വെള്ളക്കെട്ടായി എസ്എൻ ജങ്ഷൻ – പാവയിൽകട റോഡ്

പൊട്ടിപ്പൊളിഞ്ഞ എസ്എൻ ജങ്ഷൻ– പാവയിൽകട റോഡ്
ചിറയിൻകീഴ്
ടാറും മെറ്റലുമിളകി പൊട്ടിപ്പൊളിഞ്ഞ് കിഴുവിലം പഞ്ചായത്തിലെ മുടപുരം എസ് എൻ ജങ്ഷൻ –പാവയിൽകട റോഡ്. ചെറുവള്ളിമുക്ക് -ആയുർവേദ ആശുപത്രി റോഡായ പിടിപി റോഡിലെ പാവയിൽകട ജങ്ഷനിൽനിന്നാരംഭിച്ച് കോരാണി -ചിറയിൻകീഴ് റോഡിലെ എസ് എൻ ജങ്ഷനിൽ ചെന്നെത്തുന്ന പാതയാണിത്. പഞ്ചായത്തിലെ 12, 13 വാർഡുകളിലൂടെ കടന്നു പോകുന്ന പാത മഴപെയ്താൽ മിക്ക ഭാഗവും വെള്ളക്കെട്ടായി മാറും. നൂറുകണക്കിന് വീട്ടുകാർക്ക് പുറമെ മറ്റു ദേശക്കാരും ആശ്രയിക്കുന്ന റോഡാണിത്. ഊരൂട്ടുമണ്ഡപം തമ്പുരാൻ ക്ഷേത്രം, തെന്നൂർക്കോണം ജങ്ഷനിലെ വിഇഒ ഓഫീസ്, കിഴുവിലം യുപി സ്കൂൾ, പോസ്‌റ്റോഫീസ്, പറയത്തുകോണം കുളം മുതലായ ഇടങ്ങളിലേക്ക് പോകുന്നതും ഇതു വഴിയാണ്. മുടപുരത്തുനിന്ന് മാമം വഴി നാഷണൽ ഹൈവേയിലും എളുപ്പമെത്താം. കാലപ്പഴക്കംകൊണ്ട് ടാറും മെറ്റലുമിളകി വലിയ ഗട്ടറുകൾ റോഡിൽ രൂപംകൊണ്ടിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ നിരന്തരം അപകടത്തിൽപ്പെടുന്നതിനൊപ്പം കാൽനടയാത്രയും ദുസ്സഹമാണ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ യുഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി ഒന്നും ചെയ്യുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡ് അടിയന്തരമായി റീടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.








0 comments