോക്തൃസമിതി യോഗം ചേർന്നിരുന്നു. യോഗത്തിൽ പങ്കാളിത്തം കുറഞ്ഞുപോയെന്നും വൈദ്യുതി നിരക്ക്, മറ്റു ചെലവുകൾ എന്നിങ്ങനെ നൽകേണ്ട 150 രൂപ ചില വീട്ടുകാർ കുടിശ്ശികയാക്കിയെന്നും പറഞ്ഞ് പമ്പിങ് നിർത്തിയെന്നാണ് പരാതിക്കാരായ പി കെ രജീഷ്, എ എസ് അശ്വതി, ധന്യ അനിൽ എന്നിവർ ആരോപിക്കുന്നത്.
വാർഡ് മെമ്പറും വൈസ് പ്രസിഡന്റുമായ അജിത് കുമാർ കൺവീനറായി പ്രവർത്തിക്കുന്ന ഗുണഭോക്തൃസമിതിയുടെ പേരിൽ ആറുലക്ഷം രൂപ ബാങ്കിൽ സ്ഥിരനിക്ഷേപമുണ്ട്. വൈദ്യുതി ചാർജ് ഇനത്തിൽ കുടിശ്ശികയില്ല. എന്നിട്ടും ജനങ്ങളെ വെല്ലുവിളിക്കുന്ന തീരുമാനമെടുത്തതിൽ വലിയ പ്രതിഷേധമുയർന്നു.
ഉന്നതിയിലെ അന്പതോളം വീട്ടുകാർക്ക് തിങ്കൾമുതൽ കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. പട്ടികജാതി വിഭാഗത്തെ ദ്രോഹിക്കുന്ന നിലപാട് തിരുത്തി കുടിവെള്ളവിതരണം പുനഃസ്ഥാപിക്കണമെന്ന് സിപിഐ എം മുടക്കുഴ ലോക്കൽ സെക്രട്ടറി കെ വി ബിജു ആവശ്യപ്പെട്ടു. കുടിവെള്ളവിതരണം ഉടൻ ആരംഭിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും അറിയിച്ചു.









0 comments